യുവകോമളന്മാർ വന്നു കയറിയപ്പോൾ ലൂത്വ് (അ)ന്റെ മനസ്സ് വിങ്ങിപ്പോയി. ഇതൊരു കഠിനമായ ദിവസം തന്നെ. എന്നാണ് പ്രവാചകന് തോന്നിയത്. ഇതിനെക്കുറിച്ച് സൂറത്ത് ഹൂദിൽ എന്ത് പറയുന്നുവെന്ന് നോക്കാം...
"നമ്മുടെ ദൂതന്മാർ ലൂത്വിന്റെ അടുക്കൽ ചെന്നപ്പോൾ അവർമൂലം അദ്ദേഹത്തിന് അനിഷ്‌ടം (വ്യസനം) പിടിപെട്ടു. അവർ കാരണം മനസ്സിടുങ്ങുകയും ചെയ്തു. ഇതൊരു കഠിനമായ ദിവസമാണ് എന്നദ്ദേഹം പറയുകയും ചെയ്തു." (11:77)
"അദ്ദേഹത്തിന്റെ ജനങ്ങൾ അദ്ദേഹത്തിലേക്ക് ധൃതിപ്പെട്ട് ഓടിവന്നു. മുമ്പേ അവർ ദുഷ്ട പ്രവർത്തികൾ ചെയ്തുവരികയായിരുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ ഇതാ എന്റെ പെൺമക്കൾ. അവർ വളരെ ശുദ്ധമായുള്ളവരാണ്. അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ. എന്റെ അതിഥികളുടെ കാര്യത്തിൽ എന്നെ നിങ്ങൾ അപമാനപ്പെടുത്തരുതേ...! നിങ്ങളുടെ കൂട്ടത്തിൽ തന്റേടമുള്ള ഒരു പുരുഷനുമില്ലേ?" (11:78)
കരളിൽ തറക്കുന്ന ചോദ്യമല്ലേയിത്? നിങ്ങളുടെ കൂട്ടത്തിൽ കാര്യബോധമുള്ള ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ ഈ നീചവൃത്തിയിൽ നിങ്ങളെ തടയുമായിരുന്നു. എന്റെ പെൺമക്കളെ വിവാഹം ചെയ്തു തരാമെന്ന് വരെ പറഞ്ഞു നോക്കി. "നിന്റെ പെൺമക്കളെ ഞങ്ങൾക്കെന്തിനാണ്?" അതാണവരുടെ ചോദ്യം.
ഒരു സമുദായത്തിൽ പ്രവാചകന് പിതാവിന്റെ സ്ഥാനമാണ്. നാട്ടിലെ പെൺമക്കളെല്ലാം നബിക്ക് പുത്രിമാരാണ്. എന്റെ പുത്രിമാരെ വിവാഹം ചെയ്തു തരാം എന്ന് പറഞ്ഞാൽ സ്ത്രീകളെ വിവാഹം ചെയ്യുക എന്നർത്ഥം. ഞങ്ങൾക്കാവശ്യം യുവാക്കളെയാണ്. ഇറക്കിവീടൂ. അത് മാത്രമേ അവർക്കു പറയാനുള്ളൂ. ഖുർആൻ പറയുന്നത് നോക്കൂ...
"അവർ പറഞ്ഞു : നിന്റെ പെൺമക്കളിൽ ഞങ്ങൾക്കൊരു കാര്യവുമില്ല. അത് നിനക്ക് നന്നായറിയാം. നിശ്ചയമായും നിനക്കറിയാം, ഞങ്ങളുദ്ദേശിക്കുന്നതെന്താണെന്ന്." (11:79)
"ലൂത്വ് (അ)പറഞ്ഞു : എനിക്ക് നിങ്ങളെ നേരിടാൻ വല്ല ശക്തിയും ഉണ്ടായിരുന്നെങ്കിൽ...! അല്ലെങ്കിൽ ശക്തമായൊരു കേന്ദ്രത്തിൽ അഭയം പ്രാപിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!" (11;80)
നിസ്സഹായാവസ്ഥയിൽ മനം കാക്കാൻ വെമ്പൽ കൊള്ളുന്ന പ്രവാചകന്റെ ശബ്ദമാണത്. ഖുർആൻ പറയുന്നത് നോക്കൂ...
"മലക്കുകൾ പറഞ്ഞു : ഓ ലൂത്വ് ഞങ്ങൾ നിങ്ങളുടെ റബ്ബിന്റെ ദൂതന്മാരാകുന്നു. ജനങ്ങൾ നിങ്ങളിലേക്ക് വന്നു ചേരുകയില്ല. ഇനി നിങ്ങൾ നിങ്ങളുടെ കുടുംബത്തെയും കൂട്ടി രാത്രിയിൽ നിന്നുള്ള ഒരംശത്തിൽ (രാത്രി കഴിയുംമുമ്പേ) യാത്ര ചെയ്തുകൊള്ളുക. നിങ്ങളിൽ നിന്നൊരാളും (പോകുമ്പോൾ) തിരിഞ്ഞു നോക്കരുത്. നിങ്ങളുടെ ഭാര്യ ഒഴികെ. ജനങ്ങളെ ബാധിക്കുന്നത് അവരെയും ബാധിക്കും. തീർച്ചയായും അവരുടെ നിശ്ചിത സമയം പ്രഭാതമാകുന്നു. പ്രഭാതം അടുത്തില്ലേ?" (11:81)
രാത്രി കുറെയായിക്കഴിഞ്ഞു. പ്രഭാതം അടുക്കാറായി. ഉടനെ പുറപ്പെടുക. ലൂത്വ് (അ)നോട് മലക്കുകൾ ആവശ്യപ്പെട്ടു. ഭാര്യ നബിയോടൊപ്പമാണ് താമസം. പക്ഷെ വിശ്വാസിയല്ല. ശിക്ഷ അർഹിക്കുന്നവളാണ്. യാത്ര പോകുമ്പോൾ തിരിഞ്ഞുനോക്കരുത്. ആ നിർദ്ദേശം ഭാര്യ സ്വീകരിക്കില്ല. ഭാര്യ തിരിഞ്ഞുനോക്കും. ശിക്ഷയിൽ പെടുകയും ചെയ്യും...
കൈയിലെടുക്കാവുന്ന സാധനങ്ങളുമായി ലൂത്വ് (അ) പുറപ്പെടുകയാണ്. കൂടെ തന്റെ പ്രിയപ്പെട്ട പുത്രിമാർ മാത്രം. ഭാര്യ കൂടെയുണ്ട്. പക്ഷെ പിന്തിരിഞ്ഞു നോക്കും. അതോടെ അപകടത്തിൽ പെടുകയും ചെയ്യും...
സൂറത്ത് അഹ്റാഫിൽ പറയുന്നതിങ്ങനെ: "അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭാര്യ ഒഴികെയുള്ള തന്റെ ആൾക്കാരെയും നാം രക്ഷപ്പെടുത്തി. അവൾ (രക്ഷപ്പെടാതെ) കഴിഞ്ഞുപോയവരിൽ പെട്ടവളായിത്തീർന്നു. (7:83)
"അവരുടെ മേൽ നാം ഒരുതരം മഴ വർഷിപ്പിക്കുകയും ചെയ്തു. അപ്പോൾ നോക്കൂ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്." (7:84)
ഇവിടെ മഴ എന്ന് പറഞ്ഞത് കല്ല്കൊണ്ടുള്ള മഴയാണ്. അടയാളപ്പെടുത്തപ്പെട്ട കല്ലിന്റെ മഴ. അത് കൊണ്ടവരാരും ബാക്കിയാവില്ല. ഒരു ധിക്കാരിക്കും അതിനെ തടുത്തു നിർത്താനാവില്ല. അല്ലാഹുﷻന്റെ വിധിക്കു മുമ്പിൽ മനുഷ്യനെത്ര നിസ്സാരൻ. പ്രഭാതത്തോടടുത്ത സമയം. ശിക്ഷയിറങ്ങിയതപ്പോഴാണ്. സൂറത്ത് ഹൂദിലെ വാക്കുകൾ ആർക്കാണ് ഞെട്ടലുണ്ടാക്കാത്തത്..?
إِنَّ مَوْعِدَهُمُ الصُّبْحُ ۚ أَلَيْسَ الصُّبْحُ بِقَرِيبٍ
"അവരുടെ നിശ്ചിത സമയം പ്രഭാതമാകുന്നു പ്രഭാതം സമീപത്തല്ലേ..?"