Wednesday - 22 April, 2026 4-Dhu al-Qadah-1447

ആളുമാറി കാലംമാറി (1)

   മക്കയിൽ നിന്നു ഹിജ്റ വന്നവർക്കു മദീനയിലെ കാലാവസ്ഥ ഒട്ടും അനുകൂലമല്ല. വെള്ളവും പറ്റുന്നില്ല. ഇതു മുഹാജിറുകളുടെ ആരോഗ്യത്തെ ബാധിച്ചു. പലരും കിടപ്പിലായി. നല്ല ആഹാരമോ മരുന്നോ കിട്ടാതെ രോഗികൾ വലഞ്ഞു. പലരും തീരെ ദരിദ്രരാണ്. കയ്യിൽ യാതൊന്നുമില്ല...


 രോഗം പ്രമുഖരെയും വിട്ടില്ല. അബൂബക്കർ സ്വിദ്ദീഖ്(റ) പനിവന്നു കിടപ്പിലായി. പെട്ടെന്നു രോഗം വർധിച്ചു. പരിസരം പോലും ഓർമയില്ല. പിച്ചും പേയും പറയുന്നു. ഒടുവിൽ ബോധം കെട്ടുപോയി...


 ബിലാൽ ബ്നു റബാഹ്(റ). പ്രമുഖ സ്വഹാബിവര്യൻ. പനിവന്നു കിടപ്പിലായി. എന്താക്കെയോ പറയുന്നു. സ്വബോധമില്ലാത്തതുപോലെ...


 ആമിർ ബ്നു ഫുഹയ്റത്ത്(റ). പ്രസിദ്ധനായ സ്വഹാബി. കടുത്ത പനിയും ശരീര വേദനയും വന്നു. ബോധമില്ലാതെ സംസാരിക്കുന്നു.


 ആഇശ(റ) നബിﷺതങ്ങളോടിങ്ങനെ പറഞ്ഞു: “മദീനയിലെ കാലാവസ്ഥ മുഹാജിറുകൾക്കു പറ്റുന്നില്ല. അവർ രോഗികളായിരിക്കുന്നു. പലരും അബോധാവസ്ഥയിലാണ്. മക്കയിലെ നല്ല കാലാവസ്ഥയോർത്തു വിഷമിക്കുന്നു പലരും. അവിടത്തെ വെള്ളവും ഭക്ഷണവും ഇനിയെന്നാണു ലഭിക്കുകയെന്നു ചോദിക്കുന്നു...


 മക്കയോടുള്ള സ്നേഹം. ജന്മദേശത്തോടുള്ള മമത. മക്ക വിട്ടതിലുള്ള കടുത്ത ദുഃഖം. രോഗം കഠിനമാകുമ്പോൾ ആളുകൾ മക്കയെ ഓർക്കുന്നു. മക്കയെക്കുറിച്ചുള്ള വരികൾ അറിയാതെ പാടിപ്പോകുന്നു...


 ആഇശ(റ)യുടെ വാക്കുകൾ നബിﷺയെ ഉണർത്തി. ആ ഖൽബകം ഭക്തിനിർഭരമായി. ഇരുകൈകൾ ഉയർത്തി ദുആ ചെയ്തു: “അല്ലാഹുവേ, മദീന ഞങ്ങൾക്കു പ്രിയപ്പെട്ട ദേശമാക്കിത്തരേണമേ..!  മക്കയെക്കാൾ മദീന ഞങ്ങൾക്കു പ്രിയപ്പെട്ടതാക്കിത്തരേണമേ..! മനസ്സിനിണങ്ങിയതാക്കേണമേ... മദീനയിലെ മുദ്ദിലും സ്വാഇലും നീ ബറകത്തു ചൊരിയേണമേ... മദീനയിലെ കാലാവസ്ഥ ആരോഗ്യകരമാക്കിത്തരേണമേ... ഇവിടുത്തെ വായുവും വെള്ളവും ഞങ്ങൾക്കനുകൂലമാക്കിത്തരേണമേ...”


 കണ്ണീരിന്റെ നനവുള്ള പ്രാർത്ഥന...


 മദീനയിൽ ധാന്യം അളക്കാനുപയോഗിക്കുന്ന അളവുപാത്രങ്ങളാണ് മുദ്ദ്, സ്വാഅ് എന്നിവ...


 സർവശക്തനായ അല്ലാഹു ﷻ പ്രവാചകരുടെ (ﷺ) പ്രാർത്ഥന കേട്ടു. ഉത്തരം നൽകി. മദീനയിലെ അന്തരീക്ഷം ആകെ മാറി. എല്ലാവരും ഇഷ്ടപ്പെടുന്ന വിധത്തിലായിത്തീർന്നു. ആഹ്ലാദം നിറഞ്ഞ ദിനങ്ങൾ...


 നബികുടുംബം ഒത്തുകൂടുന്നു. സഹോദരിമാർ ഒന്നിച്ചു കൂടുമ്പോൾ എന്തെല്ലാം കാര്യങ്ങൾ സംസാരിക്കാനുണ്ട്. ഫാത്വിമ(റ), ഉമ്മുകുൽസൂം(റ), റുഖിയ്യ(റ). പ്രിയപ്പെട്ട മാതാവിനെക്കുറിച്ച് അവർ വേദനയോടെ ഓർക്കും...


 മക്കത്തെ രാജാത്തിയായിരുന്ന ഖദീജ(റ). ഇസ്ലാംമതത്തിനുവേണ്ടി സർവതും ത്യജിച്ചു. ഉമ്മയെപ്പറ്റി പറഞ്ഞുവരുമ്പോൾ റുഖിയ്യ(റ)ക്കാണു കൂടുതൽ ദുഃഖം. അബ്സീനിയായിൽ ആയിപ്പോയി. എനിക്ക് ഉമ്മയെ കാണാനായില്ല..! - റുഖിയ്യ കരയുന്നു.


 ഗർഭിണിയായ റുഖിയ്യയെയും കൊണ്ടു ഭർത്താവ് ഉസ്മാൻ(റ) അബ്സീനിയായിലേക്കു പോയി. മക്കയിലേക്കു മടങ്ങാൻ പറ്റിയില്ല. മർദനത്തിന്റെ കടുപ്പം കാരണം എത്ര പേരാണു മക്ക വിട്ടുപോയത്..!


 അബ്സീനിയായിൽ പ്രസവം നടന്നു. കുഞ്ഞു വളർന്നു. ഓടിനടക്കുന്ന പ്രായമായി. അപ്പോഴാണ് അസുഖം വന്നത്. മാതാപിതാക്കളെ ദുഃഖത്തിലാഴ്ത്തിക്കൊണ്ടു കുട്ടി മരണപ്പെട്ടു. പിന്നെ ദുഃഖത്തിന്റെ നാളുകളായിരുന്നു...


 സ്വഹാബികൾ മക്ക വിട്ടുകൊണ്ടിരിക്കുകയാണെന്ന വാർത്ത കിട്ടി. അവസാനം പിതാവും മക്കവിട്ടു എന്നു കേട്ടു. പിന്നെ പിടിച്ചുനിൽക്കാനായില്ല. അബ്സീനിയായിൽ കഴിഞ്ഞുകൂടിയവർ നേരെ മദീനയിലേക്കു പുറപ്പെട്ടു...