മലയുടെ മുകളിലിരിക്കുന്ന ബാക്കി ഏഴുപേരും ഇറങ്ങിവരാൻ തയ്യാറായില്ല. വലിയൊരു മലയുടെ മുകൾഭാഗത്തു പെട്ടുപോയ നിരായുധരായ ഏഴുപേർ.
അവർക്കുനേരെ ശത്രുക്കൾ അമ്പുകൾ തൊടുത്തു. ഉന്നംവച്ച് അമ്പുകൾ പറന്നുവരാൻ തുടങ്ങി.
ചെങ്കുത്തായ മലയിലൂടെ അവർ ഓടുന്നു. കൂരമ്പുകൾ ശരീരത്തിൽ തുളഞ്ഞുകയറുന്നു. തിരിച്ചൊന്നും ചെയ്യാൻ കഴിയുന്നില്ല...
അമ്പുകൾ തുരുതുരാ വന്നുകൊണ്ടിരിക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗത്തും അതു തുളച്ചു കയറുന്നു. രക്തത്തിൽ കുളിച്ചു. പാദങ്ങൾ ഉറക്കുന്നില്ല. ദാഹം, പരവേശം. ഒരിറ്റു വെള്ളം എവിടെനിന്നു കിട്ടാൻ..? ആസിം(റ) വീണുപോയി. വീണ കിടപ്പിൽ കിടന്നുകൊണ്ട് ഇങ്ങനെ ദുആ ചെയ്തു.
“അല്ലാഹുവേ, ഞങ്ങളുടെ ദയനീയമായ ഈ അവസ്ഥ നിന്റെ റസൂലിനെ നീ അറിയിക്കേണമേ..!”
ലാഇലാഹ ഇല്ലല്ലാഹ്... ആസ്വിം(റ) അന്ത്യശ്വാസം വലിച്ചു. ആ പുണ്യശരീരത്തിനു ഒരു കൂട്ടം കടന്നലുകൾ കാവൽ നിൽക്കുന്നതായി പിന്നീടു കണ്ടെത്തി...
മലയുടെ മുകളിൽ ഓരോരുത്തരായി പിടഞ്ഞു വീണു. എല്ലാവരും രക്തസാക്ഷികളായി. റജീഇന്റെ ദുഃഖം. റജീഇന്റെ ശാപം...
എല്ലാവരും മരണപ്പെട്ടുവെന്ന് ഉറപ്പായപ്പോൾ ബന്ദികളെയും കൊണ്ടു യാത്ര തുടങ്ങി. എങ്ങോട്ടാണീ യാത്ര..?
എന്താണു ലക്ഷ്യം..?
മറൂസ്സഫ്റാൻ എന്ന സ്ഥലത്തെത്തി.
അബ്ദുല്ലാഹി ബ്നു താരിഖ്(റ) ചോദിച്ചു. “എങ്ങോട്ടാണു പോകുന്നത്..? എന്തിനാണു ഞങ്ങളെ കൊണ്ടുപോകുന്നത്..?”
“മിണ്ടരുത്, മര്യാദയ്ക്ക് നടന്നോളു..”
“എന്തു തെറ്റിനാണു ഞങ്ങളെ ശിക്ഷിക്കുന്നത്..?”
ഈ ചോദ്യങ്ങളൊന്നും അവർക്ക് ഇഷ്ടപ്പെട്ടില്ല. അവർ ആ സ്വഹാബിവര്യനെ അവിടെവച്ചു വധിച്ചു. വഞ്ചകന്മാരുടെ ക്രൂരത.
സത്യത്തിന്റെ ശത്രുക്കൾ കാണിച്ച കൊടും ക്രൂരത..!!
പിന്നെയും യാത്ര തുടർന്നു. മക്കയിലെത്തി. അവിടെ അടിമകളാക്കി വിറ്റു. ഇസ്ലാമിന്റെ ശത്രുക്കൾ അവരോടു ചോദിച്ചു...
“മുഹമ്മദിനെ ഉപേക്ഷിക്കാൻ നിങ്ങൾ തയ്യാറാണോ.. എങ്കിൽ നിങ്ങളെ വിട്ടയയ്ക്കാം...
“ഒരിക്കലുമില്ല. അല്ലാഹുﷻവിനും റസൂലിനും വേണ്ടി ജീവിതം
അർപ്പിച്ചവരാണു ഞങ്ങൾ... - അവർ ദൃഢസ്വരത്തിൽ പറഞ്ഞു...
“നിങ്ങളെ ഇഞ്ചിഞ്ചായി വധിക്കും. മുഹമ്മദിനെ ഉപേക്ഷിച്ചാൽ വെറുതെ വിടാം... - ശത്രുക്കൾ പ്രേരിപ്പിച്ചു...
“അങ്ങനെയൊരു ജീവിതം ഞങ്ങൾക്കു വേണ്ട.” സയ്ദിനെ അവർ ക്രൂരമായി മർദിച്ചു. ഇസ്ലാമിൽ നിന്നു മടക്കാൻ കഠിന ശ്രമം നത്തി. മരണം കാത്തുകിടന്നു. അവസാനം വധിക്കപ്പെട്ടു...
പത്തുപേരിൽ ഒരാൾ മാത്രം ബാക്കി.
ഖുബയ്ബ് (റ). കൊലക്കയറിന്റെ കൊളുത്തു തന്നെ നോക്കിച്ചിരിക്കുന്നു. ശിരസിൽ കുടുങ്ങാനുള്ള കൊളുത്ത്. കൊലമരത്തിന്റെ ചുവട്ടിൽ കൊണ്ടുവന്നു നിറുത്തി. ശ്രത്രുക്കൾ ചോദിച്ചു: “നിനക്കു പകരം മുഹമ്മദിനെ ഈ കൊലമരത്തിൽ കയറ്റുന്നതു നിനക്കു സമ്മതമല്ലേ..?”
“ഇല്ല, എന്റെ ജീവനു പകരമായി അല്ലാഹുﷻവിന്റെ റസൂലിന്റെ കാലിൽ ഒരു മുള്ളു തറക്കുന്നതുപോലും ഞാൻ ഇഷ്ടപ്പെടുന്നില്ല.” - ഖുബയ്ബ് (റ)വിന്റെ മറുപടി...
“ധിക്കാരീ... നിന്റെ ശരീരത്തിലെ അവയവങ്ങൾ ഓരോന്നോരോന്നായി ഞങ്ങൾ മുറിച്ചെടുക്കും. നോക്കിക്കോ..!”
ഖുബയ്ബ് (റ) ശാന്തനായി ഇങ്ങനെ പാടി.
فَلَسْتُ أُبَالِي حِينَ أُقْتَلُ مُسْلِمًا
عَلَى أَىِّ جَنْبٍ كَانَ لِلَّهِ مَصْرَعِي
“ഫ ലസ്തു ഉബാലീ ഹീന-
ഉഖ്തലു മുസ്ലിമൻ,
അലാ അയ്യി ജൻബിൻ കാന-
ലില്ലാഹി മസ്റൻ.”
(മുസ്ലിമായി ഞാൻ വധിക്കപ്പെടുമ്പോൾ, ഏതു ഭാഗത്തേക്കാണ് വീഴുന്നത് എന്നതു പ്രശ്നമല്ല. അതു അല്ലാഹുﷻവിനു
വേണ്ടിയാകുന്നു.)
ആ പദ്യം തുടർന്നു. ശത്രുക്കൾക്ക് അതുകേട്ടു സഹിക്കാനാവുന്നില്ല. അവർ സമുന്നതനായ സ്വഹാബിവര്യനെ ക്രൂരമായി വധിച്ചു. അദ്ദേഹത്തിന്റെ പുണ്യരക്തം ചിതറിവീണു മണൽത്തരികൾ ചുവപ്പണിഞ്ഞു...
ഇസ്ലാമിക ചരിത്രത്തിൽ പത്തു സ്വഹാബികൾ അനശ്വരരായി...