Wednesday - 22 April, 2026 4-Dhu al-Qadah-1447

നാട് വിടാൻ കൽപന (3)

   ഖുർആൻ തുടർന്നു പറയുന്നു: "മലക്കുകൾ പറഞ്ഞു: ഞങ്ങൾ നിങ്ങൾക്ക് യാഥാർത്ഥ്യവുമായി (ഹഖുമായി) വന്നിരിക്കുകയാണ്. നിശ്ചയമായും ഞങ്ങൾ സത്യം പറയുന്നവരാകുന്നു." (15:64)


"അതിനാൽ താങ്കൾ താങ്കളുടെ ആൾക്കാരുമായി രാത്രിയിൽ നിന്നുള്ള ഒരംശത്തിൽ യാത്ര ചെയ്തുകൊള്ളുക. അവരുടെ പിന്നാലെ നിങ്ങൾ അനുഗമിക്കുകയും ചെയ്യുക. നിങ്ങളിൽ ഒരാളും തിരിഞ്ഞു നോക്കരുത്. നിങ്ങളോട്  കൽപിക്കപ്പെടുന്നേടത്തേക്ക് നിങ്ങൾ പോവുകയും ചെയ്യുക."  (15:65)


ഒരു സമുദായം വേരോടെ പിഴുതെറിയപ്പെടാൻ പോവുകയാണ്. ഖുർആൻ പ്രയോഗം ഇങ്ങനെയാണ്...                                  أَنَّ دَابِرَ هَٰؤُلَاءِ مَقْطُوعٌ مُصْبِحِينَ

 (പ്രഭാതവേളയിലായിരിക്കെ ഇക്കൂട്ടരുടെ മൂട് മുറിക്കപ്പെടുന്നതാണ് ) പറ്റെ നശിപ്പിക്കപ്പെടുന്നതാണെന്ന് സാരം. ഖുർആൻ പറയുന്നു : "ആ കാര്യം നാം ലൂത്വിന് തീരുമാനം ചെയ്തു കൊടുത്തു. പ്രഭാത വേളയിലായിരിക്കെ ഇക്കൂട്ടരുടെ മൂട് മുറിക്കപ്പെടുന്നതാണ്." (15:66)


 അപകടം തലക്കു മുകളിലെത്തിക്കഴിഞ്ഞു. വിവരംകെട്ട ജനത അപ്പോഴും ആഹ്ലാദത്തിമർപ്പിലാണ്. യുവകോമളന്മാരെ നീചവൃത്തിക്ക് ഉപയോഗിക്കാൻ കഴിയുമെന്ന ചിന്തയാണ് അവരെ ആഹ്ലാദം കൊള്ളിക്കുന്നത്. തങ്ങളുടെ നീചകൃത്യങ്ങൾക്കും ധിക്കാരത്തിനുമുള്ള ശിക്ഷയുമായി വന്നവരാണ് മുമ്പിലിരിക്കുന്നതെന്ന് മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ല...


 ഖുർആൻ പറയുന്നു : "പട്ടണത്തിലെ ആൾക്കാർ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് വന്നു."  (15;67)

"ലൂത്വ്  (അ)പറഞ്ഞു :നിശ്ചയമായും ഇവർ എന്റെ അതിഥികളാണ്. അതിനാൽ എന്നെ നിങ്ങൾ വഷളാക്കരുത്." (15:68)

"നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കുവീൻ! എന്നെ അപമാനിക്കുകയും ചെയ്യരുത്." (15;69)


 അതിഥികൾ മലക്കുകളാണെന്ന് മനസ്സിലാവുന്നതിന് മുമ്പാണ് ലൂത്വ് (അ) ഈ വാക്കുകൾ പറഞ്ഞത്. 

ഖുർആൻ പറയുന്നു : "പട്ടണത്തിലെ ആൾക്കാർ പറഞ്ഞു : ലോകരെക്കുറിച്ച് നിന്നോട് ഞങ്ങൾ വിരോധിച്ചിട്ടുമില്ലേ?" (15;70)

"അദ്ദേഹം പറഞ്ഞു : ഇതാ എന്റെ പെൺമക്കൾ  (അവരെ ഞാൻ നിങ്ങൾക്കു വിവാഹം ചെയ്തുതരാം). നിങ്ങൾ വല്ലതും ചെയ്യുന്നവരാണെങ്കിൽ." (15:71)


 യുവകോമളന്മാരെ കണ്ടതോടെ അവർ കാമലഹരിയിൽ മതിമറന്നിരിക്കുകയാണ്. സമചിത്തത പോയവരെപ്പോലെ ലഹരിയിൽ അലഞ്ഞു തിരിയുകയാണവർ. ഖുർആൻ പറയുന്നു : "നിന്റെ ആയുഷ്കാലം തന്നെ സത്യം. നിശ്ചയമായും അവർ അവരുടെ ലഹരിയിൽ അലഞ്ഞു നടക്കുകയാണ്." (15:72)


 ഇവിടെ സത്യം ചെയ്തു പറയുന്നത് അല്ലാഹുﷻവാണ്. നിന്റെ ആയുഷ്കാലം തന്നെ സത്യം എന്നാണ് പ്രയോഗം. ഖുർആൻ തുടരുന്നു : "എന്നിട്ട് അവർ ഉദയ വേളയിലായിരിക്കെ ഘോര ശബ്ദം അവരെ പിടികൂടി." (15:73) "അങ്ങനെ ആ രാജ്യത്തിന്റെ ഉപരിഭാഗത്തെ നാം അതിന്റെ താഴ്ഭാഗമാക്കി  (തല കീഴാക്കി മറിച്ചു). അവരുടെ മേൽ ചൂളവെക്കപ്പെട്ട ഇഷ്ടികക്കല്ല് നാം വർഷിപ്പിക്കുകയും ചെയ്തു."  (15:74)


 "നിശ്ചയം നിരീക്ഷിച്ചു ഗ്രഹിക്കുന്നവർക്ക് അതിൽ പല ദൃഷ്ടാന്തങ്ങളുണ്ട്." (15:75)

"തീർച്ചയായും ആ രാജ്യം (ഇന്നും) സ്ഥിരമായി നിലകൊള്ളുന്ന ഒരു വഴിയിൽ തന്നെയാണ്."  (15:76)


 നിശ്ചയമായും അതിൽ സത്യവിശ്വാസികൾക്ക് ദൃഷ്ടാന്തമുണ്ട്. അറബികൾ ശാം യാത്ര നടത്തുന്നവരാണ്. ഖുർആന്റെ അവതരണ കാലത്ത് യാത്രകൾ സജീവമാണ്. സദൂം പ്രദേശങ്ങൾ അവർക്ക് സുപരിചിതമായിരുന്നു. നശിച്ചുപോയ രാജ്യങ്ങളുടെ അവശിഷ്ടങ്ങൾ അവർ കാണാറുണ്ട്. ബഹ്റുൽ മയ്യിത്ത്, ബഹ്റു ലൂത്വ് എന്നൊക്കെയാണ് അന്ന് പറയപ്പെടുക... 


 അവരുടെ സ്ഥിരമായ യാത്രാമാർഗത്തിലാണ് സദൂം പ്രദേശങ്ങളെന്ന് ഖുർആൻ പറയുന്നു. നശിച്ച ജനതയെക്കുറിച്ചുള്ള വേണ്ടത്ര വ്യക്തതയില്ലാത്ത കഥകൾ അക്കാലത്ത് യാത്രക്കാർ കേൾക്കാറുണ്ട്. മക്കയിൽ അത്തരം കഥകൾ പലർക്കുമറിയാം. വിശുദ്ധ ഖുർആനിലെ വചനങ്ങളിലൂടെ ചരിത്രം വ്യക്തമാക്കപ്പെട്ടു. എതിരാളികൾ പോലും അത് ശ്രദ്ധിച്ചു കേട്ടു മനസ്സിലാക്കി...