Thursday - 23 April, 2026 5-Dhu al-Qadah-1447

അതിഥികൾ (2)

   മലക്കുകൾ ഇബ്റാഹീം നബി (അ)ന്റെ വീട്ടിൽ നിന്ന് ഇറങ്ങുകയാണ്. ഇബ്രാഹിം  (അ)ന് കൂടെ പോവാൻ ആഗ്രഹം. കുറെ ദൂരം അവരോടൊപ്പം യാത്ര ചെയ്തു. മലക്കുകൾ ഇബ്രാഹിം (അ)നെ കർശനമായി വിലക്കി. ഇനി മുമ്പോട്ട് നീങ്ങരുത് മടങ്ങിപ്പോവുക. ശിക്ഷ കാണാൻ നിങ്ങളെക്കൊണ്ടാവില്ല. ഇബ്രാഹിം (അ)അനുസരിച്ചു...


ഒരു കാലഘട്ടം അവസാനിക്കാൻ പോവുന്നു. ലൂത്വ് (അ)ന്റെ സമുദായത്തിന്റെ വിധി ഇതായിപ്പോയി. മലക്കുകൾ സദൂമിലേക്ക് കടന്നുവരികയാണ്. ലൂത്വ് (അ) നല്ലൊരു കർഷകൻ കൂടിയാണ്. അന്നത്തെ കൃഷിപ്പണിയൊക്കെ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി. കുളിച്ചൊരുങ്ങി...


 അപ്പോൾ ചില ചെറുപ്പക്കാർ കയറിവരുന്നു. എന്തൊരു സൗന്ദര്യമാണവർക്ക്. ലൂത്വ്  (അ)ന്റെ ഭാര്യ അവരെ കണ്ടു. ഒട്ടും സമയം പാഴാക്കാതെ അവർ പുറത്തിറങ്ങി. അങ്ങാടിയിലെ പുരുഷന്മാർക്ക് വിവരം നൽകി. ആ വാർത്ത അവരെ ആഹ്ലാദം കൊള്ളിച്ചു. സന്തോഷവാർത്ത അങ്ങാടിയിൽ പരന്നു. പിന്നെ പരിസര പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. പുരുഷന്മാർ വികാരാവേശത്തോടെ ഓടി. കാമകേളികൾക്കിതാ സുവർണാവസരം. ലൂത്വ് (അ)ന്റെ വീട്ടിലേക്ക് കാമവെറിയന്മാർ കൂട്ടത്തോടെ ഓടിവരികയാണ്...


 അതിഥികൾ വന്നു കയറിയപ്പോൾ ലൂത്വ് (അ) അസ്വസ്ഥനായി. അതിഥികളെ മാന്യമായി സ്വീകരിക്കാനോ സൽകരിക്കാനോ സൗകര്യമില്ല. ഈ കോമള യുവാക്കളെ ആ വൃത്തികെട്ടവന്മാർ കണ്ടാൽ എന്തൊക്കെ വിപത്തുകളാണുണ്ടാവുക. അതിഥികളെ അവർ അപമാനിക്കില്ലേ? അദ്ദേഹം വീട്ടിന്റെ വാതിലടച്ചു. പുറത്തുനിന്ന് നോക്കിയാൽ കാണേണ്ട. മനസ്സ് നിറയെ വെപ്രാളം. വല്ലാത്ത ഉൽക്കണ്ഠ...


 ഭയന്നത് തന്നെ സംഭവിച്ചു. നീചകൃത്യം ചെയ്യുന്നതിൽ  അത്യാവേശം കാണിക്കുന്ന ആഭാസന്മാരുടെ ശബ്ദം കേൾക്കുന്നു. അവർ മുറ്റത്തെത്തിക്കഴിഞ്ഞു. 


"ലൂത്വ് അവരെ ഇറക്കിവീടൂ... ഞങ്ങളൊന്നു കാണട്ടെ!" 


"എന്റെ നാട്ടുകാരേ നിങ്ങൾ മടങ്ങിപ്പോകൂ... എന്റെ അതിഥികളെ നാണംകെടുത്തരുതേ!" ലൂത്വ് (അ)അവരോട് അപേക്ഷിച്ചു നോക്കി. 


"ലൂത്വ് അവരെ ഇറക്കിവീടൂ... ഞങ്ങൾക്കവരെ വേണം... ഞങ്ങൾക്കവരെ ആവശ്യമുണ്ട്. ഞങ്ങളുടെ ആവശ്യം എന്താണെന്ന് നിനക്കറിയാമല്ലോ? എതിര് നിൽക്കണ്ട. എതിർത്താൽ ബലം പ്രയോഗിക്കും. ഇറക്കിവിട്ടോ!" 


ലൂത്വ് (അ) ധർമസങ്കടത്തിലായി.


 "എന്റെ ജനങ്ങളേ! ഞാൻ പറയുന്നത് മനസ്സിലാക്കൂ. നിങ്ങൾ ദുർവിചാരങ്ങളുമായി എന്റെ അതിഥികളെ സമീപിക്കരുത്. ഭർത്താക്കന്മാർ ഭാര്യമാരെയാണ് സമീപിക്കേണ്ടത്. എന്റെ പെൺമക്കളെ ഞാൻ വിവാഹം ചെയ്തു തരാം. എന്നാലും നിങ്ങളെന്റെ അതിഥികളെ നാണം കെടുത്തരുത്. കാര്യം പറഞ്ഞാൽ മനസ്സിലാവുന്ന കാര്യബോധമുള്ള ആരും നിങ്ങളുടെ കൂട്ടത്തിലില്ലേ?" 


 എന്നെ സഹായിക്കാനാണെങ്കിൽ ഇവിടെ മറ്റാരുമില്ലല്ലോ. മുറ്റത്ത് ആൾക്കൂട്ടം വളരുകയാണ്. അവർ വീട്ടിനകത്തേക്ക് തള്ളിക്കയറി വരികയാണ്. യുവകോമളന്മാരെ അവർ കണ്ടു കഴിഞ്ഞു. ഇത്രയും അഴകുള്ള ചെറുപ്പക്കാരെ ഇത്രയും സൗകര്യത്തിൽ കിട്ടിയിട്ട് വെറുതെ വിട്ടുകളയുകയോ? വൃത്തികെട്ടവന്മാർ ആവേശം കൊള്ളുകയാണ്. കാമപരവശരായ ആഭാസന്മാർ പരസ്യമായിത്തന്നെ അവർ നീചകൃത്യം ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു... 


 ലൂത്വ് (അ)വല്ലാതെ പരവശനായിരിക്കുന്നു. അപ്പോൾ ആഗതർ പറഞ്ഞു:


"ഒന്നും പേടിക്കേണ്ട. അവർക്ക് ഇങ്ങോട്ടെത്താൻ കഴിയുകയില്ല." 


ലൂത്വ് (അ) അവരുടെ മുഖത്തേക്ക് അതിശയത്തോടെ നോക്കി. അവർ പറഞ്ഞു:


 "ഞങ്ങൾ മലക്കുകളാണ് "


 ലൂത്വ് (അ) ഞെട്ടി. മലക്കുകൾ! മലക്കുകൾ! ഇവരെന്തിന് വന്നു? ശിക്ഷയുമായി വന്നതാണോ? ഈ മനുഷ്യരെന്തറിഞ്ഞു? അവർ കാമവെറിയോടെ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കുന്നു. ആഭാസ വാക്കുകൾ വിളിച്ചു പറയുന്നു. 


"ലൂത്വ്....ഇറക്കിവിടവരെ? ഞങ്ങളൊന്ന് കണ്ടാസ്വദിക്കട്ടെ! തൊട്ടു നോക്കട്ടെ!" 


 ഒരു മുന്നേറ്റം ജനം ആർത്തിരമ്പി വരികയാണ്. അപ്പോൾ അത് സംഭവിച്ചു. ജിബ്രീൽ (അ) ചിറക് കൊണ്ട് ഒരൊറ്റ അടി. പലർക്കും മുഖത്താണ് അടി കിട്ടിയത്. അവരുടെ കാഴ്ച പോയി. ശക്തന്മാരുടെ മനുഷ്യർ മറിഞ്ഞു വീണു. മറ്റുള്ളവർ പരക്കം പായുകയാണ്. ജീവനുംകൊണ്ടുള്ള ഓട്ടം...