ലൂത്വ് നബി (അ)ന്റെ ചരിത്രം ഇബ്രാഹിം (അ) ന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. ഇബ്രാഹിം (അ)ന്റെ സഹോദര പുത്രനാണ് ലൂത്വ് (അ). വളരെക്കാലം ഇബ്രാഹിം (അ)ന് മക്കളില്ലായിരുന്നു. അക്കാലത്ത് ലൂത്വ് (അ) ഒരു മകനെപ്പോലെയായിരുന്നു. മക്കൾക്ക് നൽകേണ്ട സ്നേഹ വാത്സല്യങ്ങൾ ലൂത്വ് (അ)ന് കിട്ടി. ദൗത്യനിർവഹണത്തിൽ പങ്കാളിയുമായി...
ലൂത്വ് (അ)ന്റെ സമുദായം കടുത്ത ധിക്കാരം കാണിച്ചു. പ്രവാചകനെ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്തു. പല വിധത്തിൽ ഉപദ്രവിച്ചു. സത്യം സ്വീകരിക്കാൻ കൂട്ടാക്കിയതേയില്ല. ഇതെല്ലാം ഇബ്രാഹിം (അ) നെയും സാറാബീവി(റ)യെയും വേദനിപ്പിച്ചിരുന്നു. ലൂത്വ് (അ)ന്റെ സമുദായത്തിന് ശിക്ഷ വരികയായ്. ശിക്ഷയുമായി വരുന്ന മലക്കുകൾ ആദ്യമെത്തുന്നത് ഇബ്രാഹിം (അ)ന്റെ വീട്ടിലാണ്...
ഇബ്രാഹിം (അ) ഒട്ടനേകം സൽകർമങ്ങൾ ചെയ്ത മഹാനാണ്. നല്ല ചര്യകൾ പലതും നടപ്പിൽ വരുത്തിയിട്ടുണ്ട്. അവയിലൊന്നാണ് അതിഥി സൽക്കാരം. ആ ചര്യകൾ ലൂത്വ് (അ) നടപ്പിലാക്കി. ചേലാകർമം നിർവഹിക്കാൻ അല്ലാഹുﷻ ഇബ്രാഹിം (അ)നോട് കൽപ്പിച്ചു. എൺപതാമത്തെ വയസ്സിൽ ആ പ്രവാചകൻ ചേലാകർമം നിർവ്വഹിച്ചു. മകൻ ഇസ്മാഈൽ (അ)ന്റെ ചേലാകർമം നിർവ്വഹിപ്പെട്ടത് പതിമൂന്നാമത്തെ വയസ്സിലായിരുന്നു. ഇസ്ഹാഖ് (അ)ജനിച്ച് ഏഴാം ദിവസം ചേലാകർമ്മം നിർവ്വഹിക്കപ്പെട്ടു...
ഇബ്രാഹിം (അ)ൽ നിന്ന് ലൂത്വ് (അ) പഠിച്ച ചില ചര്യകൾ കൂടി പറയാം....
മീശവെട്ടുക, ഗുഹ്യസ്ഥാനത്തെ രോമം നീക്കുക, കക്ഷത്തിലെ രോമം നീക്കുക, നഖം മുറിക്കുക, ശൗചം ചെയ്യുക, വായിലും മൂക്കിലും വെള്ളം കൊള്ളുക, പല്ല് വൃത്തിയാക്കുക, സുഗന്ധം പൂശുക. ഒരു ജനതയെ സംസ്കരിച്ചെടുക്കാനുള്ള മഹത്തായ ചര്യകളാണിവയെല്ലാം...
ഇബ്രാഹിം (അ)പ്രചരിപ്പിച്ച മതതത്വങ്ങൾ തന്നെയാണ് ലൂത്വ് (അ) പ്രബോധനം ചെയ്തുകൊണ്ടിരുന്നത്. അവയിൽ പ്രധാനപ്പെട്ട ചിലത് പറയാം...
1) ഇസ്ലാം - മതചര്യകൾ പഠിപ്പിക്കുക.
2) ഈമാൻ - വിശ്വാസ കാര്യങ്ങൾ വിവരിക്കുക.
3) ധൈര്യം - തൗഹീദിന്റെ സംരക്ഷണത്തിന് വേണ്ടി ഏത് പ്രതിസന്ധിയും തരണം ചെയ്യാനുള്ള മനക്കരുത്ത്.
4) സത്യം - കളവ് പറയൽ നിസ്സാരമായി കണ്ട ഒരു സമൂഹത്തിൽ സത്യം പറയാനുള്ള ശീലം വളർത്തി.
5) ക്ഷമ - പരീക്ഷണങ്ങൾ തരണം ചെയ്യാനുള്ള ക്ഷമ അല്ലാഹുﷻന്റെ മാർഗത്തിലേക്ക് ക്ഷണിക്കുമ്പോൾ വിവരമില്ലാത്ത ജനത പ്രകോപിതരാവും. അപ്പോൾ മുസ്ലിംകൾ ക്ഷമ മുറുകെ പിടിക്കണം. വിവേകം പ്രകടിപ്പിക്കണം.
6) ഭയഭക്തി - സൽകർമങ്ങളിൽ നിഷ്കളങ്കത പുലർത്തുക. വാക്കും പ്രവർത്തിയുമെല്ലാം അല്ലാഹുﷻന്റെ പൊരുത്തത്തിലാക്കുക.
7) ദാനം - അല്ലാഹുﷻന്റെ തൃപ്തിക്കു വേണ്ടി ദാനം ചെയ്യുക.
8) നോമ്പ് - വിശപ്പും ദാഹവും സഹിക്കുക. വാക്കുകൾ നിയന്ത്രിക്കുക. ആരാധനകൾ വർദ്ധിപ്പിക്കുക അങ്ങനെ അല്ലാഹുﷻന്റെ തൃപ്തി നേടുക.
9) വ്യഭിചാരം പാടില്ല - കുത്തഴിഞ്ഞ ജീവിതം നയിച്ച ഒരു സമൂഹത്തിൽ നിന്ന് ദുഷ്കൃത്യങ്ങൾ ഇല്ലായ്മ ചെയ്യാൻ കടിനാധ്വാനം ചെയ്തു.
ഭാര്യ - ഭർതൃ ബന്ധം സുദൃഢമാക്കുക. അവർക്കു പരസ്പരമുള്ള ബാധ്യതകൾ പഠിപ്പിച്ചു. കുടുംബജീവിതം അടുക്കും ചിട്ടയുമുള്ളതാക്കുക.
ലൂത്വ് (അ)ന് നേരിടേണ്ടിവന്നത് സ്വവർഗ രതിക്കാരെയാണ്. അത് കൂടുതൽ പ്രയാസമുള്ളതായിട്ടാണ് അനുഭവപ്പെട്ടത്. ഒരു സമുദായം ഒന്നാകെ ലൂത്വ് നബി(അ)നെതിരെ തിരിയുകയാണ് ചെയ്തത്.
10) ഹൃദയം കൊണ്ടും നാവ് കൊണ്ടും അല്ലാഹുﷻന് കീർത്തനം ചെയ്യുക.
മനസ്സെപ്പോഴും അല്ലാഹുﷻ ന്റെ സ്മരണയിലായിരിക്കണം. നാവിൽ ദിക്റ് വേണം. ഒന്നോർത്തു നോക്കൂ. എത്ര സമുന്നതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടിയാണ് ആ പ്രവാചകന്മാർ നിലകൊണ്ടത്. ആ മർഗത്തിൽ എന്തുമാത്രം കഷ്ടപ്പെട്ടു. പക്ഷെ ധിക്കാരികളുടെ സമൂഹം അത് തള്ളിക്കളഞ്ഞു...