Wednesday - 22 April, 2026 4-Dhu al-Qadah-1447

ഹാറാനിന്റെ പുത്രൻ (2)

   ഇബ്രാഹിം (അ) സാറാ (റ)യെ വിവാഹം ചെയ്തു. സുന്ദരിയും ബുദ്ധിമതിയും ധീരവനിതയുമായ സാറ (റ) കുലീന കുടുംബത്തിലാണ് ജനിച്ചു വളർന്നത്. നാഹൂർ വിവാഹം ചെയ്തത് മലിക എന്ന ചെറുപ്പക്കാരിയെയാണ്... 


 ലൂത്വ് എന്ന പദത്തിന് സ്നേഹിക്കുക എന്നാണ് അർത്ഥമെന്നും ഇബ്രാഹിം നബി  (അ) നോടുള്ള നിഷ്കളങ്കമായ സ്നേഹം കാരണമാണ് ഈ പേര് കിട്ടിയതെന്നും ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്രാഹിം (അ) ഇസ്ലാം മത പ്രചരണം തുടങ്ങിയപ്പോൾ ആദ്യമായി വിശ്വസിച്ചവരിൽ സാറാ (റ), ലൂത്വ്  (അ) എന്നിവർ ഉൾപ്പെടുന്നു...


 പൗരാണിക ലോക ചരിത്രത്തിൽ ഉന്നത സ്ഥാനം നേടിയ സ്ഥലമാണ് മെസൊപ്പൊട്ടോമിയ. പൗരാണിക നദീതട സംസ്കാരത്തിന്റെ കേന്ദ്രം. ലോകപ്രസിദ്ധമായ രണ്ട് നദികൾക്കിടയിലാണ് ഈ പ്രദേശം...

1. ടൈഗ്രീസ് 

2. യൂഫ്രട്ടീസ് 


 വിശാലമായ നദികൾ മെസൊപ്പൊട്ടോമിയായെ ഫലപുഷ്ടിയുള്ളതാക്കി. കൃഷികൾ വളർന്നു. കന്നുകാലികളും വർദ്ധിച്ചു. നാട് സമ്പൽസമൃദ്ധമായി. ആ നാടിനെ ഐശ്വര്യത്തിന്റെ കളിത്തൊട്ടിലെന്ന് കാലം വിളിച്ചു...


 ലോകശ്രദ്ധ പിടിച്ചുപറ്റിയ നാട്. നാഗരികതകൾ വളർന്നുവന്നതിവിടെയാണ്. 

യുഫ്രട്ടീസ് നദിയിലേക്കു ഒഴുകിവരുന്ന ഒരു അരുവിയുടെ കരയിലാണ് ഊർ പട്ടണം. ഹാറാനും കുടുംബവും ഊർ പട്ടണത്തിൽ താമസിച്ചിരുന്നു. ഹാറാൻ പട്ടണം സ്ഥാപിച്ചത് ഹാറാൻ ആണെന്ന് അഭിപ്രായമുണ്ട്. അത് ദുർബലമായ അഭിപ്രായമാണെന്ന് രേഖപ്പെടുത്തിയവരുമുണ്ട്...


 ഹാറാൻ പ്രസിദ്ധമായ പട്ടണമാണ്. ഇബ്രാഹിം (അ) ഇവിടെ കുറെ കാലം താമസിച്ചിട്ടുണ്ട്. ഹാറാനും മക്കളും ഇവിടെയുണ്ടായിരുന്നു. ലൂത്വ് (അ)ന്റെ ബാല്യകാലം ഇവിടെ കഴിഞ്ഞുകൂടി എന്ന് കരുതാം. പദ്ദൻ അരം എന്ന പട്ടണത്തിലും ഇവർ താമസിച്ചിട്ടുണ്ട്. ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളാണ് ഊർ, പദ്ദൻ അരം, ഹാറാൻ തുടങ്ങിയവ. ഇവയെല്ലാം ഉൾക്കൊള്ളുന്ന വിശാലമായ രാജ്യം ഭരിക്കുന്നത് ധിക്കാരിയായ നംറൂദ് രാജാവാകുന്നു...


 ബാബിലോണിൽ വെച്ച് നടന്ന ഒരു ദുഃഖ സംഭവം ലൂത്വ് നബി (അ) ന്റെ മനസിൽ നിന്ന് മാഞ്ഞുപോയില്ല. സ്വന്തം പിതാവിന്റെ മരണം. ഹാറാൻ മരണപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് താറഹ് നല്ല ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ട്. ഹാറാന്റെ മരണം ചെറുപ്പക്കാരനായ ലൂത്വ് (അ)നെ വല്ലാതെ ദുഃഖിപ്പിച്ചു. പിതാവിന്റെ സഹോദരങ്ങൾ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. പിതാവിന്റെ പിതാവ് പിന്നീട് മരണപ്പെട്ടു. അത് മറ്റൊരു ദുഃഖ സംഭവമായിരുന്നു... 


 താറഹ്, മകൻ ഇബ്രാഹിം (അ), ഭാര്യ സാറ (റ), ലൂത്വ് (അ)എന്നിവർ കൻആനിലേക്ക് യാത്ര ചെയ്യുകയാണ്. അവർ ഹർറാനിലെത്തി. അവിടെ തമ്പടിച്ചു താമസിച്ചു. താറഹിന് അന്ന് ഇരുനൂറ്റി അമ്പത് വയസ്സുണ്ട്. അദ്ദേഹത്തിന് രോഗം ബാധിച്ചു. കൂടെയുള്ളവർ ആശങ്കാകുലരായി. മരുന്നുകളും ശുശ്രൂഷകളും ഫലം ചെയ്തില്ല. താറഹ് മരണപ്പെട്ടു. ഹർറാൻ പട്ടണം ആ ദുഃഖസംഭവത്തിന് സാക്ഷിയായി... 


 പിന്നീട് യാത്രാസംഘത്തിൽ മൂന്നുപേരായി. ഇബ്രാഹിം (അ), സാറ (റ), ലൂത്വ് (അ). ഇബ്രാഹിം (അ)ന്റെ സന്ദേശം പ്രചരിപ്പിക്കുകയെന്ന ദൗത്യമാണ് ലൂത്വ്  (അ) നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. ഇബ്രാഹിം  (അ) ന്റെ ജീവിതം സംഭവബഹുലമാണ്. അതിനെല്ലാം ലൂത്വ് (അ) സാക്ഷിയാണ്. ആരോഗ്യവും, ബുദ്ധിശക്തിയും, സാമർത്ഥ്യവുമുള്ള ചെറുപ്പക്കാരനാണ് ലൂത്വ്  (അ). ഇബ്രാഹിം (അ) ഉം ഭാര്യയും ചെറുപ്പക്കാരനെ പുത്രനെപ്പോലെ കരുതി സ്നേഹിച്ചു... 


 ഇറാഖിൽ നിന്ന് ഈജിപ്തിലേക്കുള്ള യാത്രയിൽ പല പരീക്ഷണങ്ങൾ നേരിട്ടു. ഈജിപ്തിലെ രാജാവിന്റെ പട്ടാളക്കാർ യാത്രക്കാരെയെല്ലാം നിരീക്ഷിക്കും. സുന്ദരികളായ സ്ത്രീകളെ കണ്ടാൽ പിടികൂടും. കൊട്ടാരത്തിലെത്തിക്കും. പിന്നെ കുറെ നാൾ കൊട്ടാരത്തിൽ രാജാവിന്റെ കൂടെയാണവളുടെ താമസം...


 രാജാവ് പറയുന്നതൊക്കെ അനുസരിച്ചാൽ കൈ നിറയെ സമ്മാനങ്ങളുമായി മടങ്ങാം. എതിർത്താൽ കീഴ്പ്പെടുത്തും രാജാവല്ലേ? ശക്തനല്ലേ? ചോദ്യം ചെയ്യപ്പെടുകയില്ല...


സാറാ ബീവി (റ)യെ പിടികൂടി. കൊട്ടാരത്തിലെത്തിച്ചു. രാജാവ് പിടിക്കാൻ വന്നു തളർന്നു വീണു. സാറ (റ) ദുആ ചെയ്തപ്പോൾ ആരോഗ്യം വന്നു. വീണ്ടും പിടികൂടാൻ വന്നു തളർന്നു വീണു. വീണ്ടും ദുആ ചെയ്യാൻ കൊഞ്ചി ദുആ ചെയ്തു. ആരോഗ്യം വന്നപ്പോൾ പഴയത് ആവർത്തിച്ചു. തളർന്നു വീണു. ഇനി ആവർത്തിക്കില്ലെന്ന് കേണു പറഞ്ഞു. ആരോഗ്യം കിട്ടി പിന്നെ മാന്യമായി പെരുമാറി. യാത്രാ സംഘത്തെ ആദരിച്ചു. രാജാവ് അവർക്ക് നൽകിയ സമ്മാനമാണ് ഹാജറ എന്ന ചെറുപ്പക്കാരി... 


 യാത്രാ സംഘത്തിന്റെ അംഗസംഖ്യ നാലായി. പിന്നീടവർ ഫലസ്തീനിലെത്തി. അവിടെ വെച്ചാണ് ലൂത്വ് (അ)ന്റെ സാക്ഷാൽ ദൗത്യം ആരംഭിക്കുന്നത്. സ്വതന്ത്ര ചുമതലയുള്ള പ്രവാചകനായി നിയോഗിക്കപ്പെടുന്നത്. അഞ്ചു നാടുകളിലെ ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കാനുള്ള ദൗത്യം ഏൽപിക്കപ്പെട്ടു...


1. സദൂം  (സോദോം) 

2. ഇറാഇമ

3. ആമൂദ 

4. ദാമാസ്

5. അറായാ. 


 സമ്പൽസമൃദ്ധമായ അഞ്ച് നാടുകൾ. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന പട്ടണങ്ങൾ. ഐശ്വര്യം തുളുമ്പിനിൽക്കുന്ന ഗ്രാമങ്ങൾ. ചരിത്രമുറങ്ങുന്ന താഴ് വരകൾ...