Wednesday - 22 April, 2026 4-Dhu al-Qadah-1447

ഇസ്ലാം ദീൻ പൂർണതയിലേക്ക്

   അറഫാ പുണ്യ ഭൂമിയിൽ വച്ചു നബി ﷺ തങ്ങൾക്കു ദിവ്യ സന്ദേശം ലഭിച്ചു. അതിന്റെ ആശയം ഇങ്ങനെയായിരുന്നു.


 “ഇന്നേ ദിവസം നിങ്ങൾക്കു ഞാൻ നിങ്ങളുടെ ദീൻ പൂർണമാക്കിത്തന്നിരിക്കുന്നു. നിങ്ങളുടെ മേൽ എന്റെ അനുഗ്രഹം

പൂർണമാക്കിത്തരികയും ഇസ്ലാമിനെ നിങ്ങൾക്കു ദീനായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.”


 നബിﷺതങ്ങൾ ഈ ഖുർആൻ വചനം അനുയായികളെ ഓതിക്കേൾപ്പിച്ചു. അവർക്ക് എന്തെന്നില്ലാത്ത സന്തോഷം. ഇസ്ലാം ദീൻ പൂർണമായിരിക്കുന്നു.

എന്നു തുടങ്ങിയ ദീനാണിത്..?


 ആദം (അ) മുതൽ ഓരോ പ്രവാചകനും ഇതു പ്രചരിപ്പിച്ചു.

ദീൻ വളർന്നു വന്നു. അന്ത്യപ്രവാചകനും അതേ ദീൻ പ്രചരിപ്പിച്ചു. ഇന്നു പരിപൂർണ്ണമായി...


 ഇനിയൊരു പ്രവാചകന്റെ ആവശ്യമില്ല. ഇനി പ്രവാചകന്മാർ വരികയില്ല. ദീൻ പരിപൂർണ്ണമായിരിക്കുന്നു.


 ആദം നബി (അ) മുതൽ എല്ലാ പ്രവാചകന്മാരും പ്രചരിപ്പിച്ചത് ഇസ്ലാം ദീൻ തന്നെയാകുന്നു...


 ഏകനായ അല്ലാഹുﷻവിൽ വിശ്വസിക്കാൻ അവർ ജനങ്ങളോടാവശ്യപ്പെട്ടു. മലക്കുകളിലും അന്ത്യനാളിലുമൊക്കെ അവർ

വിശ്വസിച്ചു. അവസാനകാലം അന്ത്യപ്രവാചകൻ (ﷺ) ആഗതനാകുമെന്നും

അവർക്കറിയാമായിരുന്നു. അല്ലാഹു ﷻ അവർക്കത് അറിയിച്ചു കൊടുത്തിരുന്നു.


 മുഹമ്മദ് നബിﷺതങ്ങൾ.  ആ പ്രവാചകൻ മുഴുവൻ ജനങ്ങളിലേക്കുമുള്ള പ്രവാചകനാണെന്നവർ മനസ്സിലാക്കി. എല്ലാ കാലത്തേക്കുമുള്ള പ്രവാചകൻ...


 മുൻകാല പ്രവാചകന്മാർ അങ്ങനെയായിരുന്നില്ല. ഒരു പ്രത്യേക കാലഘട്ടത്തിലേക്കുള്ള പ്രവാചകൻ. ഒരു പ്രത്യേക സമുദായത്തിലേക്കുള്ള പ്രവാചകൻ. അതായിരുന്നു അവരുടെ അവസ്ഥ. ഒരേ കാലത്തുതന്നെ രണ്ടു പ്രവാചകന്മാരുണ്ടായിട്ടുമുണ്ട്.


 അവരെല്ലാം പ്രചാരണം നടത്തിയിരുന്നത് ഇസ്ലാം തന്നെ.

ഇന്ന് ഇസ്ലാം ദീൻ പൂർത്തിയായി. ഇനി ദീനിൽ ഒരു വിധിയും വരാനില്ല. അല്ലാഹു ﷻ തൃപ്തിപ്പെട്ട ദീൻ.


 പരമാധികാരിയായ അല്ലാഹു ﷻ വിന്റെ കൽപനകൾക്കു കീഴ്പെട്ടു ജീവിക്കുക. ഈ ലോകത്തും പരലോകത്തും വിജയം.

ദീനിന്റെ പൂർത്തീകരണത്തിനു സാക്ഷികളാകാൻ കഴിഞ്ഞതിൽ

സ്വഹാബത്തിനു സന്തോഷം.

അബൂബക്കർ (റ) ദുഃഖം സഹിക്കാതെ കരഞ്ഞുപോയി..!


 എന്താ കാരണം..? ദീൻ പൂർത്തിയായാൽ പിന്നെ പ്രവാചകന്റെ സാന്നിധ്യം ആവശ്യമില്ല. അതിൽ നിന്നും പ്രവാചകൻ വിടപറയാൻ അടുത്തിരിക്കുന്നുവെന്നാണു സൂചന. അതു മനസ്സിലാക്കാൻ അബൂബക്കർ സിദ്ദീഖ് (റ) വിനു കഴിഞ്ഞു...