നബിﷺതങ്ങൾ ബനൂഖുറയ്ള നേതാക്കളെ കാണാൻ ഒരു സംഘത്തെ അയച്ചു. സുബയ്ർ(റ)വും മറ്റും അക്കൂട്ടത്തിലുണ്ടായിരുന്നു.
ബനൂഖുറയ്ള നേതാക്കളെ അവർ സന്ദർശിച്ചു. ഉടമ്പടി ലംഘിക്കരുതെന്നപേക്ഷിച്ചു. സ്വഹാബികളെ തെറിവിളിച്ചും പരിഹസിച്ചും അവർ തിരിച്ചയച്ചു.
മുസ്ലിം മനസ്സുകളിൽ ഭീതി പരക്കുകയാണ്. തങ്ങളുടെ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ അവർക്കു ഭയമായി.
ശത്രുക്കൾ മദീനയിൽ പ്രവേശിച്ചാൽ തങ്ങളുടെ സ്ത്രീകളും കുട്ടികളും പിടിക്കപ്പെടും. ബന്ധിതരാകും. അപമാനിതരാകും. അടിമകളായിത്തീരും. ഹോ... ഓർക്കാൻ വയ്യ. പിന്നെ പ്രാർത്ഥന തന്നെ. അല്ലാഹുﷻവിനോടു കരളുരുകി പ്രാർത്ഥിച്ചു.
പ്രവാചകനും (ﷺ) സ്വഹാബികളും ഖൽബ് തുറന്നു ദുആ ഇരന്നു. “അല്ലാഹുവേ, ഞങ്ങൾ ശ്രതുക്കളുടെ മധ്യത്തിലാണ്. ശത്രുക്കൾ മദീനയിലേക്കു പ്രവേശിക്കാൻ പോകുന്നു. ഞങ്ങളുടെ
സ്ത്രീകളും കുട്ടികളും അവരുടെ കയ്യിൽ പെടാതെ നീ സംരക്ഷിക്കേണമേ. ഞങ്ങൾക്കു നീ സഹായവും രക്ഷയും നൽകേണമേ..!?”
കരളുരുകിയുള്ള പ്രാർത്ഥന. അബലകളായ സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കണം. അവരുടെ താമസസ്ഥലത്തേക്കു നബിﷺതങ്ങൾ ഇരുനൂറു സൈനികരെ അയച്ചു. അവരുടെ നേതാവായി സൽമത് ബ്നു
അസ്ലമിനെ നിയോഗിച്ചു.
മുസ്ലിംകൾ താമസിക്കുന്ന ഭാഗത്തേക്കു സയ്ദ് ബ്നുഹാരിസിന്റെ നേതൃത്വത്തിൽ മുന്നൂറു സൈനികരെ കൂടി അയച്ചു.
കപടവിശ്വാസികൾക്ക് എന്തൊരു സന്തോഷം..! “മുഹമ്മദിനെന്തേ ഇത്ര വെപ്രാളം? കിസ്റായും കൈസറും കീഴടങ്ങുമെന്നു പറഞ്ഞുനടന്ന മുഹമ്മദിന് എന്തേ ഇത്ര ഭയം..?" കപടവിശ്വാസികൾ ഉറക്കെപ്പറഞ്ഞു ചിരിക്കാൻ തുടങ്ങി.
ഇതിനിടയിൽ ഖൻദഖ് കിടങ്ങ് ചാടിക്കടക്കണമെന്നു ചിലർക്കു വാശി. ശത്രുപക്ഷത്തെ ധീരനാണ് നൗഫൽ ബ്നു അബ്ദുല്ല. നൗഫൽ കിടങ്ങു ചാടിക്കടക്കാൻ തീരുമാനിച്ചു.
അവന്റെ സാഹസം കാണാൻ ശത്രുക്കൾ നോക്കിനിന്നു. നൗഫൽ കിടങ്ങു ചാടിക്കടന്നാൽ പലരും അവനെ പിന്തുടരാൻ തയ്യാറായി നിന്നു. നൗഫൽ സർവശക്തിയുമെടുത്ത് കുതിച്ചുചാടി.
നൗഫൽ കിടങ്ങിന്നടിയിലേക്കു മലർന്നടിച്ചു വീഴുന്നതാണു കണ്ടത്. ഇനി ആർക്കും അങ്ങനെ ഒരാഗ്രഹം ഉണ്ടാവില്ല. അവന്റെ മരണത്തോടെ ശത്രുക്കൾക്കു വാശി മൂത്തു. അമ്പയ്ത്തിന്റെ ശക്തി കൂടി.
നൗഫലിന്റെ ശവശരീരം വിട്ടുകൊടുക്കണമെന്നു ഖുറയ്ശികൾ അപേക്ഷിച്ചു. ആ ശവശരീരത്തിനുവേണ്ടി പതിനായിരം
ദീനാർ വരെ നൽകാൻ അവർ സന്നദ്ധരായിരുന്നു. പ്രതിഫലം വാങ്ങാതെ വിട്ടു കൊടുക്കുകയാണു റസൂലുല്ലാഹി ﷺ ചെയ്തത്.
കിടങ്ങിന്റെ വീതി കുറഞ്ഞ ഭാഗം നോക്കി നടക്കുകയാണ് ഒരു സംഘം ധീരന്മാർ. സാഹസികതയ്ക്ക് പേരുകേട്ട അംറ് ബ്നു വുദ്ദ്, അബൂജഹലിന്റെ മകൻ ഇക് രിമത്, സിറാറ് ബ്നുൽ ഖത്താബ്.
അവർ നടന്നുനടന്ന് ഒരു പ്രത്യേക ഭാഗത്തെത്തി. “ഇവിടെനിന്നു ചാടി ഞാൻ അക്കരെപ്പറ്റും.” അംറ് ധിക്കാരത്തോടെ പറഞ്ഞു.
നബി ﷺ അവരുടെ ചലനങ്ങൾ നിരീക്ഷിക്കുന്നു. അവരെ നേരിടാൻ അലി(റ)വിനോടു കൽപിച്ചു. അംറ് ഒരൊറ്റച്ചാട്ടത്തിനു കിടങ്ങിനിക്കരെയെത്തി..! അലി(റ)വിന്റെ മൂർച്ചയേറിയ പടവാൾ അവന്റെ ശരീരത്തിൽ വീഴുകയും ചെയ്തു. അംറ് വധിക്കപ്പെട്ടു. മറ്റുള്ളവർ ഓടിപ്പോയി...
ഇതോടെ അമ്പുകൊണ്ടുള്ള യുദ്ധത്തിനു ശക്തി കൂടി. ഒരു ദിവസം അസർ നിസ്കാര സമയം തെറ്റുകവരെ ചെയ്തു.
അല്ലാഹുﷻവിൽ നിന്നുള്ള മഹത്തായ സഹായവും പ്രതീക്ഷിച്ചുകൊണ്ടു മുസ്ലിംകൾ കാത്തിരിക്കുന്നു. ശ്രതുക്കൾ ഏതുസമയവും മദീനയിൽ പ്രവേശിക്കുമെന്ന നിലയിലാണ്. മനുഷ്യമനസ്സുകളിൽ ഭയം പെരുകി.