Wednesday - 22 April, 2026 4-Dhu al-Qadah-1447

അസ്മാഅ് (റ) യുടെ മാതാവ്

അസ്മാഅ്(റ)യെ മറന്നില്ലല്ലോ സിദ്ദീഖ്(റ)വിന്റെ മകൾ. ആഇശ(റ)യുടെ ഇത്താത്ത...


 ആഇശ(റ)യുടെ ഉമ്മ ഉമ്മുറുമാൻ ആണല്ലോ. അസ്മാഅ്(റ)യുടെ മാതാവ് ഖുതയ്മ എന്ന സ്ത്രീയാണ്. ഉമ്മുറുമാനെ വിവാഹം ചെയ്യുംമുമ്പ് സിദ്ദീഖ്(റ) ഖുതയ്മയെ വിവാഹം ചെയ്തിരുന്നു. അതിലെ മകളാണ് അസ്മാഅ്(റ). ഖുതയ്മ ഇസ്ലാംമതം വിശ്വസിച്ചിരുന്നില്ല.


 ഒരിക്കൽ ഒരു സംഭവമുണ്ടായി. എന്തോ ആവശ്യം പറഞ്ഞു ഖുതയ്മ അസ്മാഅ്(റ)യുടെ അടുത്തു വന്നു.


 ബീവിക്ക് ആശങ്കയായി. ഉമ്മ അവിശ്വാസിയാണ്. അമുസ്ലിമായ ഉമ്മയെ സഹായിക്കാൻ പാടുണ്ടോ..?


 അസ്മാഅ്(റ) റസൂലിന്റെ (ﷺ) പ്രിയപ്പെട്ട ശിഷ്യയാണ്. ഗുരുവായ റസൂലിന്റെ അടുത്തേക്ക് ബീവി ആളെ അയച്ചു.

അവിശ്വാസിയായ ഉമ്മയെ സഹായിക്കാമോ..?


മറുപടി വന്നു. “ഉമ്മക്ക് ഗുണം ചെയ്യുക.”


അസ്മാഅ്(റ) ഉമ്മയെ സഹായിച്ചു.


 മറ്റൊരിക്കൽ - ഖുതയ്മ കയറിവന്നു. കയ്യിൽ കുറെ സമ്മാനങ്ങൾ..!അസ്മാഇനു വേവലാതിയായി. അമുസ്ലിമായ ഉമ്മ കൊണ്ടുവന്ന സമ്മാനങ്ങൾ സ്വീകരിക്കാമോ..?


 വീണ്ടും റസൂൽ ﷺ യുടെ അടുത്തേക്ക് ആളെ അയച്ചു.

“മാതാവിനെ സ്വീകരിക്കുക, സമ്മാനങ്ങളും.” നബി ﷺ അനുവദിച്ചു.


 ഇനി വേറെ സംഭവം പറയാം.

മക്കയിൽ ശത്രുക്കളുടെ ദ്രോഹം ശക്തിപ്പെട്ട കാലം. സ്വഹാബികൾ ആത്മരക്ഷാർത്ഥം മദീനയിലേക്കു ഹിജ്റ പോകാൻ തുടങ്ങിയിരിക്കുന്നു. വെറുതെ മദീനത്തേക്ക് ഓടിപ്പോകാൻ പറ്റില്ല. റസൂലിന്റെ (ﷺ) അനുമതി വാങ്ങണം.


 ഒരു യുവാവ് നബിﷺയോടു ഹിജ്റക്ക് അനുമതി വാങ്ങാൻ വന്നു. അപ്പോൾ നബിﷺതങ്ങൾ അറിഞ്ഞു - യുവാവിന്റെ വൃദ്ധരായ മാതാപിതാക്കൾ മകൻ നാടുവിടുന്നതറിഞ്ഞു കരയുകയാണെന്ന്.


 നബി ﷺ ഗൗരവപൂർവം അയാളെ ഉപദേശിച്ചു: “മാതാപിതാക്കളുടെ അടുത്തേക്കു പോകൂ. നിങ്ങൾക്കു

ഹിജ്റയില്ല. അവരെ കരയിപ്പിച്ചതുപോലെ ചിരിപ്പിക്കൂ...”


മറ്റൊരു സംഭവം പറയാം.


 യുദ്ധത്തിനു പോകാൻ അനുവാദം ചോദിക്കാനാണ് ഒരാൾ വന്നത്. “വീട്ടിൽ ആരൊക്കെയുണ്ട്..?” - തിരുനബി ﷺ ആരാഞ്ഞു.


 “വൃദ്ധരായ മാതാപിതാക്കൾ.”


 “തിരിച്ചുപോകൂ. അവരെ പരിചരിക്കുന്നതാണ് ഇസ്ലാമിന്റെ

രക്ഷക്ക് യുദ്ധം ചെയ്യുന്നതിനെക്കാൾ പുണ്യം” അവിടുന്ന് ഉപദേശിച്ചു. അദ്ദേഹം തിരിച്ചുപോയി...


 ഇതാ മറ്റൊരു രംഗം. 

 മസ്ജിദുൽ ഹറമിലാണു സംഭവം നടക്കുന്നത്.


 ഗ്രാമീണനായ ഒരു അറബി ചെറുപ്പക്കാരൻ കഅ്ബാശരീഫ്

ത്വവാഫ് ചെയ്യുന്നു. അയാളുടെ ചുമലിൽ വൃദ്ധയായ ഒരു സ്ത്രീ

ഇരിക്കുന്നു..! രണ്ടു പ്രമുഖ സ്വഹാബികൾ രംഗം കണ്ടുനിൽക്കുന്നു...


 “ഞാൻ എന്റെ മാതാവിന്റെ വാഹനമാണ്. ഇതിൽ എനിക്കു

യാതൊരു പ്രയാസവുമില്ല.” ഗ്രാമീണൻ ഇങ്ങനെ പാടിക്കൊണ്ടാണു ത്വവാഫു ചെയ്യുന്നത്...


 കാഴ്ചക്കാരായ സ്വഹാബികൾക്ക് അത്ഭുതമായി. അവരിൽ ഒരാൾ മറ്റെയാളോടു പറഞ്ഞു: “വരൂ സുഹൃത്തേ, നമുക്ക് ഈ ചെറുപ്പക്കാരന്റെ കൂടെ ത്വവാഫ് ചെയ്യാം. ഇയാൾക്കു ചുറ്റും അല്ലാഹുﷻവിന്റെ അനുഗ്രഹം

വർഷിക്കുന്നുണ്ട്.”


 സ്വഹാബികളും ത്വവാഫ് തുടങ്ങി.

മാതാവിനെ ചുമലിൽ എടുത്ത മകന്റെ കൂടെ ത്വവാഫിനിറങ്ങിയ സ്വഹാബികൾ ആരായിരുന്നു എന്നറിയണ്ടേ..?


 മുസ്ലിം ലോകത്തിന്റെ അന്നത്തെ ഖലീഫ ഉമറുൽ ഫാറൂഖ് (റ). അപരൻ നാലാം ഖലീഫയായിവന്ന അലി(റ)..!