Wednesday - 22 April, 2026 4-Dhu al-Qadah-1447

ചിന്തിച്ചു പഠിക്കണം (1)

   സൂറത്തുൽ ഖമർ ലൂത്വ് നബി (അ)ന്റെ സമൂഹത്തെ കുറിച്ച് പറയുന്നത് ശ്രദ്ധിക്കാം... "ലൂത്വിന്റെ ജനത താക്കീതുകളെ വ്യാജമാക്കുകയുണ്ടായി." (54:33) 

"നാം അവരുടെ മേൽ ഒരു ചരൽക്കാറ്റ് അയച്ചു. ലൂത്വിന്റെ കുടുംബം ഒഴിച്ച്  (എല്ലാവരെയും അത് ബാധിച്ചു). അവരെ ഒരു പുലരാൻ കാലത്ത് നാം രക്ഷപ്പെടുത്തി." (54:34)


 "നമ്മുടെ പക്കൽ നിന്നുള്ള അനുഗ്രഹം  (ആണത്). നന്ദി കാണിക്കുന്നവർക്ക് അപ്രകാരം നാം പ്രതിഫലം നൽകുന്നു."  (54:35) 

"നമ്മുടെ കഠിന പിടുത്തത്തെ (ശിക്ഷയെ)കുറിച്ച് ലൂത്വ് തീർച്ചയായും അവരെ താക്കീത് ചെയ്യുകയുണ്ടായി. അപ്പോൾ അവർ താക്കീതുകളെക്കുറിച്ച് തർക്കം നടത്തി. (54:36)


 "അദ്ദേഹത്തിന്റെ അതിഥികളെ വിട്ടുകിട്ടുവാൻ അവർ ആവശ്യപ്പെട്ട് ചെല്ലുകയുണ്ടായി. അപ്പോൾ നാം അവരുടെ കണ്ണുകളെ തുടച്ചു നീക്കി (പറയപ്പെട്ടു) ഇനി നിങ്ങൾ എന്റെ ശിക്ഷയും താക്കീതുകളും ആസ്വദിച്ചുകൊള്ളുക." (54:37)

"തീർച്ചയായും ഉറച്ചുനിൽക്കുന്ന ഒരു ശിക്ഷ പ്രഭാദത്തിൽ അവരെ ബാധിക്കുകയുണ്ടായി." (54:38)


"ഇനി എന്റെ ശിക്ഷയും താക്കീതുകളും ആസ്വദിച്ചുകൊള്ളുവീൻ." (54;39)

മുപ്പത്തി ഏഴാം വചനത്തിന്റെ അവസാന ഭാഗമായി വന്ന അതേ വാക്കുകളാണ് മുപ്പത്തി ഒമ്പതാം വചനമായി വന്നത്.                         فَذُوقُوا عَذَابِي وَنُذُرِ (എന്റെ ശിക്ഷയും താക്കീതുകളും ആസ്വദിച്ചുകൊള്ളുക) 

ആയത്തിന്റെ ഗാംഭീര്യം ഇതിൽ നിന്ന് മനസ്സിലാക്കണം. 


 വിശുദ്ധ ഖുർആൻ മനസ്സിലാക്കണം. ആവുംവിധം മനസ്സിലാക്കണം. അതിനുള്ള ധാരാളം സംവിധാനങ്ങൾ ഇന്നുണ്ട്. പുസ്തകങ്ങൾ ക്ലാസുകൾ, സി.ഡി.കൾ, പരിഭാഷകൾ, ചർച്ചകൾ ഇവയൊക്കെ ഖുർആന്റെ ആശയങ്ങൾ കുറച്ചൊക്കെ മനസ്സിലാക്കാൻ നമ്മെ സഹായിക്കും...


ഖുർആന്റെ ആശയങ്ങൾ പഠിക്കാൻ തുടങ്ങിയാൽ അല്ലാഹുﷻ അത് എളുപ്പമാക്കിത്തരും. ഓർമ്മിച്ചു ചിന്തിച്ചു മനസ്സിലാക്കാൻ തയ്യാറുള്ള ആരെങ്കിലുമുണ്ടോ എന്നാണ് അല്ലാഹുﷻ ചോദിക്കുന്നത്. ഖുർആൻ മനസ്സിലാക്കുമ്പോഴാണ് അല്ലാഹുﷻ നൽകുന്ന താക്കീതുകളുടെ ഗൗരവം മനസ്സിലാവുക... 


 മുപ്പത്തൊമ്പതാം വചനത്തിൽ ശിക്ഷയും താക്കീതും എടുത്തു പറയുന്നു. തൊട്ടടുത്ത വചനം എന്താണ് ഉൾക്കൊള്ളുന്നത്. ആശയം ഇങ്ങനെ വായിക്കാം... "തീർച്ചയായും ചിന്തിച്ചു മനസ്സിലാക്കുവാൻ വേണ്ടി ഖുർആനെ നാം എളുപ്പമാക്കിയിരുന്നു. എന്നാൽ ചിന്തിച്ചു മനസ്സിലാക്കുന്ന വല്ലവരുമുണ്ടോ?" (54:40)


وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِنْ مُدَّكِرٍ


 സൂറത്തുൽ ഖമറിലെ നാൽപതാം വചനമാണിത്. ഇതേ സൂറത്തിലെ പതിനേഴാം വചനവും ഇത് തന്നെയാണ്. രണ്ട് സ്ഥലത്ത് നാം ആവർത്തനം കണ്ടു. അതും ഒരേ സൂറത്തിൽ. അതിലെ ആശയങ്ങൾക്ക് നാം അത്രയും ഗൗരവം നൽകണം. അടിമേൽ മറിക്കപ്പെട്ട രാജ്യങ്ങളുടെ ചരിത്ര പശ്ചാത്തലത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് പ്രത്യേകം ഓർക്കണം. ആ രാജ്യങ്ങൾ അടിമേൽ മറിക്കാൻ കാരണമായ കുറ്റം എന്തായിരുന്നുവെന്ന് ഓർക്കണം...