Wednesday - 22 April, 2026 4-Dhu al-Qadah-1447

അപവാദത്തിന്റെ തീനാളങ്ങൾ (1)

   ബനൂ മുസ്ത്വലഖ് യുദ്ധം കഴിഞ്ഞു മടങ്ങുന്ന സ്വഹാബികൾക്കു തുടർച്ചയായി യാത്ര ചെയ്യേണ്ടി വന്നു. ഒരു പകലും ഒരു രാത്രിയും യാത്ര ചെയ്തു. അടുത്ത പകൽ ചൂടു കഠിനമാകും വരെ യാത്ര ചെയ്തു. എല്ലാവരും തളർന്നു.


 വിശ്രമിക്കാൻ കൽപന കൊടുത്തു. വാഹനങ്ങൾ നിറുത്തി. എല്ലാവരും താഴെയിറങ്ങി. ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങിപ്പോയി.


 അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ വാക്കുകളെക്കുറിച്ചു ചർച്ച ചെയ്യാൻ അവർക്ക് അവസരം കിട്ടിയില്ല.

വിശ്രമത്തിനു ശേഷം യാത്ര. 


കപടവിശ്വാസികളുടെ നേതാവിനോടു പ്രവാചകൻ ﷺ എന്തു നിലപാടു സ്വീകരിച്ചു..? മുസ്ലിം സമുദായം അതു മനസ്സിലാക്കണം... 


 ഒരു സന്ദർഭത്തിൽ ഉമർ(റ) പ്രവാചകനോടു (ﷺ) പറഞ്ഞു: “അബ്ദുല്ലാഹിബ്നു ഉബയ്യിനെ വധിക്കാൻ ബിലാലിനോടു

കൽപിക്കൂ..!” എന്തായിരുന്നു പ്രവാചകരുടെ മറുപടി..?


 “ഉമർ, എന്താണിപ്പറയുന്നത്..? മുഹമ്മദ് അവന്റെ അനുയായികളെത്തന്നെ വധിക്കാൻ ആരംഭിച്ചു എന്നു ജനങ്ങൾ പറയില്ലേ..?”


 വിശ്വാസം ദുർബലമായ ആളുകളാണ് മുനാഫിഖുകൾ. അവരെക്കൊണ്ടു സമൂഹത്തിനു വലിയ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതായിവരും.

അവരുടെ ചലനങ്ങളെക്കുറിച്ച് എപ്പോഴും സമുദായം ജാഗ്രത പുലർത്തണം. അവർ സമൂഹത്തിനു ദോഷകരമായി ബാധിക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കും. ഒറ്റ നോട്ടത്തിൽ അതിൽ അൽപം കാര്യമുണ്ടെന്നു തോന്നും. പാമര ജനത വഴിതെറ്റാൻ കാരണമായേക്കും.


 അത്തരക്കാരുടെ അഭിപ്രായങ്ങൾ ചർച്ചക്കു വരാതെ നോക്കണം.

പ്രവാചകൻ ﷺ ഇവിടെ കാണിച്ച മാതൃക അതാണ്.


 എല്ലാ കാലത്തും വിശ്വാസപരമായ ബലഹീനത ബാധിച്ചവരുണ്ടാകും. അവരുടെ പ്രവർത്തനങ്ങൾ വലിയ കുഴപ്പങ്ങൾക്കു വഴിവയ്ക്കും . സമൂഹം കരുതിയിരിക്കണം.


 “പ്രവാചകനെ (ﷺ) സമീപിച്ചു മാപ്പു ചോദിക്കൂ..!”ചിലർ അബ്ദുല്ലാഹിബ്നു ഉബയ്യിനെ ഉപദേശിച്ചു.


 “മാപ്പു ചോദിക്കുകയോ, എന്തിന്..?” ധിക്കാരം നിറഞ്ഞ മറുപടി. 


 മുനാഫിഖുകളുടെ കാര്യത്തിൽ ആയത്തിറങ്ങി: “നാം മദീനയിലേക്കു മടങ്ങിയാൽ കൂടുതൽ ശക്തിയും പ്രതാപവും ഉള്ളവർ ബലഹീനരെ അവിടെനിന്നു പുറത്താക്കുമെന്ന്

അവർ പറയുന്നു. അറിയുക, അല്ലാഹുﷻവിനും അവന്റെ റസൂലിനും (ﷺ) സത്യവിശ്വാസികൾക്കുമാണു പ്രതാപം. പക്ഷേ, കപടവിശ്വാസികൾ അതു മനസ്സിലാക്കുന്നില്ല.”


 ഈ ആശയം ഉൾക്കൊള്ളുന്ന ആയത്ത് ഇറങ്ങിയപ്പോൾ

അബ്ദുല്ലാഹിബ്നു ഉബയ്യ് വധിക്കപ്പെടുമെന്നു പലർക്കും

തോന്നി. അവന്റെ മകൻ സത്യവിശ്വാസിയായിരുന്നു.


 മകൻ നബിﷺയെ സമീപിച്ചു. പിതാവിനെ കൊല്ലാനുള്ള അനുവാദം തരണമെന്നപേക്ഷിച്ചു.


 പ്രവാചകൻ ﷺ ഇങ്ങനെ മറുപടി നൽകി; “അവനെ നാം വധിക്കുകയില്ല. നാം അവനോടു കരുണ കാണിക്കും. നമ്മുടെ കൂട്ടത്തിൽ കഴിയുന്ന കാലത്തോളം നല്ല നിലയിൽ പെരുമാറും. പിതാവിനു നന്മ ചെയ്യുക...”


 പിതാവിന്റെ തലയെടുക്കാൻ വന്ന പുത്രനെ പ്രവാചകൻ ﷺ നല്ല ഉപദേശങ്ങൾ നൽകി തിരിച്ചയച്ചു...