Wednesday - 22 April, 2026 4-Dhu al-Qadah-1447

കാപട്യം സൂക്ഷിക്കുക

   സത്യവിശ്വാസി നിഷ്കളങ്കനായിരിക്കും. അയാളുടെ മനസ്സിൽ കളങ്കമുണ്ടാവില്ല. കളങ്കമില്ലാത്ത വാക്കുകളും പ്രവൃത്തികളും മാത്രമേ സത്യവിശ്വാസിയിൽ നിന്നുണ്ടാവുകയുള്ളൂ.


 ചിലർ വിശ്വാസികളായി ജീവിക്കുന്നു.

അവരുടെ വാക്കുകളും പ്രവൃത്തികളും വിശ്വാസികൾക്കു യോജിച്ചതല്ല. ഇങ്ങനെ നമുക്കനുഭവപ്പെടാറുണ്ട്. ഇവർ കപടന്മാരാകുന്നു. നാവുകൊണ്ടു സത്യവിശ്വാസിയാണെന്നു പറയുക. സത്യവിശ്വാസത്തിനെതിരായ പ്രവർത്തനങ്ങൾ അയാളിൽ നിന്നുണ്ടാവുക. അയാൾ കപടവിശ്വാസിയാകുന്നു.


 കാപട്യത്തിനു നാലു ലക്ഷണങ്ങൾ പറഞ്ഞിട്ടുണ്ട്. അവ നാം മനസ്സിലാക്കിവയ്ക്കണം. ഇതു സംബന്ധമായ ഒരു നബിവചനം അബ്ദുല്ലാഹി ബ്നു ഉമർ(റ) നിവേദനം ചെയ്തിട്ടുണ്ട്. അതു താഴെ കൊടുക്കാം. 


 അബ്ദുല്ലാഹി ബ്നു ഉമർ(റ)വിൽ നിന്നു നിവേദനം. നബി ﷺ പറഞ്ഞു: “നാലു ദുർഗുണങ്ങളുണ്ട്. അവ ആരിലുണ്ടോ അവൻ തനി കപടവിശ്വാസിയാകുന്നു. അവയിൽനിന്ന് ഒരു ദുർഗുണം ഉള്ളവൻ അതുപേക്ഷിക്കുന്നതുവരെ കാപട്യത്തിന്റെ ദുർഗുണങ്ങളിൽ ഒന്ന് ഉൾക്കൊണ്ടവൻ തന്നെയായിരിക്കും.

വിശ്വസിച്ചാൽ വഞ്ചിക്കുക. സംസാരിച്ചാൽ കളവു പറയുക. വാഗ്ദത്തം ചെയ്താൽ ലംഘിക്കുക.

പിണങ്ങിയാൽ തെറി പറയുക. ഇതാണു നാലു ദുർഗുണങ്ങൾ."

എത്ര ഗൗരവമുള്ള നബി വചനമാണിത്...


 ഒരാളിൽ ഈ നാലു ദുർഗുണങ്ങൾ വന്നുപെട്ടാൽ അവൻ നശിച്ചതുതന്നെ. അവനെ മറ്റുള്ള മനുഷ്യർ വെറുക്കും. അല്ലാഹു ﷻ അവനെ വെറുക്കും. അന്ത്യനാളിൽ വേദനാജനകമായ ശിക്ഷ അവൻ അനുഭവിക്കും.


 കപടന്മാർ ആദ്യമൊക്കെ ആളുകളെ തെറ്റിദ്ധരിപ്പിച്ചു ചില വിജയങ്ങളൊക്കെ കൈവരിക്കും. പക്ഷേ, അതു നിലനിൽക്കില്ല. അവന്റെ കാപട്യം ജനം മനസ്സിലാക്കും. അതോടെ അവൻ ഒറ്റപ്പെടും. എല്ലാവരാലും വെറുക്കപ്പെടുകയും നിരാശയിൽ നിപതിക്കുകയും ചെയ്യും.


 അബൂഹുറയ്റ(റ)വിൽ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസുകൂടി ഇവിടെ അനുസ്മരിക്കാം. കാപട്യത്തിന്റെ മൂന്നു ലക്ഷണങ്ങളാണു വിവരിക്കുന്നത്. നബിവചനം താഴെ കൊടുക്കുന്നു.


 നബിﷺതങ്ങൾ പറഞ്ഞു:  “കപടവിശ്വാസിയുടെ ലക്ഷണങ്ങൾ മൂന്നെണ്ണമാകുന്നു. സംസാരിച്ചാൽ കള്ളം പറയുക, വാഗ്ദത്തം ചെയ്താൽ ലംഘിക്കുക, വിശ്വസിച്ചാൽ ചതിക്കുക.”


 സ്വാർത്ഥ ലാഭങ്ങൾക്കു വേണ്ടി കള്ളം പറയുകയും വാക്കു പാലിക്കാതിരിക്കുകയും വിശ്വസിച്ചവരെ ചതിക്കുകയും ചെയ്യുന്ന നിരവധിയാളുകളെ നാം കാണുന്നു. ഇവർ കാപട്യത്തിന്റെ ശക്തികളാകുന്നു. അല്ലാഹുﷻവിന്റെ ശത്രുക്കളാകുന്നു. 


 എന്തൊക്കെ പ്രലോഭനങ്ങളുണ്ടായാലും ഈ ശക്തികളെ പിന്തുടരാൻ പാടില്ല. അവരെ അംഗീകരിക്കരുത്. ഒരു വാക്കുകൊണ്ടുപോലും അവരെ സഹായിക്കരുത്. അവർക്കനുകൂലമായ നിലപാടു സ്വീകരിച്ച സത്യവിശ്വാസി

വഴിതെറ്റിപ്പോകും. വിശ്വാസം തകർന്നുപോകും.


 ഇതു വ്യക്തമാക്കുന്ന ധാരാളം നബിവചനങ്ങളുണ്ട്. ചില പ്രസിദ്ധമായ നബിവചനങ്ങൾ കാണുക: “സത്യവിശ്വാസിയായിക്കൊണ്ടു മോഷ്ടാവ് മോഷ്ടിക്കുകയില്ല.”


“സത്യവിശ്വാസിയായിക്കൊണ്ടു മദ്യപാനി മദ്യപിക്കുകയില്ല.”


“ജനങ്ങൾ നോക്കിനിൽക്കേ, അവരെ ഭയപ്പെടുത്തി ധനം കവർന്നെടുക്കുന്നവൻ സത്യവിശ്വാസിയായിക്കൊണ്ട് അതു

ചെയ്യുകയില്ല.”


 ഒരു കാര്യം പ്രത്യേകം ഓർക്കണം. സൽകർമങ്ങൾ ചെയ്യുമ്പോൾ ഈമാൻ ശക്തിപ്പെടും. പാപകൃത്യങ്ങൾ ചെയ്യുമ്പോൾ ഈമാൻ ദുർബലമായിത്തീരും.


 സൽകർമങ്ങൾ വർധിപ്പിക്കണം. കാപട്യം വരുന്നതു സൂക്ഷിക്കണം. വളരെയേറെ സൂക്ഷിക്കണമെന്നു നബിﷺതങ്ങൾ പറഞ്ഞിട്ടുണ്ട്.