Wednesday - 22 April, 2026 4-Dhu al-Qadah-1447

പരസ്യമായി ചെയ്യുന്ന കുറ്റങ്ങൾ (1)

   ലൂത്വ് നബി (അ)ന്റെ സമുദായക്കാരുടെ ദുഷിച്ച പ്രവണതയിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന ചില വചനങ്ങൾ കൂടി കാണുക. സൂറത്തുൽ അഹ്റാഫിലെ വചനങ്ങൾ നോക്കാം... 


"ലൂത്വിനെയും (നാം അയച്ചു) അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദർഭം ഓർക്കുക. നിങ്ങൾ നീചവൃത്തിക്ക് ചെല്ലുകയോ?  ലോകരിൽ ഒരാളും തന്നെ നിങ്ങൾക്കു മുമ്പ് ഇത് ചെയ്തിട്ടില്ല."  (7:80)


"നിങ്ങൾ സ്ത്രീകളെ ഒഴിവാക്കി കാമവികാരത്താൽ പുരുഷന്മാരുടെ അടുക്കൽ ചെല്ലുന്നു. എന്നാൽ നിങ്ങൾ അതിര് കവിഞ്ഞ ഒരു ജനതയാകുന്നു." (7:81)


 ലോകത്തിൽ ഒരാളും തന്നെ നിങ്ങൾക്കു മുമ്പ് ഈ നീചവൃത്തി ചെയ്തിട്ടില്ലെന്ന് സൂറത്ത് അഹ്റാഫിലെ എൺപതാം ആയത്തിൽ പറയുന്നു. തൊട്ടടുത്ത വചനത്തിൽ ആ നീചവൃത്തി വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്. 


 കാമവികാരത്തോടെ പുരുഷനെ സമീപിക്കുക. ഭാര്യമാരെ ഒഴിവാക്കുക. ഇതാണ് നീചകൃത്യം. ഇത് കാരണം അവർ പരിധി ലംഘിച്ചവരായിത്തീർന്നു. എല്ലാ അതിർവരമ്പുകളും അവർ ലംഘിച്ചിരിക്കുന്നു. അത്തരക്കാർ ദുനിയാവിൽ നിന്ന് തന്നെ ശിക്ഷകൾ വാങ്ങും. 


 അവർക്കു മുമ്പ് ധിക്കാരികളായ ചില സമൂഹങ്ങൾ കടന്നുപോയിട്ടുണ്ട്. അവരോട് ചേർത്തി ഇക്കൂട്ടരെയും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അവരും അതിർവരമ്പുകൾ ലംഘിച്ചവരായിരുന്നു. പ്രവാചകന്മാരെ കളവാക്കുകയും ദ്രോഹിക്കുകയും ചെയ്തവരായിരുന്നു. സൂറത്ത് സ്വാദിൽ നിന്നുള്ള രണ്ട് വചനങ്ങൾ നോക്കൂ...


"നൂഹിന്റെ ജനതയും ആദ് ഗോത്രവും കുറ്റി (ആണി) യുടെ ആളായ ഫിർഔനും ഇവരുടെ മുമ്പ് വ്യാജമാക്കുകയുണ്ടായി." (38;12) 


"സമൂദ് ഗോത്രവും ലൂത്വിന്റെ ജനതയും ഐക്കത്തുകാരും (വ്യാജമാക്കി) അക്കൂട്ടരാണ് സത്യത്തിനെതിരെ അണിനിരന്ന കക്ഷികൾ."  (38:13)


 ആദ്യവചനത്തിൽ ഫിർഔന്റെ പേരും വിശേഷണവും കാണാം. കുറ്റിയുടെ ആൾ, ആണിയുടെ ആൾ എന്നൊക്കെ അർത്ഥം വരുന്ന  "ذُوالْأَوْتَادِ"

എന്ന വിശേഷണമാണ് നൽകപ്പെട്ടത്. തമ്പുകൾ ഉറപ്പിച്ചുനിർത്താനാണ് കുറ്റികൾ അടിക്കുന്നത്. തമ്പിന്റെ ചുറ്റുഭാഗത്തും കുറ്റിയടിച്ച് കയറുകൊണ്ട് വലിച്ചു കെട്ടും. കുറ്റി ഭദ്രമാവണം എന്നാൽ തമ്പ് ഇളകുകയില്ല. കാറ്റിൽ പറന്നുപോവില്ല. ഇതുപോലെ തന്റെ അധികാര ശക്തിയെ കുറ്റിയടിച്ചു ഭദ്രമാക്കി വെച്ചവനായിരുന്നു ശപിക്കപ്പെട്ട ഫിർഔൻ എന്നാണ്  "ذُوالْأَوْتَادْ" ഒരു വ്യാഖ്യാനം. 


 മറ്റൊരു വ്യാഖ്യാനം ഇങ്ങനെയാകുന്നു. കുറ്റി എന്നത് ഉറപ്പിന്റെ സൂചനയാണ്. ഒരു രാജ്യത്തെ ഉറപ്പിച്ചു നിർത്തുന്നത് സുശക്തമായ സൈന്യമാണ്. ഫിർഔനിന്റെ സൈന്യം സുശക്തമായിരുന്നു. ഏത് ശത്രുവിനെയും ജയിച്ചടക്കാൻ മാത്രം ശക്തം. ഈ ശക്തിയെ  "ذُو الْأَوْتَادِ" സൂചിപ്പിക്കുന്നു. 


 കുറ്റവാളികളെ ശിക്ഷിക്കുന്ന ഒരു പ്രാകൃത സമ്പ്രദായമുണ്ട്. ശരീരത്തിൽ കുറ്റിയോ ആണിയോ അടിച്ചു കയറ്റുക. ഫിർഔൻ തനിക്കിഷ്ടമല്ലാത്തവരെ നിർദയം ശിക്ഷിച്ചിരുന്നു. ഇത് മറ്റൊരു വ്യാഖ്യാനം. കൊടും ക്രൂരനായ ഫിർഔനോട് ലൂത്വ് നബി  (അ) ന്റെ സമുദായത്തെ ചേർത്തു പറഞ്ഞിരിക്കുന്നു. അവരുടെ ക്രൂര സ്വഭാവം അത്ര കടുത്തതായിരുന്നുവെന്ന് മനസ്സിലാക്കാം... 


 നൂഹ് (അ)ന്റെ സമുദായം എത്ര കടുത്ത ധിക്കാരികളായിരുന്നു. പ്രളയം അവരെ ബാധിച്ചു. കടുത്ത ശിക്ഷ തന്നെ അവരുടെ പാപ ഭാരം അത്ര കനമുള്ളതായിരുന്നുവെന്ന് മനസ്സിലാക്കണം. ആദ് സമൂഹവും സമൂദ് ഗോത്രവും ധിക്കാരത്തിന്റെ പ്രതിരൂപങ്ങളായിരുന്നു. അവരെ കുറ്റപ്പെടുത്തി. അതേ ഗൗരവത്തിൽ തന്നെയാണ് ലൂത്വ് നബി (അ) ന്റെ സമൂഹത്തെയും കുറ്റപ്പെടുത്തുന്നത്.


 മറ്റൊരു കൂട്ടർ ഐക്കത്തുകാരാണ്. അസ്ഹാബുകൾ ഐക്കത്ത്. അവർ ശുഐബ് നബി (അ)ന്റെ സമൂഹമാകുന്നു. ഐക്കത്ത് എന്നാൽ വൃക്ഷങ്ങൾ തിങ്ങിനിൽക്കുന്ന സ്ഥലം. ഇത് മദ് യാൻ എന്ന നാട്ടിലായിരുന്നു. മദ് യാന്റെ സമീപത്തുള്ള മറ്റൊരു പ്രദേശമായിരുന്നു എന്നൊക്കെ അഭിപ്രായമുണ്ട്...


 ഐകത്തുകാരും മദ് യാൻകാരും ഇവർ രണ്ട് ജനതയാണോ? ഒറ്റ ജനതയാണോ? രണ്ട് വിധത്തിലും പറയപ്പെട്ടിട്ടുണ്ട്. അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ ശുഐബ്  (അ) ആയിരുന്നു...


അളവിലും തൂക്കത്തിലും കുറവ് വരുത്തുകയെന്നതാണ് അവർ ചെയ്ത കുറ്റം. ഇതിനെ ശുഐബ് (അ) എതിർത്തു. അപ്പോൾ അവർ ശത്രുക്കളായി. കഠിനമായ ക്രൂരതയാണ് പിന്നെയവർ കാണിച്ചത്... 


 നൂഹ് (അ) ന്റെ ജനത, ആദ് സമൂഹം, സമൂദ് ഗോത്രം, ഐക്കത്തുകാർ എന്നിവർക്കൊപ്പമാണ് ധിക്കാരത്തിലും ക്രൂരതയിലും ലൂത്വ് നബി (അ)ന്റെ സമൂഹത്തെ നാം കാണുന്നത്...  


 ഈ സമൂഹങ്ങളെക്കുറിച്ച് അല്ലാഹുﷻ ഇത്രകൂടി പറയുന്നു : "ഇവരെല്ലാവരും ദൈവദൂതന്മാരെ വ്യാജമാക്കുകയല്ലാതെ ചെയ്തിട്ടില്ല. അങ്ങനെ എന്റെ പ്രതികാരശിക്ഷ അവരിൽ യാഥാർത്ഥ്യമായി." (38:14)