ഒരു സമൂഹത്തെ സംസ്കരിച്ചെടുക്കാൻ ഒരു പ്രവാചകൻ നിയോഗിക്കപ്പെടുക. ബഹുദൈവ വിശ്വാസികളായ സമൂഹത്തെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുക. സമൂഹം ഒന്നാകെ പ്രതിഷേധിക്കുക. സ്വവർഗ്ഗ ഭോഗം വരെയുള്ള ദുഷ്ചെയ്തികൾക്കെതിരെ പ്രവാചകൻ നിരന്തരം സംസാരിക്കുക. ശിക്ഷയെക്കുറിച്ചു മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുക...
കാലമേറെ കടന്നുപോയി. എത്രപേർ പ്രവാചകനോടൊപ്പം കൂടി? ഒരൊറ്റ വീട്ടുകാർ. ആരുടെ വീട്ടുകാർ? ആ പ്രവാചകന്റെ വീട്ടുകാർ. ഒന്നാലോചിച്ചുനോക്കൂ എന്തൊരവസ്ഥയാണിത്? എന്തായിരുന്നു ആ പ്രവാചകന്റെ മാനസികാവസ്ഥ? ഊഹിക്കാൻ കഴിയുന്നുണ്ടോ? ആ ജനത പരസ്പരം പരിഹാസത്തോടെ സംസാരിക്കാൻ തുടങ്ങി...
"അവർ പരിശുദ്ധന്മാരല്ലേ? നാം നീചന്മാരും പരിശുദ്ധന്മാരും നീചന്മാരും ഒന്നിച്ചു കഴിയാൻ പറ്റില്ല. നീചന്മാരെ ഇവിടെ വിട്ടിട്ട് ശുദ്ധന്മാർ നാടുവിട്ടുപോയ്ക്കൊള്ളട്ടെ. നമുക്കു നമ്മുടെ നീചകൃത്യവുമായി ഇവിടെ സ്വൈരമായിട്ട് ജീവിക്കാമല്ലോ." എന്തൊരു നീചമായ പരിഹാസം...
ലൂത്വ് (അ) എന്ത് പറയുന്നു. പറയുന്നതിൽ വല്ല കാര്യവുമുണ്ടോ ? അതിനെക്കുറിച്ചവർ ചിന്തിക്കുന്നേയില്ല. ലൂത്വും കൂട്ടരും നാടുവിട്ടുപോവണം തങ്ങൾ നീചവൃത്തിയുമായി ഇവിടെ കഴിഞ്ഞുകൊള്ളാം വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം :
"അദ്ദേഹത്തിന്റെ ജനങ്ങളുടെ മറുപടി ഇങ്ങനെ പറഞ്ഞതല്ലാതെ മറ്റൊന്നുമല്ല. ഇവരെ നിങ്ങളുടെ രാജ്യത്ത് നിന്ന് പുറത്താക്കുവീൻ. നിശ്ചയമായും അവർ ശുദ്ധി പാലിച്ചുവരുന്ന മനുഷ്യരാകുന്നു." (7:82)
നാട്ടിൽ നിന്ന് ലൂത്വിനെ പുറത്താക്കുക. എല്ലാ കേന്ദ്രങ്ങളിൽ നിന്നും ഈ ആവശ്യം ഉയർന്നുവന്നു. ലൂത്വ് (അ)ഇത് ഗൗനിച്ചില്ല. നന്മിയിലേക്ക് ജനങ്ങളെ ക്ഷണിച്ചു കൊണ്ടിരുന്നു. അതോടെ അവരുടെ മട്ടുമാറി. നാടുവിട്ട് പോകണമെന്ന വാദത്തിന് ശക്തി കൂടി. ഒടുവിൽ ബലം പ്രയോഗിച്ചു പുറത്താക്കുമെന്ന സ്വരം ഉയർന്നു...
അപ്പോഴും ആ ജനതയോട് പ്രവാചകന് സ്നേഹമാണ്. അവരെ വീണ്ടും ഉപദേശിക്കുകയാണ്. ജനങ്ങൾക്ക് വിവരമില്ല. താൻ പറയുന്ന കാര്യം അവർ ഗൗനിക്കുന്നില്ല. ശിക്ഷ വരുമെന്ന കാര്യം ഉറപ്പാണ്. ഇവരെ അതെങ്ങനെ വിശ്വസിപ്പിക്കും..? സ്നേഹപൂർവ്വം പറഞ്ഞുനോക്കി. ശാസനാ രൂപത്തിൽ പറഞ്ഞു. ഇഹപര വിജയത്തെക്കുറിച്ചു പറഞ്ഞു. അവർ ഒന്നും കേൾക്കാൻ തയ്യാറല്ല. ഉടനെ നാട് വിട്ടുപോവുക മറ്റൊന്നും പറയാനില്ല. വിശുദ്ധ ഖുർആൻ ഇങ്ങനെ കാണാം :
"അവർ പറഞ്ഞു : നീ വിരമിക്കാത്ത പക്ഷം ലൂത്വേ...തീർച്ചയായും നീ പുറത്താക്കപ്പെടുന്നവരിൽ പെട്ടുപോവുന്നതാണ്." (26:167)
ഈ സംസാരം ഉടനെ അലസാനിപ്പിക്കണം അല്ലെങ്കിൽ നിന്നെ നാട്ടിൽ നിന്ന് പുറത്താക്കും. അതിന് മറുപടി പറഞ്ഞ കാര്യം ഖുർആനിൽ കാണാം...
"അദ്ദേഹം പറഞ്ഞു : നിശ്ചയമായും നിങ്ങളുടെ ഈ പ്രവർത്തിയോട് കഠിനമായ വെറുപ്പുള്ളവരുടെ കൂട്ടത്തിലാണ് ഞാൻ." (26:168)
"ലൂത്വ് (അ)ഇങ്ങനെ പ്രാർത്ഥിച്ചു : എന്റെ റബ്ബേ! ഇവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നീചവൃത്തിയിൽ നിന്ന് എന്നെയും എന്റെ സ്വന്തക്കാരെയും നീ രക്ഷിക്കേണമേ..." (26:169)
ഇത് ഒരു പ്രവാചകന്റെ പ്രാർത്ഥനയാണ് അത് സ്വീകരിക്കപ്പെടുകതന്നെ ചെയ്യും...
"അല്ലാഹുﷻ പറയുന്നു : അങ്ങനെ അദ്ദേഹത്തെയും സ്വന്തക്കാരെയും നാം രക്ഷപ്പെടുത്തി." (26:170)
ധിക്കാരികളായ ജനത രക്ഷപ്പെടുകയില്ല. സത്യത്തിന്റെ ആൾക്കാർ രക്ഷപ്പെടും. അല്ലാഹുﷻ വളരെ അത്ഭുതകരമായി അവരെ രക്ഷപ്പെടുത്തും. പണവും സ്വാധീനവും ആൾബലവും ഉപകാരപ്പെടില്ല. സത്യം വിജയിക്കും. അതിനുമാത്രമെ നിലനിൽപ്പുള്ളൂ. ഈ തത്വങ്ങളൊന്നും ആ സമുദായം ഗൗനിച്ചില്ല. അവർക്കു ലൂത്വ് കൺമുന്നിൽ നിന്ന് പോയിക്കിട്ടണം. സ്വയം പോയില്ലെങ്കിൽ പിടിച്ചു പുറത്താക്കുമെന്ന നിർബന്ധ ബുദ്ധിയാണവർ പ്രകടിപ്പിച്ചത്...