Wednesday - 22 April, 2026 4-Dhu al-Qadah-1447

വിശ്വാസികളുടെ മാതാക്കൾ (5)

 ഉമ്മുൽ മസാകീൻ


   സൈനബ് ബിൻത് ഖുസൈമ (റ). അവരുടെ സ്ഥാനപ്പേര് ഉമ്മുൽ മസാകീൻ. നുബുവ്വത്തിനു പതിനാലു വർഷം മുമ്പു ജനനം. ഹിലാൽ ഗോത്രത്തിന്റെ ഓമനപുത്രി. പിതാവ് ഖുയസ്മ ബ്നു ഹാരിസ്. മാതാവ് ഹിന്ദ് ബിൻത് ഔഫ്. 


 അബ്ദുല്ലാഹി ബ്നു ജഹ്ശി (റ). ധീരനായ സ്വഹാബിവര്യൻ അദ്ദേഹമായിരുന്നു സയ്നബിന്റെ ഭർത്താവ്. ഉഹ്ദ് യുദ്ധത്തിലേക്കു മുസ്ലിം സൈന്യം നീങ്ങുമ്പോൾ അബ്ദുല്ലാഹിബ്നു ജഹ്ശി (റ) കൂട്ടത്തിലുണ്ട്. ധീരമായി പോരാടി ഉഹ്ദിൽ ശഹീദായി. സയ്നബ് വിധവയായി. കഠിനമായ ദുഃഖം ദാരിദ്ര്യം. അഭയം നഷ്ടപ്പെട്ട വിധവ... 


 പ്രവാചകൻ ﷺ അവരുടെ ദയനീയാവസ്ഥ പരിഗണിച്ചു. സൈനബിനെ വിവാഹം ചെയ്തു. പാവപ്പെട്ടവരെ കണ്ടാൽ മനസ്സലിയും. ഉള്ളതെല്ലാം കൊടുക്കും. ഈ ശീലം അവർക്കൊരു സ്ഥാനപ്പേരു നേടിക്കൊടുത്തു. "ഉമ്മുൽ മസാകീൻ" (ദരിദ്രരുടെ മാതാവ്)...


 വിശ്വാസികളുടെ മാതാവ് പിന്നീട് ഏറെ നാൾ ജീവിച്ചില്ല. നബി ﷺ തങ്ങളുടെ ഭാര്യയായി കൂടുതൽ വൈകാതെ വഫാത്തായി...


 ഹിജ്റ മൂന്നാം കൊല്ലത്തിൽ മരണപ്പെടുമ്പോൾ വയസ് മുപ്പത്. നബി ﷺ ജനാസ നിസ്കരിച്ചു. പ്രവാചകൻ ﷺ തന്നെ മയ്യിത്തു ഖബ്റിലേക്കു താഴ്ത്തി. ജന്നത്തുൽ ബഖീഇൽ സംസ്കരിക്കപ്പെട്ട ഒന്നാമത്തെ പ്രവാചക പത്നിയാണു സൈനബ് (റ)...