Wednesday - 22 April, 2026 4-Dhu al-Qadah-1447

ദുർമാർഗ്ഗികളുടെ സദസ്സുകൾ (3)

   ലൂത്വ് (അ)മിന്റെ സമുദായം സദസ്സ് കൂടുന്നത് നാശത്തിന് വേണ്ടിയാണ്. അവിടെ ഇബ്ലീസിന്റെ നടപടിക്രമങ്ങളാണ് നടക്കുന്നത്. സദസ്സിൽ കൂക്കുംവിളിയും ഉയരും. അത്യുച്ചത്തിൽ കൂക്കിവിളിക്കുന്നവന് മാന്യത കൽപിക്കുന്നു. ഉച്ചത്തിൽ തെറി വിളിക്കുന്നവനും മാന്യതയുണ്ട്. ലൂത്വ് (അ) നെ പരിഹസിക്കുകയാണ് പ്രധാന പരിപാടി. പ്രവാചകന്റെ വാക്കുകൾ അവർ പറയും. എന്നിട്ട് പരിഹസിച്ചു ചിരിക്കും. ആർത്തട്ടഹസിച്ചു ചിരിക്കും. പിശാചിന്റെ ചിരി... 


 ചിരിക്ക് മാന്യത വേണം. നബി ﷺ സന്തോഷം പ്രകടിപ്പിക്കുന്നത് പുഞ്ചിരിയിലൂടെയാണ്. ചിലപ്പോൾ പല്ലുകൾ കാണത്തക്കവിധമായിരിക്കും. പുഞ്ചിരി അത്രമാത്രം പൊട്ടിച്ചിരിയില്ല. ലൂത്വ് നബി (അ) ന്റെ സമുദായം മദ്യപിക്കാനും, ഹാസ്യം പറയാനും, ആർത്തു ചിരിക്കാനും വേണ്ടി സദസ്സ് കൂടി. ഓരോ സദസ്സും അവർക്ക് പാപങ്ങൾ മാത്രമാണ് വർദ്ധിപ്പിച്ചു കൊടുത്തത്. പ്രവാചകനെ പരിഹസിക്കുക വഴി അവർ ദുർമാർഗ്ഗത്തിലേക്ക് കുതിക്കുകയായിരുന്നു... 


 സദസ്സിൽ വെച്ച് പുരുഷന്മാർ കാമലീലകൾ കാണിക്കും. പുരുഷന്മാർ കെട്ടിപ്പിടിക്കും. ചുംബിക്കും. അതിനപ്പുറം പലതും ചെയ്യും. കണ്ടുനിൽക്കുന്നവർ പ്രോത്സാഹിപ്പിക്കും. പ്രോത്സാഹനം കൂടുമ്പോൾ പരസ്യമായ വേഴ്ചയും നടക്കും. അത് നടത്തിയവന് വീരനായകന്റെ പരിവേഷം... 


 ഇതിന്നെതിരെ പ്രവാചകൻ നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. അതവരുടെ വെറുപ്പും കോപവും വർദ്ധിച്ചു കൊണ്ടുമിരുന്നു. പ്രവാചകനു നേരെ കടുത്ത വെല്ലുവിളികളുയർന്നു. ഒന്നും വകവെക്കാതെ തന്റെ ദൗത്യം തുടർന്നുകൊണ്ടിരിക്കുന്നു...


 പക്ഷികളോടും മൃഗങ്ങളോടും വലിയ ക്രൂരത കാണിച്ചിരുന്നു. കോഴിപ്പോര് പ്രസിദ്ധമായ വിനോദ പരിപാടിയാണ്. കോഴികൾ വീറോടെ കൊത്തിപ്പറിക്കും. മനുഷ്യർ കണ്ടു രസിക്കും. മുട്ടനാടുകൾ ഏറ്റുമുട്ടും. മറ്റു പലമൃഗങ്ങളെയും മൽസരത്തിനുപയോഗിക്കും. പക്ഷികളോടും മൃഗങ്ങളോടും കരുണ കാണിക്കുകയാണ് വേണ്ടത്. അവയെ പട്ടിണിക്കിടാൻ പാടില്ല. ഭക്ഷണത്തിന് വേണ്ടി മാത്രമേ അവയെ അറുക്കാൻ പാടുള്ളൂ. അത് തന്നെ നല്ല രീതിയിലാണ്...


 ആ സമുദായക്കാരുടെ സദസ്സുകളെക്കുറിച്ച് ഖുർആന്റെ പ്രയോഗം ഇങ്ങനെയാകുന്നു...    "وَتَأْتُونَ فِي نَادِيكُمُ الْمُنْكَرَ" (നിങ്ങൾ നിങ്ങളുടെ സദസ്സുകളിൽ വെച്ച് നിഷിദ്ധ കാര്യങ്ങൾ പ്രവർത്തിക്കുന്നു) പലരും നബി ﷺ തങ്ങളോട് ഇതിന്റെ വിശദീകരണം ചോദിച്ചിട്ടുണ്ട്. നബി ﷺ ഒരിക്കൽ പറഞ്ഞു : "അവർ വഴിയിൽ കൂട്ടംകൂടി നിൽക്കും. യാത്രക്കാർ പോവുമ്പോൾ കല്ലെടുത്തെറിയും. പരിഹസിക്കും. ചിരിക്കും."


 ഇപ്പറഞ്ഞ കൃത്യങ്ങളിലൂടെ അവരുടെ മനസ്സിന്റെ അവസ്ഥ മനസ്സിലാക്കാം. ഒരു വെളിച്ചവും അവരുടെ മനസ്സിലില്ല. കട്ടപിടിച്ച കൂരിരുട്ടു മാത്രം. ലൂത്വ് നബി (അ) എത്ര തവണയാണ് അവരെ ഉപദേശിച്ചത്..? എന്നിട്ടെന്ത് ഫലം..?  പരിഹാസം കൂക്കുവിളി. ഭാര്യയുടെ അവസ്ഥയെന്താണ്..? അവർക്ക് വിശ്വാസമില്ല. നബിയെ ബുദ്ധിമുട്ടിക്കുന്നു. ദുർമാർഗികളുമായി ചങ്ങാത്തം കൂടുന്നു. അവരുടെ പരിഹാസം കേട്ട് സന്തോഷിക്കുന്നു...


 രണ്ട് പുത്രിമാർ നബിയുടെ സ്നേഹഭാജനങ്ങൾ. തങ്ങളുടെ പ്രിയപ്പെട്ട ഉപ്പ അല്ലാഹുﷻന്റെ പ്രവാചകനാണെന്ന് അവർക്കറിയാം. അല്ലാഹുവിലും പ്രവാചകനിലും അവർ വിശ്വസിക്കുന്നു. ഉപ്പയെ ആശ്വസിപ്പിക്കുന്നത് അവരാണ്. വിശക്കുമ്പോൾ ഉപ്പാക്ക് ആഹാരം നൽകുന്നു. ദാഹിക്കുമ്പോൾ പാനീയം നൽകുന്നു. ആശ്വാസ വചനങ്ങൾ നൽകുന്നു... 


 ഒരുവിധത്തിലും ഈ ജനത നന്നാവുകയില്ല. വേദനയും നിരാശയുമായി. അപ്പോൾ ലൂത്വ്  (അ) കൈകളുയർത്തി പ്രാർത്ഥിക്കുകയാണ്. "റബ്ബേ! ഉപദേശവും താക്കീതും ഫലം ചെയ്യുന്നില്ല. അക്രമവും പരിഹാസവും വർദ്ധിക്കുന്നതേയുള്ളൂ. അല്ലാഹുവേ എന്നെ നീ സഹായിക്കേണമേ! ഈ ജനതയുടെ ഉപദ്രവത്തിൽ നിന്ന് കാക്കേണമേ!" 


 ഒരു ഗ്രന്ഥകാരന്റെ വാക്കുകൾ ഇങ്ങനെ വായിക്കാം. പ്രാവ് പന്തയം, ചൂളമടി، കാടപ്പക്ഷിപ്പോര്, കല്ലേറ്, മദ്യപാനം, കുഴൽ വായന, അതിഥി നിന്ദ മുതലായ ദുഷ്കൃത്യങ്ങൾ നിത്യേന ചെയ്തുകൊണ്ടിരുന്നു. സാധുക്കൾക്ക് അവർ ഒരു സഹായവും ചെയ്തില്ല... 


 പൊതുജനങ്ങളുടെ മുമ്പിൽ നഗ്നരായി നിൽക്കും. അതൊരു വിനോദമാണ്. കൈകാലുകളിൽ ചുവന്ന ചായം തേക്കും. താടിരോമം വളരുന്നത് വെറുത്തു. വളരാൻ അനുവദിക്കില്ല. താടിയില്ലാത്ത യുവാക്കളെയാണ് അവർക്കാവശ്യം...