മദീനയിലെത്തിയ മുസ്ലിംകൾക്കു പലവിധ പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. ഖുറയ്ശികൾ ഇടയ്ക്കിടെ മുസ്ലിംകളെ അക്രമിച്ചുകൊണ്ടിരുന്നു. മറ്റു ചില ഗോത്രക്കാരുടെ സഹായവും അവർക്കു കിട്ടി. ജൂതന്മാർ രഹസ്യമായി ഇസ്ലാമിന്റെ ശത്രുക്കളെ സഹായിച്ചു.
സ്വഹാബികളിൽ ചിലർ വധിക്കപ്പെട്ടു. പ്രതിരോധ സംരംഭങ്ങൾ ശക്തിപ്പെടുത്തേണ്ടതായി വന്നു. ശ്രതുക്കൾക്കെതിരെ ശക്തി സംഭരിക്കേണ്ട ഘട്ടം വന്നു. നിലനിൽപിനും സ്വരക്ഷയ്ക്കും വേണ്ടി.
പ്രവാചകൻ ﷺ അനുയായികളെ ഇങ്ങനെ ഉപദേശിച്ചു: “നിങ്ങൾ ശക്തി സംഭരിക്കുക. ശക്തിയെന്നാൽ ഏറ്. അറിയുക, അമ്പെയ്ത്താണ് ഇവിടെ ഉദ്ദേശ്യം. അമ്പെയ്ത്തു പഠിച്ചവൻ അത് ഉപേക്ഷിക്കരുത്. പരിശീലനം തുടരണം. അമ്പെയ്ത്തു വിദ്യ വളർത്തിയെടുക്കണം.”
ഈ നിർദേശം പലരെയും കായിക പരിശീലനത്തിനു പ്രേരിപ്പിച്ചു. ഉത്ബ ഒരു വൃദ്ധനായിരുന്നു. മികച്ച പരിശീലനം ലഭിച്ച യോദ്ധാവും. അദ്ദേഹം ആയുധ പരിശീലനം വർധിപ്പിച്ചു. അമ്പെയ്ത്തു പരിശീലനം വളരെ നേരം തുടർന്നു.
ഉത്ബയുടെ കൂട്ടുകാരനാണ് ഹഖീം ലഖ്മി. ഉത്ബയോടു കൂട്ടുകാരൻ ഇങ്ങനെ ചോദിച്ചു: “താങ്കളെന്തിനാണിത്ര കടുത്ത പരിശീലനം നടത്തുന്നത്. ഓടുകയും ചാടുകയും മറിയുകയും അമ്പെയ്യുകയും ചെയ്യുന്നുണ്ടല്ലോ വൃദ്ധനായ താങ്കൾ..?”
വൃദ്ധനായ സ്വഹാബി ഇങ്ങനെ മറുപടി നൽകി: “നബി ﷺ തങ്ങളിൽ നിന്നു കേട്ട ഒരു ഹദീസാണ് ഈ തീവ്ര പരിശീലനത്തിന് എന്നെ പ്രേരിപ്പിച്ചത്...”
“ഏതാണ് ഹദീസ്..?” കൂട്ടുകാരന് ആകാംക്ഷ.
“അമ്പെയ്ത്തു പഠിച്ചവൻ അതുപേക്ഷിച്ചാൽ അവൻ നമ്മിൽപെട്ടവനല്ല...”
വൃദ്ധ സ്വഹാബി ഹദീസ് ഓതിക്കേൾപിച്ചു. കൂട്ടുകാരൻ അമ്പരന്നുപോയി. മുസ്ലിംകളുടെ നിലനിൽപിനുവേണ്ടി ആയുധമെടുക്കേണ്ട ഘട്ടം വന്നാൽ അതിനു തയ്യാറാകണം...
ഭീരുക്കളായി ജീവിച്ചു നാണംകെട്ട രീതിയിൽ വധിക്കപ്പെടുന്നത് ഒരു സത്യവിശ്വാസിക്കു ഭൂഷണമല്ല. ശത്രുക്കൾ യുദ്ധത്തിനു വരുമ്പോൾ പിന്തിരിഞ്ഞാടരുത്. ധീരമായി നേരിടണം. ധീരന്മാർക്കേ ജീവിതമുള്ളൂ...
പ്രവാചകൻ ﷺ യോദ്ധാക്കളോട് ഇങ്ങനെ ഉണർത്തി: “ഉന്നം തെറ്റാതെ അമ്പെയ്യുന്ന യോദ്ധാവിന് ഓരോ എയ്ത്തും സ്വർഗത്തിലെ ഓരോ പദവി നേടിക്കൊടുക്കും...”
യോദ്ധാക്കളെ വല്ലാതെ ആകർഷിച്ച നബിവചനം. സ്വർഗത്തിലെ പദവികൾ മോഹിച്ച യോദ്ധാക്കൾ. ശ്രതുക്കളോടു പോലും നല്ല നിലയിലെ പെരുമാറാൻ പാടുള്ളൂ. അനീതി ഒരളവോളവും അനുവദിക്കില്ല...
നബിﷺതങ്ങൾ യോദ്ധാക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അരുളിയ വചനം ഇപ്രകാരമായിരുന്നു. “അല്ലാഹുﷻവിന്റെ മാർഗത്തിൽ ഒരു അമ്പ് എയ്തവന് ഒരു അടിമയെ മോചിപ്പിച്ചതിനു തുല്യമായ പ്രതിഫലം ലഭിക്കും...”
മുസ്ലിം സമൂഹത്തിന്റെ നിലനിൽപു ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ യുദ്ധം അനിവാര്യമായിവരും. ആ യുദ്ധത്തിൽ പങ്കെടുക്കുന്ന സത്യവിശ്വാസിക്കു സന്തോഷവാർത്ത അറിയിച്ചുകൊണ്ടു നബി ﷺ തങ്ങൾ പറഞ്ഞു:
“കുതിരയെ പരിശീലിപ്പിക്കണം. കുതിര നന്മയുടെ മൃഗമാണ്. ലോകാവസാനംവരെ കുതിര നന്മയുടെ മൃഗമാണ്. കുതിര അല്ലാഹുﷻവിൽ നിന്നു യോദ്ധാവിനു പ്രതിഫലം വാങ്ങിത്തരും. യുദ്ധമുതലുകളും നേടിത്തരും.”
പടക്കുതിരകളെ പരിശീലിപ്പിക്കുന്നതു പുണ്യകർമമായിട്ടാണു പരിഗണിക്കപ്പെടുന്നത്. അമ്പെയ്ത്തു വിദ്യ പഠിക്കൽ അനുഗ്രഹമാണ്. അതു പഠിച്ചശേഷം ഉപേക്ഷിച്ചാൽ ഒരനുഗ്രഹം പാഴാക്കുകയാണ്. ആ അനുഗ്രഹത്തോടു നന്ദികേടു കാണിക്കലാണത്.
ചിലപ്പോൾ കടലിൽ യുദ്ധം നടക്കും. കടൽയുദ്ധത്തിന്റെ പ്രതിഫലം കരയിലെ യുദ്ധത്തിന്റെ പ്രതി ഫലത്തേക്കാൾ ശ്രേഷ്ഠമാകുന്നു...
നബി ﷺ തങ്ങൾ പറഞ്ഞു: “കടലിലെ ഒരു യുദ്ധം കരയിലെ പത്തു യുദ്ധങ്ങളെക്കാൾ ശ്രേഷ്ഠം.”
“ഒരു കടൽ മുറിച്ചുകടന്നവൻ സർവ താഴ് വരകളും മുറിച്ചു കടന്നവനെപ്പോലെയായി.”
സത്യത്തിനും നീതിക്കുംവേണ്ടി യുദ്ധം ചെയ്യുന്ന യോദ്ധാവിനു ലഭിക്കുന്ന അതിമഹത്തായ അനുഗ്രഹങ്ങൾ വ്യക്തമാക്കുന്ന ധാരാളം നബിവചനങ്ങളുണ്ട്.
യുദ്ധം എന്നാൽ വെറുതെ അങ്ങോട്ടു ചെന്ന് ആരെയെങ്കിലും ആക്രമിക്കുക എന്നല്ല. വിശ്വാസവും ജീവനും സംരക്ഷിക്കാൻ വേണ്ടി പ്രതിരോധിക്കുക. നീതിയും ന്യായവും പുലരാൻവേണ്ടി യുദ്ധം ചെയ്യുക. അന്യായത്തിനും അക്രമത്തിനും എതിരെ ശബ്ദിക്കുക. അതാണ്
ഇസ്ലാമിലെ യുദ്ധം...
നബിﷺയും പാവപ്പെട്ട അനുയായികളും എന്തു തെറ്റാണു ചെയ്തത്..?
അല്ലാഹു ﷻ ഏകനാണെന്നു പറഞ്ഞു. ആ കാരണം കൊണ്ടു മാത്രം എന്തൊക്കെ ദ്രോഹങ്ങളാണു ശ്രതുക്കൾ ചെയ്തത്. ശാരീരികമായി പീഢിപ്പിച്ചു. പരിക്കേൽപിച്ചു. ജീവൻ അപഹരിച്ചു. സ്വത്തുവകകൾ തട്ടിയെടുത്തു. പിറന്ന മണ്ണും ജീവിതകാലം മുഴുവൻ സമ്പാദിച്ചതും ഉപേക്ഷിക്കേണ്ടിവന്നു. കുടുംബം-സുഹൃദ് ബന്ധങ്ങൾ മുറിഞ്ഞു...
എന്താ കാരണം..? അല്ലാഹു ﷻ ഏകനാണെന്നു പറഞ്ഞതു മാത്രം. സ്വദേശം വിട്ടു വിദേശത്ത് അഭയാർത്ഥികളായി. പക്ഷേ, ശ്രതുക്കൾ വിട്ടില്ല. അവർ മദീനയിൽ വന്നു ശല്യമുണ്ടാക്കാൻ നോക്കി. മദീനയുടെ പ്രാന്തപ്രദേശങ്ങളിൽ വന്നു കന്നുകാലികളെ മോഷ്ടിക്കും. കൃഷി നശിപ്പിക്കും. മക്കയി
ൽ തീർത്ഥാടനത്തിനു പോകുന്നവരെ ദ്രോഹിക്കും...
എത്രയെന്നു വെച്ചാണ് ഈ ദ്രോഹം സഹിക്കുക. രക്ഷയില്ലാതെ പ്രതിരോധിക്കേണ്ടി വന്നു. അതിനുള്ള മുന്നൊരുക്കത്തെക്കുറിച്ചാണു മുകളിൽ പറഞ്ഞത്...