ഈ നബിവചനങ്ങൾ ശ്രദ്ധയോടെ വായിച്ചു നോക്കൂ..! “തീ വിറകിനെ എപ്രകാരം തിന്നു നശിപ്പിക്കുന്നുവോ അതു പോലെ അസൂയ സൽകർമ്മങ്ങളെ തിന്നു നശിപ്പിക്കും.”
അസൂയയുടെ മാരക സ്വഭാവം വിവരിക്കുന്ന ഒരു നബിവചനമാണിത്.
അസൂയ..! മാരകമായ ദുർഗുണം.
സത്യവിശ്വാസികൾക്ക് ഒട്ടും അസൂയ പാടില്ല. ധാരാളം സൽകർമ്മങ്ങൾ ചെയ്യുന്നു. നിത്യജീവിതത്തിലെ
കർമ്മങ്ങളെല്ലാം അവൻ അല്ലാഹുﷻവിന്റെ പൊരുത്തത്തിലാക്കാൻ ശ്രമിക്കുന്നു.
അങ്ങനെ സമ്പാദിക്കുന്ന പുണ്യങ്ങൾ കത്തി നശിച്ചുപോകുക..! എന്തൊരു കഷ്ടം..?
ജീവിതം തന്നെ ഒരു നഷ്ടക്കച്ചവടമായി മാറുന്നു. ഇതിനു കാരണമെന്ത്..? അസൂയ എന്ന ദുർഗുണം...
തന്റെ സഹോദരനു നന്മ വരണമെന്നേ ഒരു സത്യവിശ്വാസി
ആഗ്രഹിക്കാവൂ. അവനു നാശം വരണമെന്നാഗ്രഹിക്കരുത്. തന്റെ സഹോദരനു നന്മകൾ വരുമ്പോൾ അതിൽ സന്തോഷിക്കണം. നല്ല മനസ്സിന്റെ ലക്ഷണമാണത്.
സഹോദനു ദുഃഖം വരുമ്പോൾ ദുഃഖിക്കണം. സഹതപിക്കണം. നല്ല മനസ്സുള്ളവർക്കേ അതിനു കഴിയുകയുള്ളൂ. ഈ നല്ല ഗുണത്തെ അസൂയ നശിപ്പിക്കും. നമ്മുടെ മനസ്സിൽ അസൂയ ഉണ്ടോ..? എങ്ങനെ അറിയാം..? വഴിയുണ്ട്...
നമ്മുടെ സഹോദരന് ഒരു നന്മ വരുമ്പോൾ നമുക്ക് നിരാശയും അസ്വസ്ഥതയും തോന്നുന്നുണ്ടോ..?
എങ്കിൽ അസൂയയുണ്ട്. നമ്മുടെ സഹോദരന് ഒരു ദുഃഖം വരുമ്പോൾ നമ്മുടെ മനസ്സിൽ സന്തോഷം തോന്നുന്നുണ്ടോ..? എങ്കിൽ അസൂയയുണ്ട്.
അസൂയ സൽകർമ്മങ്ങളെ കരിച്ചുകളയും. തീ വിറകു നശിപ്പിക്കുംപോലെ. അസൂയയുടെ കൂടെ അഹംഭാവവും കാണും.
അഹംഭാവത്തെക്കുറിച്ചും അസൂയയെക്കുറിച്ചും സൂചിപ്പി
ക്കുന്ന ഒരു നബിവചനം നോക്കു..!
“നിങ്ങൾ അഹംഭാവം വന്നുചേരുന്നതിനെ സൂക്ഷിക്കണം.
ആദം നബി(അ)നു സുജൂദ് ചെയ്യുന്നതിൽ നിന്ന് ഇബ്ലീസിനെ തടഞ്ഞത് അഹംഭാവമാണ്. അല്ലാഹുﷻവിന്റെ കൽപന ലംഘിക്കാൻ ഇബീസിനെ പ്രേരിപ്പിച്ചത് അഹംഭാവമാണ്.
അത്യാഗ്രഹത്തെയും നിങ്ങൾ സൂക്ഷിച്ചുകൊള്ളണം. വിരോധിക്കപ്പെട്ട മരത്തിൽനിന്നു പഴം തിന്നാൻ ആദം(അ)നെ അതു പ്രേരിപ്പിച്ചു.
നിങ്ങൾ അസൂയയെ കരുതിയിരിക്കണം. ആദം നബി(അ)ന്റെ ഒരു മകൻ മറ്റൊരു മകനെ വധിക്കാൻ ഇടവന്നത് അസൂയ കാരണമാണ്. എല്ലാ വൻപാപങ്ങളുടെയും അടിസ്ഥാനം ഇവയാകുന്നു.”
നബിവചനം ഒരിക്കൽകൂടി വായിച്ചുനോക്കി അതിന്റെ ആശയം ശരിക്കു മനസ്സിലാക്കണം.
മനുഷ്യമനസ്സുകളിൽ അഹംഭാവം കടന്നുകൂടിയാൽ എന്തെല്ലാം ആപത്തുകൾ വന്നുചേരും..? താൻ മറ്റുള്ളവരെക്കാൾ കേമനാണെന്ന തോന്നൽ. മറ്റുള്ളവരെ ചെറുതായി കാണാൻ ഈ മനോഭാവം പ്രേരിപ്പിക്കുന്നു...
അത്യാഗ്രഹമാണു മറ്റൊരു വിപത്ത്.
എത്ര കിട്ടിയാലും മതിവരില്ല. എല്ലാം വെട്ടിപ്പിടിക്കാനുള്ള മോഹം. ആ ശ്രമത്തിനിടയിൽ പല തെറ്റുകളും വന്നുചേരുന്നു.
അസൂയയാണ് അവസാനം പറഞ്ഞത്. കൊലപാതകത്തിനു വരെ അസൂയ കാരണമായിത്തീരുന്നു. ആദം നബി(അ)ന്റെ ഒരു മകനു മറ്റൊരു മകനോട് അസൂയ തോന്നി. അസൂയ വളർന്നു. ഒടുവിൽ കൊലപാതകവും നടന്നു. അതായിരുന്നു ഭൂമിയിലെ ആദ്യത്തെ കൊല.
മനുഷ്യരിൽ ധാരാളം ദുർഗുണങ്ങൾ കടന്നുവരുന്നു. എല്ലാ ദുർഗുണങ്ങളുടെയും അടിസ്ഥാനം മേൽപറഞ്ഞ ദൂഷ്യങ്ങളാകുന്നു.
ഏറ്റവും വലിയ അഹങ്കാരി ഇബ്ലീസ് തന്നെ. അല്ലാഹുﷻവിന്റെ കൽപന അവൻ ലംഘിച്ചു. എല്ലാ അഹങ്കാരികളും അവന്റെ കൂട്ടുകാരാണ്. അവൻ കാണിക്കുന്ന വഴിയിലുടെ അഹങ്കാരികളും അത്യാഗ്രഹികളും അസൂയക്കാരും സഞ്ചരിക്കുന്നു.