Wednesday - 22 April, 2026 4-Dhu al-Qadah-1447

കത്തിലെ രഹസ്യം (1)

   ഉശയ്റൽ നിന്നു നബിﷺതങ്ങളും സ്വഹാബത്തും മദീനയിൽ മടങ്ങിയെത്തി. ശാമിൽനിന്ന് അബൂസുഫ്യാൻ മടങ്ങി വരുമ്പോൾ നേരിടണം എന്ന തീരുമാനത്തിലാണ്.


 ഇതിനിടയിൽ മറ്റൊരു സംഭവം നടന്നു. മുസ്ലിംകളെ പ്രകോപിപ്പിക്കാൻ വേണ്ടിയാണതു നടത്തിയത്...


 ഖുർസുബ് ജാബിറിൽ ഹിഫ് രി. ഇസ്ലാമിന്റെ ഒരു ശത്രുവിന്റെ പേരാണത്. ഖുറയ്ശികളുമായി സഖ്യത്തിൽ ഏർപ്പെട്ടിട്ടുള്ള ആളാണ്. അയാൾ മദീനയുടെ താഴ്ഭാഗങ്ങളിൽ വന്നു. മദീനക്കാരുടെ ധാരാളം ഒട്ടകങ്ങളെയും ആടുമാടുകളെയും കൊള്ളയടിച്ചു കടന്നുകളഞ്ഞു.

മദീനക്കാരെ രോഷം കൊള്ളിച്ച സംഭവം.


 നബിﷺതങ്ങൾ തന്നെ ആ ദ്രോഹിയെ നേരിടാൻ ഇറങ്ങി. മദീനയുടെ ഭരണകാര്യങ്ങൾ നോക്കാൻ സയ്ദ് ബ്നു ഹാരിസ്(റ)വിനെ നിയോഗിച്ചിട്ടാണു പ്രവാചകനും (ﷺ) അനുയായികളും പുറപ്പെട്ടത്. 


 ബദ്റിനു സമീപമുള്ള ഒരു പ്രദേശമാണു സഫ് വാൻ. സഫ് വാൻ താഴ് വര വരെ മുസ്ലിംകൾ ചെന്നെങ്കിലും ഖുർസിബിനെയോ കൊള്ളയടിക്കപ്പെട്ട മൃഗങ്ങളെയോ കണ്ടത്താനായില്ല. അവർ മദീനയിലേക്കുതന്നെ മടങ്ങി.


 ബദ്റിനു സമീപംവരെ ചെന്നതുകൊണ്ടാവാം. ചരിത്രകാരന്മാർ ഈ സംഭവത്തെ ഒന്നാം ബദ്ർ എന്നു വിളിക്കുന്നു. 


 ഇനി സുപ്രധാനമായ മറ്റൊരു സംഭവം പറയാം. അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)വിനോടു നബിﷺതങ്ങൾ

ഇങ്ങനെ പറഞ്ഞു: “താങ്കളെ ഞാനൊരു ദൗത്യം ഏൽപിക്കുന്നു. താങ്കൾ ഒരു സംഘത്തിന്റെ നേതാവാണ്. താങ്കളും സംഘവും രണ്ടു ദിവസം തുടർച്ചയായി സഞ്ചരിക്കണം. അതിനുശേഷം ഈ കത്തു പൊട്ടിച്ചു വായിക്കണം. എന്നിട്ട് കത്തിൽ പറഞ്ഞതുപോലെ

പ്രവർത്തിക്കണം.”


 അത്ഭുതകരമായ നിർദേശം. ഈ സംഘം എങ്ങോട്ടു പോകുന്നു എന്നു മദീനയിലെ ജൂതന്മാരോ മുനാഫിഖുകളോ അറിയരുത്. സംഘത്തിലുള്ളവർക്കുതന്നെയും അറിയരുത്. കത്ത് സംഘം നേതാവിന്റെ കയ്യിൽ കൊടുത്തു. 


“ഏതു ഭാഗത്തേക്കാണു റസൂലേ ഞങ്ങൾ യാത്ര ചെയ്യേണ്ടത്..?” സംഘത്തലവൻ ചോദിച്ചു.


“റകിയ്യയുടെ ഭാഗത്തേക്കു നീങ്ങുക. എന്നിട്ടു നജ്ദിയ്യയിലേക്കു പ്രവേശിക്കുക” നബി ﷺ പറഞ്ഞു.


 നബി ﷺ നിർദേശിച്ച മലമ്പാതയിലൂടെ അവർ സഞ്ചരിച്ചു. രണ്ടു ദിവസത്തെ യാത്രക്കുശേഷം അവർ കത്തു തുറന്നു വായിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു.


 “എഴുത്തു വായിച്ചുകഴിഞ്ഞാൽ മക്കയ്ക്കും ത്വാഇഫിനും ഇടക്കുള്ള നഖ്ലവരെ പോകുക. അവിടെനിന്നു ഖുറയ്ശികളുടെ നീക്കങ്ങൾ നിരീക്ഷിക്കുക. നമുക്കു റിപ്പോർട്ട് എത്തിക്കുക.”


 കത്തിലെ നിർദേശം വളരെ വ്യക്തമാണ്. ഖുറയ്ശികളുടെ നീക്കം നിരീക്ഷിച്ചു റിപ്പോർട്ടു ചെയ്യുക. അതു മാത്രമാണ് അവരുടെ ദൗത്യം. കൂടെ വരാൻ ആരെയും നിർബന്ധിക്കരുതെന്നും എഴുതിയിട്ടുണ്ടായിരുന്നു.


 അബ്ദുല്ലാഹിബ്നു ജഹ്ശും സംഘവും നഖ്ലയിലെത്തി. ഖുറയ്ശി സംഘങ്ങൾ വരുന്നുണ്ടോയെന്നു നിരീക്ഷണം നടത്തി. ഒരു ചെറിയ വ്യാപാരസംഘം അതുവഴി വരുന്നുണ്ടായിരുന്നു...


 അംറ് ബ്നു ഹള്റമിയാണു നേതാവ്. ഇരുകൂട്ടരും പരസ്പരംകണ്ടു. അവർ വികാരഭരിതരായി. മക്കയിൽ വച്ചു മുസ്ലിംകളെ ക്രൂരമായി മർദിച്ചവർ അക്കൂട്ടത്തിലുണ്ട്. തങ്ങളുടെ ഭാര്യമാരെയും സന്താനങ്ങളെയും തടഞ്ഞുവച്ചവർ, തങ്ങളുടെ സ്വത്തു സ്വന്തമാക്കിയവർ.


 അബ്ദുല്ലാഹിബ്നു ജഹ്ശും കൂട്ടരും വല്ലാതെ അസ്വസ്ഥരായി. ആക്രമണത്തിന്റെ വക്കിലാണ് ഇരുകൂട്ടരും. പെട്ടെന്ന് ആരോ ഒരാൾ അമ്പെയ്തു. അത് അംറ് ബ്നു ഹള്റമിയെ താഴെ വീഴ്ത്തി. അൽപം കഴിഞ്ഞ് അയാൾ അന്ത്യശ്വാസം വലിച്ചു..!


 ഖുറയ്ശികളിൽ രണ്ടുപേരെ തടവുകാരാക്കി. ബാക്കിയുള്ളവർ ഓടിരക്ഷപ്പെട്ടു. കുറച്ചു ചരക്കും കൈവശമാക്കി. തുകലും മദ്യവും മുന്തിരിയും മറ്റുമായിരുന്നു ചരക്കുകൾ. കുറച്ച് ഒട്ടകങ്ങളുണ്ട്...


 ചരക്കും തടവുകാരുമായി മുസ്ലിംസംഘം മദീനയിലെത്തി. അവർ പ്രവാചകനോടു (ﷺ) വിവരം പറഞ്ഞു.


 പ്രവാചകൻ ﷺ അസന്തുഷ്ടി പ്രകടിപ്പിച്ചു. കൽപിക്കാത്ത കാര്യം ചെയ്തിരിക്കുന്നു. യുദ്ധം നിഷിദ്ധമായ മാസമായിരുന്നു അത് എന്നും അഭിപ്രായമുണ്ട്.


“ഇതൊന്നും ചെയ്യാൻ ഞാൻ നിങ്ങൾക്ക് അനുവാദം തന്നിട്ടില്ല.” പ്രവാചകൻ ﷺ ഗൗരവത്തോടെ പറഞ്ഞു...