ചാവുകടൽ...
ബഹ്റുൽ മയ്യിത്ത്... dead sea...
പേര് കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നില്ലേ..? ചാവുകടലിലെ വെള്ളത്തിൽ മത്സ്യത്തിനും ജീവിക്കാനാവില്ല. ഒരു ജലജീവിയും അതിൽ സഞ്ചരിക്കില്ല.
ചാവുകടലിലെ വെള്ളം കുടിക്കാൻ പറ്റില്ല. കുളിക്കാനും പറ്റില്ല. ശരീരത്തിൽ വെള്ളം തട്ടിയാൽ ചൊറിച്ചിൽ വരും. പെട്ടെന്ന് ശുദ്ധ ജലത്തിൽ കഴുകി വൃത്തിയാക്കണം. അഞ്ച് നാടുകളെ ബാധിച്ച കൊടും ശാപത്തിന്റെ നിത്യ സ്മാരകമായി ചാവുകടൽ നിലനിൽക്കുന്നു. ചത്തു കിടക്കുന്ന കടൽ ചലനമില്ല...
ജനങ്ങൾ തിങ്ങിത്താമസിച്ചിരുന്ന സദൂം പട്ടണം. ചാവുകടലിൽ മുങ്ങിത്താഴ്ന്നുപോയി. അഞ്ച് നാടുകൾ അടിമേൽ മറക്കപ്പെട്ടു. ചാവുകടലിന്റെ ചുറ്റുപാടും ശപിക്കപ്പെട്ട മണ്ണാണ്. അവിടെ സസ്യങ്ങൾ വളരില്ല. താമസിക്കാൻ കൊള്ളില്ല. ലോകത്തിന് ഒരു കാലത്തും മറക്കാനാവാത്ത ക്രൂരമായ ശിക്ഷയാണ് ഒരു ജനവിഭാഗത്തിന് ലഭിച്ചത്...
ചാവുകടൽ നിലനിൽക്കുന്ന കാലത്തോളം ആ ശിക്ഷയുടെ പേടിപ്പെടുത്തുന്ന ഓർമ്മകൾ നിലനിൽക്കും. ഇത്രയും ക്രൂരമായ ശിക്ഷ ഒരു ജനവിഭാഗത്തെ ബാധിക്കാൻ കാരണമെന്ത്..? അവർ ചെയ്ത കുറ്റമെന്ത്..? ആധുനിക ലോകം അതറിയണം. കേരളത്തിലെ അഭിനവ മുസ്ലിം സമൂഹം നിർബന്ധമായും അതറിയണം...
ഒരു സമൂഹം ചെയ്ത ക്രൂരമായ തെറ്റ് ഇവിടെ ആവർത്തിക്കപ്പെടുന്നു. ആ നീചകൃത്യം ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു. പാശ്ചാത്യ ലോകം അതൊരു ഫാഷനാക്കിയിരിക്കുന്നു. ലോകത്ത് പല പ്രദേശങ്ങളിലും പണ്ഡിത പാമര ഭേദമില്ലാതെ അത് പടർന്നു പിടിക്കുന്നു. തെറ്റാണെന്ന ചിന്ത പോലുമില്ലാതെ... സ്വവർഗ്ഗ രതി...
അതായിരുന്നു ആ സമൂഹം ചെയ്ത തെറ്റ്. അവർക്കു മുമ്പ് ആരും ആ നീചകൃത്യം ചെയ്തിട്ടില്ല. ഭർത്താവും ഭാര്യയും ഇണകളായി ജീവിക്കുക. അതാണ് എല്ലാ ജീവികളുടെയും പ്രകൃതി. മനുഷ്യരും, മൃഗങ്ങളും, പക്ഷികളും, സസ്യങ്ങളുമെല്ലാം ആ പ്രകൃതിയിൽ തന്നെ ജീവിക്കണം. പ്രകൃതി വിരുദ്ധമായ മാർഗ്ഗം സ്വീകരിക്കരുത്...
പ്രകൃതി വിരുദ്ധമായ സ്വവർഗ്ഗ രതി സ്വീകരിക്കുന്നവർക്ക് ഏറ്റവും ക്രൂരമായ ശിക്ഷയാണ് വിധിക്കപ്പെട്ടിരിക്കുന്നത്. വധശിക്ഷ തന്നെ... ഇബ്നു അബ്ബാസ് (റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ഹദീസിൽ ഇങ്ങനെ കാണാം...
"ലൂത്വിന്റെ സമൂഹം ചെയ്ത നീചകൃത്യം ചെയ്യുന്നവനെയും ചെയ്യപ്പെടുന്നവനെയും വധിച്ചുകളയുക." മനുഷ്യൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നീചകൃത്യം. ഒരു സമൂഹത്തെ ഒന്നാകെ ബാധിച്ചു. അവർ സ്ത്രീകളെ ഒഴിവാക്കി. സൗന്ദര്യമുള്ള യുവാക്കളുടെ കൂടെ കൂടി. കൗമാര പ്രായക്കാർക്ക് പ്രിയം കൂടി. ആ സമൂഹം ധാർമ്മികമായി അധഃപതിച്ചു...
സർവ്വശക്തനായ അല്ലാഹുﷻ അവർക്ക് ശക്തമായ താക്കീത് നൽകാൻ തീരുമാനിച്ചു. വ്യക്തമായ നിർദ്ദേശങ്ങളുമായി ഒരു പ്രവാചകനെ അവരിലേക്കയച്ചു. ആ വന്ദ്യ പ്രവാചകനാണ് ലൂത്വ് നബി (അ). ലൂത്വ് നബി (അ) ന്റെ പരമ്പര നൂഹ് (അ)ൽ എത്തിച്ചേരുന്നു. അത് ഇപ്രകാരമാകുന്നു...
1). നൂഹ് (അ)
2). സാം
3). അർഫഹശ്ദ്
4). ശാലിഹ്
5). ആബീർ
6). ഫാലിഗ്
7). റാഊ
8). സാറൂഗ്
9). നാഹൂർ
10). താറഹ്
11). ഹാറാൻ
12). ലൂത്വ് (അ)
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക പത്താം നമ്പറുകാരനായ താറഹിന്റെ മകൻ ഹാറാന്റെ മകനാണ് ലൂത്വ് (അ). ഇതേ താറഹിന്റെ മറ്റൊരു മകനാണ് ഇബ്രാഹിം നബി(അ) അപ്പോൾ എന്ത് മനസ്സിലായി..? ഇബ്രാഹിം നബി (അ)ന്റെ സഹോദരൻ ഹാറാന്റെ പുത്രനാണ് ലൂത്വ് (അ)...
താറഹിന് മൂന്നു പുത്രന്മാരുണ്ടായിരുന്നു...
1.നാഹൂർ
2.ഇബ്രാഹിം.
3.ഹാറാൻ
ഇവരുടെ മാതാവിന്റെ പേര് അമീല എന്നായിരുന്നു. താറഹ് അമീല ദമ്പതികൾ ബാബിലോണിയയിലെ ഉന്നത ഗോത്രങ്ങളിലെ അംഗങ്ങളായിരുന്നു. ധാരാളം കന്നുകാലികളും കൃഷിയിടങ്ങളും അവർക്കുണ്ടായിരുന്നു. അവർ കുടുംബസമേതം ദീർഘയാത്രകൾ നടത്തുകയും പലയിടങ്ങളിലും താമസിക്കുകയും ചെയ്തിട്ടുണ്ട്....