ലോകത്ത് അടിമവ്യാപാരം നടക്കുന്ന കാലം. പല നാടുകളിലും അടിമച്ചന്തകൾ നിലനിന്നിരുന്നു. അവിടെ ആണുങ്ങളും പെണ്ണുങ്ങളും വിൽക്കപ്പെട്ടു. മൃഗങ്ങളെപ്പോലെ.
അടിമച്ചന്തകളിൽ അടിമകളെ വിലപേശി വാങ്ങാം. നല്ല ആരോഗ്യമുള്ള പുരുഷന്മാർക്ക് നല്ല വില കൊടുക്കണം. സൗന്ദര്യമുള്ള സ്ത്രീകൾക്കും വില കൂടുതലാണ്.
വിലയ്ക്ക് വാങ്ങിയ അടിമയെക്കൊണ്ടു മൃഗത്തെപ്പോലെ ജോലി ചെയ്യിക്കാം, ആരും ചോദിക്കാനില്ല. യജമാനന്മാർ അടിമകളുടെ മുഖത്ത് ആഞ്ഞടിക്കും.
അടിമ വേദനകൊണ്ടു പുളയും. ആരുടെയും മനസ്സ് ഇളകില്ല.
അടിമയെ പ്രഹരിക്കുന്നത് ഉടമസ്ഥന്റെ അവകാശം.
പെണ്ണുങ്ങളുടെ കാര്യം പരമദയനീയം,
സുന്ദരിമാരെ വിലയ്ക്കു വാങ്ങാം. ഭരണാധികാരികൾക്കും സേനാനായകന്മാർക്കും മറ്റും ഈ
പെണ്ണുങ്ങളെ സമ്മാനമായി നൽകും, കുതിരകളെയും മറ്റും സമ്മാനിക്കുന്നതുപോലെ.
നബിﷺതങ്ങൾ ഇതിനെതിരെ ശബ്ദമുയർത്തി. അടിമകളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി. നബിﷺതങ്ങൾ ഇങ്ങനെ പ്രഖ്യാപിച്ചു: “അടിമകളോടു സ്നേഹത്തോടെ പെരുമാറണം. യജമാനൻ കഴിക്കുന്ന അതേ ഭക്ഷണം അടിമയ്ക്കും നൽകണം. യജമാനൻ ധരിക്കുന്നതുപോലുള്ള വസ്ത്രം അടിമയ്ക്കും നൽകണം. ധനം കൊണ്ടോ തറവാടുകൊണ്ടോ നിറംകൊണ്ടോ ഒരാളും ഉന്നതനായിത്തീരുന്നില്ല. തഖ് വ (ഭയഭക്തി) കൊണ്ടു മാത്രമാണു
മനുഷ്യൻ ഉന്നതനായിത്തീരുന്നത്.”
അബൂമസ്ഊദുൽ അൻസ്വാരി(റ) ഒരു സംഭവം വിവരിക്കുന്നു. നമുക്കതു ശ്രദ്ധിക്കാം: എനിക്കൊരു അടിമയുണ്ടായിരുന്നു. കഠിനാധ്വാനം ചെയ്യും. ചിലപ്പോൾ ജോലി എനിക്കു തൃപ്തിയാവില്ല. ഞാൻ നല്ല അടി കൊടുക്കും. അടിമയെ അടിക്കുന്നത് ഒരു സാധാരണ സംഭവം. എനിക്കതിൽ ഒരു വിഷമവും തോന്നിയിരുന്നില്ല.
പതിവുപോലെ ഞാൻ അടിമയെ അടിക്കുകയായിരുന്നു. വേദനകൊണ്ട് അവൻ പുളഞ്ഞു. പെട്ടെന്നു പിന്നിൽ നിന്നൊരു ശബ്ദം..!!
ഞാൻ ഞെട്ടിത്തിരിഞ്ഞുനോക്കി. നബിﷺതങ്ങൾ..! പ്രവാചകൻ ﷺ എന്തോ പറയുന്നു.
ഞാൻ പ്രഹരം മതിയാക്കി, പ്രവാചകന്റെ (ﷺ) വാക്കുകൾ ശ്രദ്ധിച്ചു. “അബൂമസ്ഊദ്, അറിഞ്ഞുകൊള്ളുക, നിനക്ക് ഈ അടിമയിൽ അവകാശമുള്ളതുപോലെ അല്ലാഹുﷻവിനു നിന്നിലും അവകാശമുണ്ട്, ഈ അടിമയിൽ നിനക്ക് എത്രത്തോളം അവകാശമുണ്ടോ അത്രത്തോളം അവകാശം നിന്റെ മേൽ നിന്റെ സൃഷ്ടാവിനുമുണ്ട്...”
പ്രവാചകരുടെ വാക്കു കേട്ടു ഞാൻ ഞെട്ടിപ്പോയി. എന്റെ മനസ്സു വല്ലാതെ കിടുകിടുത്തു. അടിമയെ അടിച്ചതുകാരണം ഞാൻ അല്ലാഹുﷻവിന്റെ കോപത്തിന് ഇരയായിത്തീർന്നിരിക്കുന്നു.
ഇനി എന്താണു രക്ഷാമാർഗം..?