Wednesday - 22 April, 2026 4-Dhu al-Qadah-1447

മലക്കുകൾ വന്നു (2)

   ഇബ്രാഹിം (അ)ന് നൂറ് വയസ് കടന്നിരിക്കുന്നു. ഒരു നൂറ്റാണ്ടിന്റെ സാക്ഷി. നൂറ് വർഷത്തിനിടയിൽ എന്തെല്ലാം സംഭവങ്ങൾ. എല്ലാറ്റിനും സാക്ഷിയായി. മക്കയിൽ വളരുന്ന ഇസ്മായിൽ (അ)ന് വയസ് പതിനാലായി. സാറാബീവി (റ) വിന് തൊണ്ണൂറ് വയസ്. അപ്പോഴാണ് ആ സംഭവം നടക്കുന്നത്... 


 മലക്കുകളുടെ ആഗമനം. മനുഷ്യരൂപത്തിലാണ്. കോമള യുവാക്കൾ. ഇബ്രാഹിം (അ)ന്റെ വീട്ടിലേക്ക് അവർ കയറിവന്നു. മാന്യന്മാരായ അതിഥികൾ. പരിചയമില്ലാത്ത മുഖങ്ങൾ. എങ്കിലും വല്ലാത്ത ബഹുമാനം തോന്നി. ആദരവോടെ സ്വീകരിച്ചു. ഇരിപ്പിടങ്ങളിൽ ഇരുന്നു. ഇവരെ നന്നായി സൽക്കരിക്കണം. അതിഥികളെ സൽകരിക്കുന്നതിൽ കുറവ് വരരുത്. അതിഥികളോട് കൂടെയിരിക്കണം. സംസാരിക്കണം. അതാണ് മര്യാദ...


 ഭക്ഷണമുണ്ടാക്കാൻ ഭാര്യയോട് പറയണം. ഭാര്യ വീട്ടിനകത്താണ്. എങ്ങനെ വിവരമറിയിക്കും. അതിഥികൾക്ക് അസൗകര്യമില്ലാത്ത വിധത്തിൽ മെല്ലെ എഴുന്നേറ്റു. താഴ്മയോടെ അകത്തേക്ക് പോയി. സാറാബീവി (റ)യോട് വിവരം പറഞ്ഞു. നല്ല വിഭവമൊരുക്കണം ധാരാളം കാലികളുണ്ട്. നല്ലൊരു കാളക്കുട്ടനെ അറുത്തു നന്നായി ചുട്ടെടുക്കണം. മികച്ച ഭക്ഷണമാണത്. സാറാ (റ) പാചകത്തിൽ നിപുണയാണ്. വളരെ വേഗത്തിൽ ആഹാരം പാകം ചെയ്തു. വലിയ പാത്രത്തിൽ വിളമ്പി. ഇബ്രാഹിം (അ) ഭക്ഷണത്തളിക കൊണ്ടുവന്നു. അതിഥികളുടെ മുമ്പിൽ വെച്ചു. വിനയപൂർവ്വം ഭക്ഷണത്തിന് ക്ഷണിച്ചു... 


 "ആഹാരം കഴിക്കുകയല്ലേ" വിനയത്തോടെ പറഞ്ഞു. അതിഥികൾ ഭക്ഷണം കഴിക്കാൻ ഒരുങ്ങുന്നില്ല. നിമിഷങ്ങൾ കടന്നുപോയപ്പോൾ പ്രവാചകന് ഭയമായി. അതിഥികളെന്താ ആഹാരം കഴിക്കാത്തത്? തന്റെ പെരുമാറ്റത്തിൽ അപാകത വല്ലതും പറ്റിപ്പോയോ? സാറാബീവി (റ) വാതിലിന്നപ്പുറത്തുണ്ട് അതിഥികൾ ആഹാരം കഴിക്കുന്നത് കാണാൻ വന്നുനിൽക്കുന്നുണ്ട്. അതിഥികൾ താൽപ്പര്യപൂർവ്വം ഭക്ഷണം കഴിക്കുന്നത് കണ്ടാൽ അത് പാകം ചെയ്ത സ്ത്രീകൾക്ക് സന്തോഷമാണ്. അതുകൊണ്ടാണവർ വാതിലിനപ്പുറം വന്നുനിന്നത്...


 സാറാ ബീവി (റ)യുടെ മനസ്സിലും ഉൽക്കണ്ഠ നിറഞ്ഞു. അതിഥികളെന്താണൊന്നും കഴിക്കാത്തത്. അപ്പോൾ അതിഥികൾ സംസാരിക്കുന്നത് സാറാ (റ) കേട്ടു. എന്താണവർ പറഞ്ഞത്?  അതിശയകരമായ കാര്യങ്ങൾ...


"ഞങ്ങൾ അല്ലാഹുﷻന്റെ ദൂതന്മാരാണ്. അവന്റെ കൽപനയനുസരിച്ചുവന്ന മലക്കുകളാണ്." 


സാറാ(റ)ക്ക് അമ്പരപ്പ്... ഇവർ മലക്കുകളാണോ? ഇവർക്കുവേണ്ടിയാണോ ആഹാരമൊരുക്കിയത്? പിന്നീട് കേട്ട കാര്യം ഞെട്ടിപ്പിക്കുന്നതായിരുന്നു...


"നിങ്ങൾക്കൊരു സന്തോഷവാർത്തയുമായിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്. 

സാറാ (റ)അത് കേൾക്കാൻ ആകാംക്ഷയോടെ കാതോർത്തു. നിങ്ങൾക്ക് ജ്ഞാനിയായ മകൻ ജനിക്കും. സാറാ(റ)യിൽ നിന്ന് അട്ടഹാസം പോലൊരു ശബ്ദം പുറപ്പെട്ടു. മുഖത്തടിച്ചു അവിശ്വസനീയമായ വാർത്ത കേട്ട് വിവേകം നഷ്ടപ്പെട്ടതുപോലെയായി."


സാറാ (റ) യുടെ വായിൽ നിന്ന് വാക്കുകൾ ഒഴുകിവരാൻ തുടങ്ങി. ഞാൻ വന്ധ്യയാണ്. പ്രസവിക്കാൻ കഴിവില്ലാത്തവളാണ്. വൃദ്ധയാണ്. എന്റെ ഭർത്താവ് വൃദ്ധനാണ്. പിന്നെങ്ങനെ കുട്ടിയുണ്ടാവും? മലക്കുകൾ ഇങ്ങനെ മറുപടി നൽകി:


"അങ്ങനെ വിധിക്കപ്പെട്ടു കഴിഞ്ഞു." 


 വിശുദ്ധ ഖുർആൻ ഈ രംഗം നമുക്ക് നന്നായി വിവരിച്ചു തരുന്നുണ്ട്. സൂറത്തു ദാരിയത്തിൽ ഇങ്ങനെ കാണാം:  "ഇബ്രാഹീമിന്റെ മാന്യാതിഥികളുടെ വർത്തമാനം നിനക്ക് വന്നിട്ടുണ്ടോ." (51:24)

"അതായത് അവർ അദ്ദേഹത്തിന്റെ അടുക്കൽ പ്രവേശിച്ച സന്ദർഭം. എന്നിട്ട് അവർ സലാം പറഞ്ഞു. ഇബ്രാഹിം (അ) സലാം മടക്കി (ആഗതൻ) അപരിചിതരായ ആൾക്കാരാണ്." (51:25)


 മലക്കുകൾ സലാം പറഞ്ഞുകൊണ്ടാണ് പ്രവേശിച്ചത്. ഇബ്രാഹിം (അ) സലാം മടക്കി. 


വിശുദ്ധ ഖുർആൻ തുടർന്നു പറയുന്നു : 

"ഉടനെ അദ്ദേഹം തന്റെ വീട്ടുകാരുടെ അടുക്കലേക്ക് പതുങ്ങിച്ചെന്നു. എന്നിട്ട് തടിച്ചുകൊഴുത്ത ഒരു പശുക്കുട്ടിയെ (മൂരിക്കുട്ടിയെ)വേവിച്ചു കൊണ്ടുവന്നു." (51:26) 

"അങ്ങനെ അത് അവരുടെ അടുക്കലേക്ക് അടുപ്പിച്ചുവെച്ചു. അദ്ദേഹം പറഞ്ഞു നിങ്ങൾ തിന്നുകയല്ലേ?" ( 51:27)


"അപ്പോൾ അവരെക്കുറിച്ച് അദ്ദേഹത്തിന് പേടി തോന്നി. അവർ പറഞ്ഞു: പേടിക്കേണ്ട അദ്ദേഹത്തിന് ജ്ഞാനിയായ ഒരു കുട്ടിയെപ്പറ്റി അവർ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു."  (51:28) 

"അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഉച്ചത്തിൽ ഒരു ശബ്ദത്തോടെ മുമ്പോട്ടു വന്നു. എന്നിട്ടവൾ അവളുടെ മുഖത്തടിച്ചു. ഇങ്ങനെ പറയുകയും ചെയ്തു. വന്ധ്യയായ ഒരു കിഴവി. (51:29)


"മലക്കുകൾ പറഞ്ഞു: അപ്രകാരം തന്നെയാണ് നിന്റെ റബ്ബ് പറഞ്ഞിരിക്കുന്നത് നിശ്ചയമായും അവൻ സർവ്വജ്ഞനായ യുക്തിമാനാകുന്നു." (51:30)


 ഇബ്രാഹിം (അ)ന്റെയും സാറാ (റ)യുടെയും മനസ്സിൽ ഒരു മകനെക്കുറിച്ചുള്ള പ്രതീക്ഷ വളരുകയാണ്. മലക്കുകളുടെ ആഗമനം ഈ സന്തോഷവാർത്ത അറിയിക്കാൻ വേണ്ടി മാത്രമാണോ? അതോ മറ്റു വല്ല ലക്ഷ്യവും അവർക്കുണ്ടോ? ഇബ്രാഹിം (അ)അക്കാര്യം എടുത്ത് ചോദിച്ചു വിശുദ്ധ ഖുർആൻ പറയുന്നത് കാണുക :


"ഇബ്രാഹിം (അ)പറഞ്ഞു : ഓ ദൂതന്മാരേ നിങ്ങളുടെ  (പ്രധാന) കാര്യം എന്താണ്?" (51:31)

അത്ഭുതപ്പെട


ുത്തുന്ന മറുപടിയാണ് കിട്ടിയത്. ലൂത്വ് നബി (അ)ന്റെ സമൂഹത്തിലേക്ക് അയക്കപ്പെട്ട ദൂതന്മാരാണ്. അവിടേക്ക് പോവുന്ന വഴി ഇവിടെ കയറിയതാണ്. ഇബ്രാഹിം (അ) ദയാവായ്പുള്ള പ്രവാചകനാണ്. മനുഷ്യരെ സ്നേഹിക്കുന്ന മനസ്സാണ്...


 ലൂത്വ് (അ) ന്റെ സമുദായത്തെക്കുറിച്ച് ഇപ്പോഴും പ്രതീക്ഷയിലാണ്. അവർക്ക് ഒരാപത്ത് വരുന്നത് സഹിക്കാൻ കഴിയുന്നില്ല. ഈ വിപത്തിൽ നിന്നവരെ രക്ഷിക്കാൻ കഴിയുമോ..? 


 അവർ വിശ്വസിക്കാത്ത ജനതയാണ്. ധിക്കാരികളാണ്. ലൂത്വ് നബി (അ)നെ വളരെയേറെ ബുദ്ധിമുട്ടിച്ചവരാണ്. ഇപ്പോൾ ഇതാ മലക്കുകൾ എത്തിയിരിക്കുന്നു. എന്താണവർ പറയുന്നത്? ഇബ്രാഹിം (അ) ഉൽക്കണ്ഠയോടെ അവരെ നോക്കി... 


വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ...

"മലക്കുകൾ പറഞ്ഞു: ഞങ്ങൾ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടിരിക്കുന്നു. (51:32)

"ഞങ്ങൾ അവരുടെ മേൽ കളിമണ്ണ് കൊണ്ടുള്ള കല്ലുകൾ വിടുവാൻ വേണ്ടി."  (51:33)

"അതിര് കവിഞ്ഞ ആളുകൾക്കായി നിന്റെ റബ്ബിന്റെ അടുക്കൽ അടയാളപ്പെടുത്തപ്പെട്ടതായ (കല്ലുകൾ)" (51:34)


ഭീതി ജനിപ്പിക്കുന്ന വാർത്തയാണിത്. ഇബ്രാഹിം (അ)എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു. ലൂത്വ് (അ)എത്ര പ്രയാസപ്പെട്ടതാണ്. എന്നിട്ടും ആ ജനത നന്നായില്ലല്ലോ. മലക്കുകൾ ഇതാ പുറപ്പെടാനൊരുങ്ങുകയാണ്. ഒരു സമൂഹം നശിക്കാൻ പോവുന്നു. ഓർക്കാൻ വയ്യ...