ഉമ്മുസലമ (റ)
മഖ്സൂം ഗോത്രത്തിന്റെ ധീര നായകരിലൊരാളാണ് അബൂ ഉമയ്യത് ബ്നു മുഗീറ. അദ്ദേഹത്തിന്റെ ഭാര്യയാണ് ആതിഖ ബിൻത് ആമിർ. അവർക്കൊരു പെൺകുഞ്ഞു ജനിച്ചു. കുഞ്ഞിനു ഹിന്ദ് എന്നു പേരിട്ടു. അവൾ വളർന്നു പതിമൂന്നു വയസ്സായി. പതിമൂന്നാം വയസ്സിൽ വിവാഹം. ഭർത്താവിന്റെ പേരു പറയാം അബ്ദില്ലാഹി ബ്നു അബ്ദിൽ അസദ്...
മാതൃകാ ജീവിതം. സുഖവും ദുഃഖവും പങ്കിട്ടു. ഒരുനാൾ ഭർത്താവ് പുതിയൊരു വാർത്തയുമായി വന്നു. പ്രവാചകരുടെ കഥ, ഇസ്ലാം ദീനിന്റെ കഥ. മുസ്ലിംകൾ മർദിക്കപ്പെടുന്ന കഥ. ഭാര്യ കാതുകൂർപ്പിച്ചിരുന്നു കേട്ടു. മനസ്സിൽ ചലനം. ആരുമറിയാതെ അവർ ഒരു തീരുമാനമെടുത്തു. ഇസ്ലാം ദീൻ സ്വീകരിക്കുക...
പ്രവാചകനെ (ﷺ) പോയിക്കണ്ടു. ശഹാദത്തു കലിമ ചൊല്ലി. അതോടെ ഗോത്രം ഇളകി. മർദനമായി. യുവദമ്പതികൾ ക്രൂരമായി മർദിക്കപ്പെട്ടു. നാട്ടിൽ താമസിക്കാനാകാത്ത അവസ്ഥ. നാടു വിടാം, അബ്സീനിയായിലേക്കു പോകാം...
പ്രഥമ യാത്രാസംഘത്തിൽ അവരും കൂടി. രണ്ടു കപ്പലുകൾ ഒരുങ്ങി നിൽക്കുന്നു. മുസ്ലിംകൾ അതിൽ കയറി. അബ്സീനിയായിൽ താമസിച്ചു. സമാധാനത്തോടെ... അവിടെ വച്ചു ഗർഭിണിയായി. ഒരാൺകുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിനു സലമ എന്നു പേരിട്ടു...
പിന്നീട് കുഞ്ഞിന്റെ പേരിൽ മാതാപിതാക്കൾ അറിയപ്പെട്ടു. പിതാവ് അബൂസലമ. മാതാവ് ഉമ്മു സലമ. ഇനി നമുക്കവരെ ഉമ്മുസലമ എന്നു വിളിക്കാം...
ദമ്പതികൾക്കിടയിലെ സ്നേഹം. നാട്ടുകാർ ആ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കി. അതു നാട്ടിൽ സംസാരമായി. മാതൃകയായി. മക്കയിൽ മടങ്ങുമ്പോൾ കുടുംബക്കാരുടെ പിടിയിലായി. മദീനയിലേക്കു ഹിജ്റ പോകുകയായിരുന്നു അവരുടെ ലക്ഷ്യം. ഉമ്മുസലമയെയും മകനെയും ബന്ധുക്കൾ തടവിലാക്കി. അബൂസലമക്കു ഹിജ്റക്കുള്ള അനുമതി കിട്ടിയിരുന്നു. അദ്ദേഹം മദീനയിലേക്കു പോയി. അദ്ദേഹത്തിന്റെ കുടുംബക്കാർ വന്നു. ഉമ്മുസലമയുടെ കയ്യിൽ നിന്നു കുട്ടിയെ ബലമായി വാങ്ങിക്കൊണ്ടുപോയി. പിന്നെ നിൽപുറക്കുന്നില്ല...
ഉമ്മുസലമ എന്ന വനിത ആരുമറിയാതെ സ്ഥലംവിട്ടു. മദീനയിലേക്കുള്ള സാഹസിക യാത്ര. ഒടുവിൽ മദീനയിലെത്തി. ഭർത്താവിനെ കണ്ടു. സമാധാനമായി...
അവർക്കു വേറെയും സന്താനങ്ങൾ ജനിച്ചു. അബൂസലമ (റ)ഉഹ്ദ് യുദ്ധത്തിൽ പോരാടി മാരകമായി പരിക്കേറ്റു. ഏറെനാൾ ജീവിച്ചില്ല മരണപ്പെട്ടു...
ഉമ്മുസലമയുടെ ദുഃഖത്തിനതിരില്ല. അവരുടെ പ്രയാസം പ്രവാചകനെ ദുഃഖിപ്പിച്ചു. പ്രവാചകൻ ﷺ അവരെ വിവാഹം ചെയ്തു. ഹിജ്റ 61-ലാണ് അവരുടെ മരണം. നബിﷺയുടെ പത്നിമാരിൽ ഏറ്റവും ഒടുവിൽ വഫാതായത് അവരായിരുന്നു. ജന്നത്തുൽ ബഖീഇൽ അന്ത്യവിശ്രമം.