Wednesday - 22 April, 2026 4-Dhu al-Qadah-1447

അതിഥികൾ (1)

   മലക്കുകൾ ഇബ്രാഹിം (അ)ന്റെ വീട്ടിൽ വന്ന സംഭവം സൂറത്ത് ഹൂദിൽ വിവരിക്കുന്നതിങ്ങനെയാകുന്നു. അതിഥികൾക്ക് ആഹാരം വിളമ്പിയ ശേഷം സാറാ ബീവി (റ) വാതിലിന്നപ്പുറം നിൽക്കുകയായിരുന്നു. അതിഥികളിൽ നിന്ന് അകലെയല്ല...


"അദ്ദേഹത്തിന്റെ ഭാര്യ  (സമീപത്ത് ) നിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ മഹതി ചിരിച്ചു. അപ്പോൾ ഇസ്ഹാഖിനെയും, ഇസ്ഹാഖിനു പിന്നാലെ യഹ്ഖൂബിനെയും കുറിച്ച് നാം അവർക്ക് സന്തോഷവാർത്ത അറിയിച്ചു." (11:71)


 വിശദമായ വിവരണം തന്നെയാണ് ഇബ്രാഹിം (അ)നും സാറാബീവി (റ)ക്കും ലഭിച്ചത്...


 പുത്രൻ ജനിക്കും. ഇസ്ഹാഖ് എന്നാണ് പേര്. കുട്ടി വളർന്നു വലുതാകും. വിവാഹം കഴിക്കും യോഗ്യനായ പുത്രനെ ലഭിക്കും. പേര് യഹ്ഖൂബ് എന്നായിരിക്കും. അനുഗ്രഹീതമായൊരു പരമ്പര വരാൻ പോവുകയാണ്...


 ഭൂമിയിൽ ഇസ്രാഈൽ സമൂഹം വരാൻ പോവുന്നു എന്നതിന്റെ സൂചനയാണിത്. ബനൂ ഇസ്റാഈൽ രൂപംകൊള്ളും. ഖുർആൻ തുടർന്നു പറയുന്നു : "മഹതി പറഞ്ഞു : കഷ്ടം! ഒരു കിഴവിയായിരിക്കെ ഞാൻ പ്രസവിക്കുകയോ? ഇതാ എന്റെ ഭർത്താവ് ഒരു വൃദ്ധനും ആയിരിക്കെ? നിശ്ചയമായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ."  (11:72)


"മലക്കുകൾ പറഞ്ഞു : അല്ലാഹുﷻന്റെ കൽപ്പനയെപ്പറ്റി നീ അത്ഭുതപ്പെടുന്നുവോ? അല്ലാഹുﷻന്റെ കാരുണ്യവും അവന്റെ അനുഗ്രഹങ്ങളും നിങ്ങളിലുണ്ടാവട്ടെ! വീട്ടുകാരേ! നിശ്ചയമായും അവൻ സ്തുത്യാർഹനും മഹത്വമേറിയവനുമാകുന്നു." (11:73)


 പുത്രനെക്കുറിച്ചുള്ള സന്തോഷവാർത്ത കേട്ടപ്പോൾ സാറ (റ) അത്ഭുതം പ്രകടിപ്പിച്ചു. ഖുർആൻ ഉപയോഗിച്ച പദം يَا وَيْلَتَىٰ എന്നാകുന്നു. കഷ്ടമേ, നാശമേ എന്നൊക്കെ അർത്ഥം പറയാം. അതിശയകരം തന്നെ എന്നാണ് ആശയം മനസ്സിലാക്കേണ്ടത്. അത്ഭുതാവസ്ഥയിൽ വന്നുപോയ വാക്ക്... 


 വിശുദ്ധ ഖുർആനിലെ അടുത്ത വചനം നോക്കൂ.... "എന്നിട്ട് ഇബ്റാഹീമിൽ നിന്ന് നടുക്കം നീങ്ങിപ്പോവുകയും അദ്ദേഹത്തിന് സന്തോഷവാർത്ത വരികയും ചെയ്തപ്പോൾ അദ്ദേഹം ലൂത്വിന്റെ ജനതയുടെ കാര്യത്തിൽ നമ്മോട് തർക്കിക്കുന്നു." (11:74)


 ലൂത്വിന്റെ ജനതയുടെ കാര്യത്തിൽ അദ്ദേഹം ഇടപെട്ടു സംസാരിക്കുന്നു. മനസ്സിലെ അലിവ് കൊണ്ടാണ് ആ ജനതക്കു വേണ്ടി വാദിച്ചത്. നന്നാവാൻ തയ്യാറില്ലാത്ത ജനതക്കു വേണ്ടി വാദിച്ചിട്ടെന്താണ് കാര്യം? വിധി നടപ്പാക്കേണ്ട സമയം മാത്രമേ ഇനി ബാക്കിയുള്ളൂ... ഇബ്രാഹിം (അ)വളരെ സഹനശക്തിയുള്ള ആളാണ്. വിനയാന്വിതനാണ്. അതുകൊണ്ടാണ് ലൂത്വ് (അ)സമുദായത്തിന് വേണ്ടി സംസാരിച്ചത്... 


 വിശുദ്ധ ഖുർആൻ പറയുന്നു :

"നിശ്ചയമായും ഇബ്രാഹിം സഹനശീലനും വളരെ അനുകമ്പയുള്ളവനും വിനയ മനസ്കനും തന്നെയാകുന്നു." (11:75) "മലക്കുകൾ പറഞ്ഞു : ഓ... ഇബ്രാഹിം... ഈ തർക്കത്തിൽ നിന്ന് പിന്തിരിയുക. നിന്റെ റബ്ബിന്റെ കൽപ്പന വന്നുകഴിഞ്ഞു. പ്രതിരോധിക്കാനാവാത്ത വൻ ശിക്ഷ ആ സമുദായത്തിന് നേരെ വരികയാണ്." (11:76)


 ഇബ്രാഹീം (അ) മലക്കുകളുമായി നടത്തിയ സംഭാഷണം വിശുദ്ധ ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിൽ സ്ഥലം പിടിച്ചിട്ടുണ്ട്. രാജ്യം നശിപ്പിക്കുവാൻ പോവുകയാണെന്ന് മലക്കുകൾ പറഞ്ഞപ്പോൾ ഇബ്രാഹിം (അ) ചോദിച്ചു : 

"അവിടെ നൂറുകണക്കിന് മുസ്ലിംകളുണ്ടെങ്കിലോ?"


"എങ്കിൽ അവരെ നശിപ്പിക്കുകയില്ല." 


"ദശക്കണക്കിൽ ഉണ്ടെങ്കിലോ?"


"എന്നാലും നശിപ്പിക്കില്ല."


അവസാനം ഇബ്രാഹിം (അ)ചോദിച്ചു : "അവിടെ ലൂത്വ് ഉണ്ടല്ലോ?" 


"അതിന് മലക്കുകളുടെ മറുപടി ഇങ്ങനെ; 

അവിടെ ഉള്ളവരെപ്പറ്റി ഞങ്ങൾക്കറിയാം ലൂത്വിനെയും അദ്ദേഹത്തിന്റെ ആൾക്കാരെയും ഞങ്ങൾ രക്ഷപ്പെടുത്തുന്നതാണ് ഭാര്യ അതിൽ പെടില്ല."


 സൂറത്ത് ഹിജ്റിൽ ഇങ്ങനെ കാണാം : "മലക്കുകൾ പറഞ്ഞു :ഞങ്ങൾ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടിരിക്കുന്നു." (15:58) "ലൂത്വിന്റെ കുടുംബം ഒഴികെ. തീർച്ചയായും അവരെ മുഴുവനും ഞങ്ങൾ രക്ഷപ്പെടുത്തുന്നവരാകുന്നു." (15:59)

അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ, അവർ നിശ്ചയമായും ശിക്ഷയിൽ അകപ്പെട്ടവളെന്ന് ഞങ്ങൾ കണക്കാക്കിയിരിക്കുന്നു." (15;60)


 ലൂത്വ് (അ)ന്റെ ഭാര്യ ശിക്ഷയിൽ അകപ്പെടണമെന്നത് അല്ലാഹുﷻന്റെ വിധിയാണ്. അത് ഞങ്ങൾ നടപ്പാക്കുമെന്നാണ് മലക്കുകൾ പറഞ്ഞത്. ഇബ്രാഹിം (അ) ആ സംസാരം നിർത്തി...