Wednesday - 22 April, 2026 4-Dhu al-Qadah-1447

ചതിക്കുഴിയിൽ (1)

   ഹിജ്റ നാലാം വർഷത്തിൽ ദുഃഖകരമായ രണ്ടു സംഭവങ്ങൾ നടന്നു.


 ഒരു ദിവസം ആറാളുകൾ അടങ്ങുന്ന ഒരു സംഘം നബിﷺതങ്ങളെ കാണാൻ വന്നു. അള്ൽ, ഖാറത് എന്നീ വർഗ്ഗക്കാരായിരുന്നു അവർ.

അവർ പ്രവാചകന്റെ (ﷺ) മുമ്പിൽ വന്ന് ഇങ്ങനെ പറഞ്ഞു:


 “അല്ലാഹുﷻവിന്റെ റസൂലേ, ഞങ്ങൾ ഇസ്ലാംമതം സ്വീകരിച്ചവരാണ്. ഞങ്ങളുടെ ഗോത്രക്കാർക്ക് ഇസ്ലാംമതത്തെപ്പറ്റി വിവരമില്ല. ആരാധനാകർമ്മങ്ങൾ ചെയ്യാനറിയില്ല. അതുകൊണ്ടു ഞങ്ങൾക്കു ദീൻ കാര്യങ്ങൾ പഠിപ്പിച്ചുതരാൻവേണ്ടി ചിലരെ അയച്ചുതരണം...”


 നബിﷺതങ്ങൾ പത്തു സ്വഹാബികളെ അവരോടൊപ്പം അയയ്ക്കാൻ തീരുമാനിച്ചു.


 ആസിം ബ്നു സാബിത് (റ) ആ സംഘത്തിന്റെ നേതാവായി

നിയോഗിക്കപ്പെട്ടു. സംഘം അവരോടൊപ്പം പുറപ്പെട്ടു...


 മക്കയുടെയും അസ്ഫഹാനിന്റെയും ഇടയിലുള്ള ഒരു സ്ഥലമാണ് റജീഅ്. സംഘം റജീഇലെത്തി. അവിടെ എത്തിയപ്പോൾ തങ്ങൾ വഞ്ചിക്കപ്പെട്ടതായി മുസ്ലിം സംഘത്തിനു മനസ്സിലായി. തങ്ങളെ കൂട്ടിക്കൊണ്ടു വന്നവർ മുസ്ലിംകളല്ല. പ്രവാചകരുടെ (ﷺ) മുമ്പിൽ അവർ മുസ്ലിംകളായി അഭിനയിക്കുകയായിരുന്നു.


 റജീഅ് പ്രദേശത്തേക്ക് ആയുധധാരികളായ യോദ്ധാക്കൾ

ഓടിവരുന്നു. ഇരുന്നൂറോളം ആളുകളുണ്ട്. രക്ഷപ്പെടാൻ ഒരു മാർഗവും കാണുന്നില്ല..!!


 ശത്രുക്കൾ അടുത്ത നിമിഷത്തിൽ തങ്ങളെ വളയും. വാളിനിരയാക്കും.

സമീപത്ത് ഒരു മല കാണുന്നുണ്ട്. സ്വഹാബികൾ പത്തുപേരുംകൂടി മലയുടെ മുകളിലേക്കു പാഞ്ഞുകയറി. ശത്രുക്കൾ മലയുടെ താഴെ കൂട്ടംകൂടി നിന്നു...


 നിസ്സഹായരായ പത്തുപേർ മുകളിൽ നിൽക്കുന്നു..! ആയുധമണിഞ്ഞ ഒരു സൈന്യം താഴെ നിൽക്കുന്നു. അല്ലാഹുﷻവിലും അന്ത്യറസൂലിലും വിശ്വസിച്ചതിന്റെ പേരിൽ പത്തുപേരുടെ ജീവൻ അപകടത്തിലാണ്...


 “നിങ്ങൾ മലയുടെ മുകളിൽ നിന്ന് ഇറങ്ങിവരിക. ഞങ്ങൾ യാതൊരുപദ്രവവും ചെയ്യില്ല...”  - ശത്രുക്കൾ വിളിച്ചുപറഞ്ഞു.


 മുസ്ലിംകൾ ഇറങ്ങാൻ തയ്യാറായില്ല. മരണത്തിലേക്കാണു ശ്രതുക്കൾ തങ്ങളെ ക്ഷണിക്കുന്നത്.


 “നിങ്ങൾ ഇറങ്ങിവരണം. അല്ലെങ്കിൽ അമ്പെയ്തുവിടും...” ശ്രതുക്കൾ ഭീഷണി മുഴക്കി. 


 അവർ കോപാകുലരായി മാറിക്കൊണ്ടിരുന്നു. അവർ കഠിന പദങ്ങൾ ഉപയോഗിച്ചുതുടങ്ങി. പ്രവാചകനെയും (ﷺ) ഇസ്ലാംമതത്തെയും അപഹസിച്ചുകൊണ്ടിരുന്നു...


 “ഇറങ്ങിവരുന്നതാണു നല്ലത്. അല്ലെങ്കിൽ കൊന്നുകളയും...” അവർ വീണ്ടും വിളിച്ചുപറഞ്ഞു..!!


 മൂന്നുപേർ മലയിൽ നിന്നു താഴോട്ടിറങ്ങാൻ തീരുമാനിച്ചു.

മറ്റുള്ളവർ ഇറങ്ങിയില്ല.

ഖുബയ്ബ് ബ്നു അദിയ്യ്(റ), സയ്ദ് ബ്നു ദൂസനത്(റ), അബ്ദുല്ലാഹിബ്നു താരിഖ് (റ). ഇവർ മൂന്നുപേരാണു താഴോട്ടിറങ്ങിയത്...


 അവർ മലയിറങ്ങാൻ തുടങ്ങിയതോടെ ശത്രുക്കൾ സന്തോഷംകൊണ്ടു തുള്ളിക്കളിക്കാൻ തുടങ്ങി. ആഹ്ലാദനൃത്തം ചവിട്ടി. താഴെയെത്തേണ്ട താമസം അവർ ബന്ധിതരായി. ഇനി രക്ഷയില്ല...