ദീനീ പ്രവർത്തനം ജനങ്ങളിൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ടാവരുത്. അല്ലാഹുﷻൽ നിന്നാണ് പ്രതിഫലം പ്രതീക്ഷിക്കേണ്ടത്. ജനങ്ങളുടെ പ്രതിഫലമാണോ മെച്ചം?
അതോ പടച്ചവന്റെ പ്രതിഫലമോ?
മെച്ചപ്പെട്ടത് അല്ലാഹുﷻന്റെ പ്രതിഫലം തന്നെ. പടച്ചവൻ തരുന്നത് പോലെ പടപ്പുകൾക്ക് പ്രതിഫലം തരാൻ കഴിയുമോ? ഒരിക്കലുമില്ല...
ഇതൊക്കെ അറിയാവുന്നവർ തന്നെ മനുഷ്യരുടെ പ്രതിഫലം മോഹിക്കുന്നു. പടച്ചവന്റെ പ്രതിഫലത്തിന്റെ കാര്യം മറക്കുകയും ചെയ്യുന്നു. ഇത്തരക്കാർ നഷ്ടക്കച്ചവടമാണ് നടത്തുന്നത്. തുച്ഛമായ പ്രതിഫലത്തിന് വേണ്ടി മെച്ചമായത് നഷ്ടപ്പെടുത്തുന്നവർ. ഇത് മനുഷ്യർ നന്നായി മനസ്സിലാക്കാൻ വേണ്ടി പല പ്രവാചകന്മാരുടെയും വചനങ്ങൾ വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു. പ്രവാചകന്മാരും പിൻഗാമികളായ ഔലിയാക്കന്മാരും ഇതേ നിലപാട് സ്വീകരിച്ചതായി കാണാം..
ലൂത്വ് (അ)ന്റെ സമൂഹം നടത്തിക്കൊണ്ടിരുന്ന നീച കൃത്യത്തെക്കുറിച്ചുള്ളതാണ് അടുത്ത ഖുർആൻ വചനം...
"أَتَأْتُونَ الذُّكْرَانَ مِنَ الْعَالَمِينَ"
"ലോകരിൽ നിന്ന് നിങ്ങൾ മാത്രം ആണുങ്ങളുടെ അടുക്കൽ ചെല്ലുകയോ?" (26:165)
"നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്കുവേണ്ടി സൃഷ്ടിച്ചുതന്ന നിങ്ങളുടെ ഇണകളെ നിങ്ങൾ വിട്ടുകളയുകയും ചെയ്യുന്നുവോ? എന്നാൽ നിങ്ങൾ അതിക്രമകാരികളായ ഒരു ജനത തന്നെയാണ്." (26;166)
വളരെ വ്യക്തമായിത്തന്നെ ആ ജനതയുടെ ദുഷ്ചെയ്തിയെ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ റബ്ബ് നിങ്ങൾക്കുവേണ്ടി ഇണകളെ സൃഷ്ടിച്ചിരിക്കുന്നു. അതാണ് നിങ്ങളുടെ ഭാര്യമാർ. അവരെ നിങ്ങൾ വിട്ടുകളയുകയാണ്. എന്നിട്ട് പുരുഷന്മാരുടെ പിന്നാലെ പോകുന്നു. കാമപൂർത്തീകരണത്തിന് വേണ്ടി പുരുഷനെ സമീപിക്കുന്നത് നീചകൃത്യമാണ്. പ്രകൃതിവിരുദ്ധമാണ്. ഇത് അല്ലാഹുﷻന്റെ കൽപനയെ തള്ളിക്കളയലാണ്. അതുതന്നെയാണ് അതിക്രമം. ഭാര്യയെ സമീപിക്കുന്നത് പുണ്യകർമ്മമാണ്. പുരുഷനെ സമീപിക്കുന്നത് അതിക്രമവുമാണ്...
ലോകരിൽ മറ്റാരും ചെയ്യാത്ത അതിക്രമം. സമൂഹത്തിൽ വിവരമുള്ളവരും ഇല്ലാത്തവരും ഈ ദുഷിച്ച കൃത്യത്തിന്റെ ഗൗരവം മനസ്സിലാക്കണം. മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കണം. ഒന്നിച്ച് അന്തിയുറങ്ങുന്ന യുവാക്കൾക്കും കൗമാരപ്രായക്കാർക്കുമൊക്കെ ഇക്കാര്യം ഗൗരവത്തോടെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. വളരെ നിസ്സാരമായൊരു സംഗതിയായിട്ടാണ് പലരും ഇതിനെ മനസ്സിലാക്കിയിരിക്കുന്നത്...
മനസ്സിൽ പിശാചിന്റെ ശക്തമായ സാന്നിധ്യമുള്ളതുകൊണ്ടാണ് ഈ നീചകൃത്യത്തെ നിസ്സാരമായി കാണാൻ കഴിയുന്നത്. മറ്റുള്ളവരെ നഗ്നത കാണിക്കാൻ പിശാച് പ്രേരിപ്പിക്കും. മറ്റുള്ളവരുടെ നഗ്നത നോക്കിക്കാണാനും പിശാച് പ്രോത്സാഹിപ്പിക്കും. അത് ഒരുതരം ഹരമായി മനസ്സ് തോന്നിപ്പിക്കും...
കലാ കായിക വിനോദ മേഘലകളെല്ലാം പിശാച് അടക്കിവാഴുകയാണ്. അവിടെയെല്ലാം നഗ്നത ഒരു വലിയ സംഗതിയാണ്. സെക്സ് എന്ന ഓമനപ്പേരിട്ട് വിളിക്കും. എല്ലാം ഇബ്ലീസിന്റെ കളികൾ തന്നെ. കൗമാര പ്രായക്കാരായ ആൺകുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതിലാണ് ചിലർക്ക് താൽപ്പര്യം. പ്രകൃതിവിരുദ്ധ ചേഷ്ഠകൾ കൊലയിൽ വരെ എത്തിയ സംഭവങ്ങൾ എത്രയുണ്ട്..?
ഇതൊരു സാമൂഹിക വിപത്താണ്. ഈ നീചവൃത്തി പതിവാക്കിയവർക്ക് പലതരം മാനസിക പ്രശ്നങ്ങളുണ്ടാവുന്നുണ്ട്. സമാധാനം നിറഞ്ഞ കുടുംബജീവിതം നയിക്കാൻ കഴിയാതെപോവുന്നു. മാന്യതയുടെ അതിർവരമ്പുകൾ ഇല്ലാതാവുന്നു. പ്രായം ചെന്നിട്ട് പോലും ഈ ശീലം മാറ്റാൻ കഴിയാത്ത പലരുമുണ്ട്. സമൂഹത്തിൽ അവർ ഉന്നത സ്ഥാനം കൈയടക്കിവെച്ചിട്ടുണ്ട്...
മറ്റുള്ളവരുടെ നന്മകൾ കാണാൻ അവർക്കു കഴിയില്ല. എല്ലാവരും തന്നെപ്പോലെയാണെന്ന് അവർ കരുതും. അതുകാരണം മറ്റുള്ളവരെ ആദരിക്കാനും ബഹുമാനിക്കാനും സ്നേഹിക്കാനും അംഗീകരിക്കാനും അവർക്കു കഴിയില്ല. എല്ലാവരാലും അവഗണിക്കപ്പെടുന്ന ഒരവസ്ഥയിലേക്ക് അവർ അവസാനം എത്തിച്ചേരുകയും ചെയ്യും. അപ്പോൾ പിശാച് പൊട്ടിച്ചിരിക്കും. തന്റെ ദൗത്യം വിജയിച്ചതിലുള്ള അത്യാഹ്ലാദം പ്രകടിപ്പിക്കും...
ജീവിതത്തിന്റെ വിവിധ മേഘലകളിൽ നിന്ന് ധാർമ്മികത ചോർന്നു പോവുന്നു. എന്നതാണ് ഇന്നത്തെ വലിയ പരാതി. വിവിധ രംഗങ്ങളിൽ നേതൃത്വം വഹിക്കുന്നവർ ഇത്തരക്കാരായാൽ പിന്നെങ്ങനെ ധാർമ്മികത നിലനിൽക്കും. ജീർണതകൾക്കെതിരെ എന്തെല്ലാം പരിപാടികളാണ് നടക്കുന്നത്. ഈ ജീർണതക്കെതിരെ ഒരു പരാമർശം പോലും ഉയർന്നുവരുന്നില്ല. എന്തേ അങ്ങനെ..?
ചിന്തിക്കട്ടെ! ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ...