Wednesday - 22 April, 2026 4-Dhu al-Qadah-1447

പ്രകാശം കടക്കാത്ത ഖൽബുകൾ (2)

   ഇബ്രാഹിം നബി (അ) ന്റെ ജീവിതത്തിലെ സംഭവങ്ങൾ ആശ്ചര്യാജനകമാണ്. അവയെക്കുറിച്ചെല്ലാം ലൂത്വ് (അ) ചിന്തിക്കാറുണ്ട്. എന്തെല്ലാം പരീക്ഷണങ്ങൾ നടന്നിരിക്കുന്നു. ഫലസ്തീനിലെ സന്തോഷകരമായ നാളുകൾ. ഈജിപ്തിൽ നിന്ന് മടങ്ങിയ ശേഷം ഫലസ്തീനിലായിരുന്നു താമസം... 


 കൃഷി ചെയ്തു. ലൂത്വ് (അ)മണ്ണിൽ നന്നായി അധ്വാനിക്കും. ഗോതമ്പ് പൊടിച്ചു വളർന്നുവരുന്നത് കാണാൻ നല്ല രസമാണ്. കൃഷി പരിചരണം രസകരമാണ്. ധാരാളം അടിമകളുണ്ട്. അവർ നന്നായി അധ്വാനിക്കും. കൃഷിപ്പണിയും കന്നുകാലി വളർത്തലുമാണ് അവരുടെ ജോലി. ആടുമാടുകൾ പെറ്റുപെരുകി. ഒട്ടകങ്ങൾ വർദ്ധിച്ചു. അങ്ങനെ ഐശ്വര്യ കാലം വന്നു... 

 

 ഇബ്രാഹിം (അ), ഹാജറ (റ)യെ വിവാഹം കഴിച്ചത് സന്തോഷം നിറഞ്ഞ ഓർമയായി മനസ്സിലുണ്ട്. വൈകാതെ അവർ ഗർഭിണിയായി. ഒരാൺകുഞ്ഞിനെ പ്രസവിച്ചു. ഇസ്മാഈൽ എന്ന ഓമനയായ കുഞ്ഞ്. അക്കാലത്തൊക്കെ ലൂത്വ് (അ) ആ കുടുംബത്തിൽ തന്നെയുണ്ട്... 


 അല്ലാഹുﷻന്റെ പരീക്ഷണം വന്ന കാലം. ഹാജറയെയും കുഞ്ഞിനെയും കുടുംബത്തിൽ നിന്ന് കൊണ്ടു പോയി ജനവാസമില്ലാത്ത മരുഭൂമിയിൽ കൊണ്ടാക്കി. എന്നിട്ട് തിരിച്ചുപോന്നു. മടങ്ങിയെത്തിയ ഇബ്രാഹിം (അ). ആ മുഖത്തേക്ക് നോക്കിനിൽക്കുന്ന ലൂത്വ് (അ). വാർദ്ധക്യത്തിൽ ലഭിച്ച കുഞ്ഞുമോനെ വേർപിരിയേണ്ടിവന്ന പിതാവ് അല്ലാഹുﷻന്റെ പരീക്ഷണം ജയിച്ച ജേതാവ്. പിന്നെ എന്തെല്ലാം പരീക്ഷണങ്ങൾ. മുമ്പെ പോയ പ്രവാചകന്മാർക്കും പരീക്ഷണങ്ങൾ ഏറെയുണ്ടായിരുന്നു...


 സദൂം പ്രദേശത്ത് താമസിക്കുമ്പോഴും ഇടക്കിടെ ഇബ്രാഹിം (അ)നെയും കുടുംബത്തെയും കാണാൻ പോകും. പ്രശ്നങ്ങൾ ചർച്ച ചെയ്യും. ഉപദേശം സ്വീകരിക്കും പ്രാർത്ഥന നടത്തും. സദൂം, ജറാഇയ, ആമൂദ, ദാമാസ്, അറായ പ്രദേശങ്ങളിൽ മാറി മാറി സഞ്ചരിച്ചു. സാധാരണക്കാരെയും ഉന്നതന്മാരെയും കണ്ടു. ഒറ്റക്കും കൂട്ടമായും സംസാരിച്ചു. ആരും പ്രവാചകനെ ഗൗനിച്ചില്ല. അവർ ധിക്കാരപൂർവം പെരുമാറി... 


 അഞ്ച് രാജ്യക്കാർക്കും ഒന്നേ പറയാനുള്ളൂ. നാട് വിട്ടുപോവുക. പ്രവാചകനോടുള്ള ക്രൂരതയിൽ എല്ലാവരും മത്സരിക്കുകയാണ്. തങ്ങളുടെ നാട്ടിലേക്ക് അടുപ്പിക്കുകയില്ലെന്ന വാശിയാണവർക്ക്. ആരും നന്നാവാൻ പോവുന്നില്ല. പറഞ്ഞതൊന്നും ആരും വിശ്വസിക്കുന്നില്ല. ശിക്ഷ വരാൻ സമയമായി. കൂടുതൽ ഗൗരവത്തോടെ മുന്നറിയിപ്പ് നൽകിനോക്കി. പരിഹാസം ശക്തിപ്പെട്ടതേയുള്ളൂ...


"നിന്റെ ദൈവിക ശിക്ഷ കൊണ്ടുവാ..." 

അവർ ശിക്ഷക്ക് ധൃതികൂട്ടി. അത് കേട്ട പ്രവാചകന്റെ മനസ്സിലെ വിഷമമെത്രയാണ്. ആ ജനതയെ സ്നേഹിച്ചു. അവർ നന്നായി കാണാൻ എന്തുമാത്രം മോഹിച്ചു. എത്ര അധ്വാനിച്ചു. ഒടുവിലെന്തായി? കടുത്ത വേദന. നിരാശ. കഴിവിന്റെ പരമാവധി ശ്രമിച്ചു. ഇനിയും ശ്രമിക്കാം. ശ്രമം തുടരാം...  


 അല്ലാഹുﷻ ശിക്ഷ വിധിച്ചുകഴിഞ്ഞിരുന്നു. നടപ്പിലാവാൻ ഇനി ദിവസങ്ങൾ മതി. പ്രകാശം കടക്കാത്ത ഖൽബുകൾ ഇരുട്ടിന് വേണ്ടിയാണവ തുടിക്കുന്നത്. സമയമെത്തിയാൽ തുടിപ്പ് നിൽക്കും. ധിക്കാരം നിർഞ്ഞവർക്കതെങ്ങനെ മനസ്സിലാവും. ശാപം വലയം ചെയ്തു കഴിഞ്ഞിട്ടും അവരൊന്നുമറിഞ്ഞില്ല. നീചകൃത്യങ്ങളിൽ വ്യാപൃതരായി ആഹ്ലാദം പങ്കിടുകയായിരുന്നു...