മക്കക്കാർ ശാമിലേക്കു കച്ചവടയാത്ര പോകുമ്പോൾ കടന്നുപോവുന്ന പ്രദേശമാണ് മദ് യൻ. മദ് യനിലും സമീപ പ്രദേശങ്ങളിലും ജീവിച്ചിരുന്ന ജനങ്ങളിലേക്ക് അയക്കപ്പെട്ട പ്രവാചകനായിരുന്നു ശുഐബ് (അ). ഐകത്തുകാർ (അസ്ഹാബുൽ അയ്ക്കത്ത് ) എന്നാണവർ അറിയപ്പെട്ടത്. ഐക്കത്തുകാരും സദൂമുകാരും സമീപ രാജ്യക്കാരാണ്. ഇരു കൂട്ടരുടെയും വാസസ്ഥലങ്ങളുടെ അവശിഷ്ടങ്ങൾ മക്കാ മുശ്രിക്കുകൾ കാണാറുണ്ടായിരുന്നു...
വിശുദ്ധ ഖുർആൻ അക്കാര്യവും ഓർമപ്പെടുത്തുന്നു... "നിശ്ചയമായും ഐക്കത്തിന്റെ ആൾക്കാരും അക്രമികൾ തന്നെയായിരുന്നു." (15:78)
"എന്നിട്ട് നാം അവരോട് ശിക്ഷാനടപടിയെടുത്തു. അത് രണ്ടും (ലൂത്വിന്റെ രാജ്യവും ഐക്കത്തും) സ്പഷ്ടമായ ഒരു തുറസ്സായ സ്ഥലത്ത് തന്നെയാകുന്നു. (15:79)
സൂറത്ത് ശുഅറാഇലെ ചില വചനങ്ങൾ നോക്കാം... "തന്റെ സമൂഹത്തെ നീചകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കി. അവർ കൂട്ടാക്കിയില്ല. നിരാശനായപ്പോൾ ഇങ്ങനെ പ്രാർത്ഥിച്ചു;
റബ്ബേ എന്നെയും എന്റെ സ്വന്തക്കാരെയും ഈ നീചപ്രവൃത്തിയിൽ നിന്ന് കാത്തുരക്ഷിക്കേണമേ..."
ഹൃദയസ്പർശിയായ പ്രാർത്ഥന ഖുർആൻ പറയുന്നു; "(ലൂത്വ് നബി (അ) പ്രാർത്ഥിച്ചു ): എന്റെ റബ്ബേ! ഇവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിൽ നിന്ന് എന്നെയും എന്റെ സ്വന്തക്കാരെയും നീ രക്ഷപ്പെടുത്തേണമേ..." (26;169)
"അങ്ങനെ അദ്ദേഹത്തെയും തന്റെ സ്വന്തക്കാരെയും മുഴുവനും നാം രക്ഷപ്പെടുത്തി." (26:170)
"അവശേഷിച്ചവരിൽപെട്ട ഒരു വൃദ്ധസ്ത്രീ (ഭാര്യ ) ഒഴികെ." (26:171)
"പിന്നെ മറ്റുള്ളവരെ നാം തകർത്തുകളഞ്ഞു." (26:172)
"അവരുടെ മേൽ നാം ഒരുതരം മഴ വർഷിപ്പിക്കുകയും ചെയ്തു. മുന്നറിയിപ്പ് നൽകപ്പെട്ടവരുടെ മഴ വളരെ ചീത്തയാണ്." (26:173)
മക്കത്ത് നിന്ന് വൻ കച്ചവട സംഘങ്ങളാണ് ശാമിലേക്ക് പോയ്ക്കൊണ്ടിരുന്നത്. ചിലപ്പോൾ പ്രഭാതവേളകളിലായിരിക്കും സദൂമിലൂടെ കടന്നുപോവുക. അൽപം കഴിയുമ്പോൾ സൂര്യനുദിച്ചുയരുകയും. സദൂമിന്റെ അവശിഷ്ടങ്ങൾ കാണുകയും ചെയ്യും. ചിലപ്പോൾ രാത്രി സമയത്തായിരിക്കും അതിലൂടെ കടന്നുപോവുക. അപ്പോഴും കീഴ്മേൽ മറിക്കപ്പെട്ട ജനങ്ങളുടെ ഓർമ്മകൾ ഭീതിയോടെ മനസ്സിൽ വരും. ശാപം ഏറ്റുവാങ്ങിയ പ്രദേശം പെട്ടെന്ന് വിട്ടുകടന്നുപോവും...
ഇക്കാര്യവും വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ : "നിശ്ചയമായും പ്രഭാവേളകളിൽ നിങ്ങൾ അവരിൽകൂടി കടന്നുപോവാറുണ്ട്." (37:137)
"രാത്രിയിലും കടന്നുപോവാറുണ്ട് എന്നിട്ടും നിങ്ങൾ കൊടുത്ത് ചിന്തിക്കുന്നില്ലേ?" (37:138)
നശിപ്പിക്കപ്പെട്ട സമൂഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടിട്ടും വേദക്കാരെ നിങ്ങൾ വിശ്വസിക്കുന്നില്ലേ..?
സൂറത്ത് ഫുർഖാനിൽ ഇങ്ങിനെ കാണാം: "നിശ്ചയമായും ചീത്ത മഴ വർഷിക്കപ്പെട്ട നാട്ടിൽ അവർ (മക്കാ മുശ്രിക്കുകൾ) വന്നിട്ടുണ്ട്. അവരത് കണ്ടിരുന്നില്ലേ? പക്ഷെ അവർ പുനരുത്ഥാനത്തെ പ്രതീക്ഷിക്കാത്തവർ ആയിരിക്കുന്നു. (25:40)
സൂറത്ത് അൻകബൂത്തിലെ വചനങ്ങൾ കൂടി നോക്കാം... "നമ്മുടെ ദൂതന്മാർ ലൂത്വിന്റെ അടുക്കൽ വന്നപ്പോൾ അവർ മൂലം അദ്ദേഹത്തിന് വ്യസനം പിടിപെടുകയും അവരെക്കൊണ്ട് മനസ്സ് മൂടുകയും ചെയ്തു. അവർ പറഞ്ഞു : പേടിക്കണ്ട, വ്യസനിക്കുകയും വേണ്ട. നിങ്ങളെയും ഭാര്യ ഒഴികെയുള്ള വീട്ടുകാരെയും ഞങ്ങൾ രക്ഷപ്പെടുത്തുന്നവരാകുന്നു. അവർ ശിക്ഷ ബാധിക്കുന്നവരിൽ പെട്ടവളാകുന്നു. (29:33)
"ഈ രാജ്യക്കാർ തെമ്മാടിത്തം കാണിക്കുന്നതിനാൽ ഞങ്ങൾ ആകാശത്ത് നിന്ന് അവരുടെ മേൽ ശിക്ഷ ഇറക്കുന്നവരാണ്." (29;34)
"മനസിരുത്തുന്ന ജനങ്ങൾക്ക് അതിൽ നിന്ന് ഒരു വ്യക്തമായ ദൃഷ്ടാന്തം നാം തീർച്ചയായും ബാക്കിയാക്കിവെച്ചിട്ടുണ്ട്." (29:35)