പ്രഭാതത്തിനു മുമ്പെ ലൂത്വ് (അ) കുടുംബത്തോടൊപ്പം നാട്ടിന്റെ അതിർത്തിയും വിട്ടു കടന്നു പോയിരുന്നു. ആരായിരുന്നു നബിയോടൊപ്പം ഉണ്ടായിരുന്നത്..? ഒരേയൊരു വീട്ടുകാർ. നമ്മുടെ ചിന്താമണ്ഡലത്തെ തട്ടിയുണർത്തേണ്ട സംഭവം. സൂറത്തു ദാരിയാത്തിൽ ഇങ്ങനെ കാണാം :
"അങ്ങനെ അവിടെയുള്ള സത്യവിശ്വാസികളെയെല്ലാം നാം പുറത്താക്കി (രക്ഷപ്പെടുത്തി)." (51:35)
തൊട്ടടുത്ത വചനം ഇങ്ങനെ : فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِنَ الْمُسْلِمِينَ
(എന്നാൽ മുസ്ലിംകളിൽ പെട്ട ഒരു വീടല്ലാതെ നാം കണ്ടെത്തിയില്ല." (51:36)
മുസ്ലിം വീടെന്ന് പറയാൻ ഒരൊറ്റ വീടേയുള്ളു അത് ലൂത്വ് (അ)ന്റെ വീട് തന്നെ.
ഖുർആൻ തുടരുന്നു : "വേദനയേറിയ ശിക്ഷയെ ഭയപ്പെടുന്നവർക്ക് ഒരു ദൃഷ്ടാന്തം നാം അതിൽ അവശേഷിപ്പിക്കുകയും ചെയ്തു." (51;37)
വളരെ ഗൗരവത്തോടെ മനസ്സിലാക്കേണ്ട വചനമാണിത് "وَتَرَكْنَا فِيهَا آيَةً لِلَّذِينَ يَخَافُونَ الْعَذَابَ الْأَلِيمَ"
വേദനാജനകമായ ശിക്ഷ ഭയപ്പെടുന്നവർക്ക് ഒരു ദൃഷ്ടാന്തം അല്ലാഹുﷻ അവശേഷിപ്പിച്ചിരിക്കുന്നു. എന്താണാ ദൃഷ്ടാന്തം..?
ചാവുകടലും പരിസരവും തന്നെ. അല്ലാഹുﷻന്റെ കൽപനകൾ ലംഘിച്ചു ജീവിക്കുന്ന സകല ധിക്കാരികൾക്കും ചാവുകടൽ ഗൗരവമുള്ള താക്കീതാണ് നൽകുന്നത്...
അഞ്ച് രാജ്യങ്ങൾ അവ അടിമേൽ മറിക്കപ്പെട്ടു. പട്ടണങ്ങളും നാട്ടിൻപുറങ്ങളും ചാവുകടലിൽ താഴ്ന്നുപോയി. ഒരു തലമുറയുടെ സകല സമ്പാദ്യങ്ങളും മണ്ണടിഞ്ഞുപോയി. അവയുടെ ഭീകരമായ ഓർമയുമായി ചാവുകടൽ ഇന്നും നിലനിൽക്കുന്നു...
സൂറത്ത് ഹൂദിൽ പറയുന്നു : "അങ്ങനെ നമ്മുടെ കൽപ്പന വന്നപ്പോൾ അതിന്റെ (രാജ്യത്തിന്റെ ) മുകൾഭാഗം അതിന്റെ താഴ്ഭാഗമാക്കി മറിക്കുകയും, അതിൽ (മേൽക്കുമേൽ) അട്ടിയാക്കപ്പെട്ട ചൂളവെച്ച ഇഷ്ടികക്കല്ലുകളെ നാം വർഷിപ്പിക്കുകയും ചെയ്തു." (11:82) "നിന്റെ റബ്ബിന്റെ അടുക്കൽ അടയാളം വെക്കപ്പെട്ട (കല്ലുകൾ ) അവ ഈ അക്രമികളിൽ നിന്ന് വിദൂരമായതൊന്നുമല്ല." (11:83)
അടിമേൽ മറിക്കപ്പെട്ട രാജ്യം മക്കായിലെ മുശ്രിക്കുകൾക്ക് പരിചയമുള്ള സ്ഥലം തന്നെയാണ്. അല്ലാഹുﷻ അറിയിച്ചു കൊടുത്തതനുസരിച്ചു നബിﷺതങ്ങൾ അടിമേൽ മറിക്കപ്പെട്ട നാടുകളുടെ ചരിത്രം പറയുകയാണ്. മുശ്രിക്കുകൾക്ക് അവയൊന്നും നിഷേധിക്കാൻ കഴിയുന്നില്ല...
ആയത്തിൽ പറഞ്ഞതിങ്ങനെയാണ്. مُسَوَّمَةً عِنْدَ رَبِّكَ ۖ وَمَا هِيَ مِنَ الظَّالِمِينَ بِبَعِيدٍ അത് അക്രമികളിൽ നിന്ന് വിദൂരമായതൊന്നുമല്ല. ഇത് രണ്ട് വിധത്തിൽ വ്യാഖാനിച്ചു കാണുന്നു.
1. ആ ശിക്ഷ അവർക്ക് അനുയോജ്യം തന്നെയായിരുന്നു.
2. മക്കാ മുശ്രിക്കുകൾ ശാമിലേക്ക് യാത്ര ചെയ്യുന്നവരാണ്. ചാവുകടൽ അവരുടെ യാത്രാ റൂട്ടിന്റെ സമീപത്താണ്. വിദൂരമല്ല. സൂറത്ത് ഹിജ്റിലെ വിവരണം നോക്കാം. അന്യ നാട്ടുകാർ യാത്ര ചെയ്യുമ്പോൾ പിടികൂടി നീചവൃത്തിക്കു വിധേയമാക്കുകയെന്നത് ആ സമൂഹത്തിന്റെ സ്വഭാവമായിരുന്നു...
ഇങ്ങനെ പിടികൂടപ്പെട്ട ചിലർ ഓടിരക്ഷപ്പെടുകയും ലൂത്വ് നബി (അ)ന്റെ വീട്ടിൽ അഭയം തേടുകയും ചെയ്തിട്ടുണ്ട്. പുറം നാട്ടുകാരായ പല യുവാക്കൾക്കും ലൂത്വ് (അ)അഭയം നൽകി. ഇത് ആ നീചന്മാരെ പ്രകോപിതരാക്കി. അവർ ലൂത്വ് (അ)ന് ഇങ്ങനെ മുന്നറിയിപ്പ് നൽകി.
"ലോകരുടെ കാര്യത്തിൽ നീ ഇടപെടരുത്."
ഇപ്പോൾ മലക്കുകൾ കോമള യുവാക്കളുടെ രൂപത്തിൽ വന്നു. അപ്പോൾ ആളുകൾ തടിച്ചുകൂടി. അവർ ചോദിച്ചു: "ലോകരുടെ കാര്യത്തിൽ നീ ഇടപെടരുത് എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ലേ? നീയെന്താ അനുസരിക്കാത്തത്? ഇവർ പുറംനാട്ടുകാരാണ് അവരെ ഇറക്കിവിടണം."
അതിന് ലൂത്വ് (അ)മറുപടി നൽകിയതിങ്ങനെ : "ഇവർ എന്റെ വിരുന്നുകാരാണ്. എന്നെ നിങ്ങൾ വഷളാക്കരുത്. നിങ്ങൾ അല്ലാഹുﷻനെ സൂക്ഷിക്കുവിൻ. എന്നെ അപമാനിക്കരുത്."
അപ്പോൾ അവർ ചോദിച്ചു : "ലോകരെക്കുറിച്ച് നിന്നോട് ഞങ്ങൾ വിരോധിച്ചിട്ടില്ലേ?"
സൂറത്ത് ഹിജ്റിൽ ആരംഗം ഇങ്ങനെ കാണാം ; "അങ്ങനെ ലൂത്വിന്റെ കുടുംബത്തിൽ ആ ദൂതന്മാർ വന്നപ്പോൾ." (15:61)
"അദ്ദേഹം പറഞ്ഞു ; നിങ്ങൾ പരിചയമില്ലാത്ത ആളുകളാണ്." (15:62)
ലൂത്വ് (അ)ന് അവരെ പരിചയമില്ല ആരാണ്? എവിടെ നിന്ന് വരുന്നു ആഗമനോദ്ദേശ്യം എന്താണ്? ഇതൊക്കെ അറിയാനാഗ്രഹമുണ്ട്. ഈ ആഗമനം തന്നെ വല്ലാതെ അസ്വസ്ഥനാക്കുകയും ചെയ്യുന്നു. സ്വസ്ഥത കെടുത്താനുള്ള വരവ്. ഇങ്ങനെ പല ചിന്തകൾ മനസ്സിൽ കെട്ടുപിണഞ്ഞു. അപ്പോൾ ആഗതർ നൽകിയ മറുപടി. വിശുദ്ധ ഖുർആൻ പറയുന്നു :
"മലക്കുകൾ പറഞ്ഞു : ഈ ജനത ഏതൊരു കാര്യത്തിൽ സംശയാലുക്കളാണോ അതുകൊണ്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്." (15:63)
അവർ ഏതൊരു കാര്യത്തിലാണ് സംശയാലുക്കളായത്..? ശിക്ഷയുടെ കാര്യത്തിൽ...
അല്ലാഹുﷻ ഏകനാണെന്നും താൻ അവന്റെ നബിയാണെന്നും വിശ്വസിക്കണമെന്ന് ലൂത്വ് (അ) അവരോട് പറഞ്ഞു. എല്ലാ താക്കീതുകളും അവർ തള്ളിക്കളഞ്ഞപ്പോൾ നബി പറഞ്ഞു ; "അല്ലാഹുﷻവിന്റെ ശിക്ഷ വരും."
"ശിക്ഷ വരുമോ? എങ്ങനെ വരാൻ..?"
അങ്ങനെ അക്കാര്യത്തിൽ അവർ സംശയാലുക്കളായിത്തീർന്നു. ശിക്ഷയുടെ കാര്യത്തിൽ ഉറപ്പു വന്നിട്ടില്ല. അടുത്ത പ്രഭാതത്തിനു മമ്പെ ഉറപ്പ് വരും. ലൂത്വ് (അ)ന് കാര്യങ്ങൾ മനസ്സിലായി...