നബി ﷺ തങ്ങളും സ്വഹാബികളും ധാരാളം യാത്ര ചെയ്തിട്ടുണ്ട്. യാത്രയെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. യാത്രയിലൂടെ ഒരുപാട് നന്മകൾ കൈവരിക്കാം. യാത്രക്കാരന് അല്ലാഹുﷻ തന്നെ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്...
രണ്ടുനേരത്തെ നിസ്കാരങ്ങൾ ഒന്നിച്ചു നിസ്കരിക്കാം. ജംആക്കാം നാല് റക്അത്തുള്ള നിസ്കാരം രണ്ട്റക്അത്താക്കി ചുരുക്കി നിസ്കരിക്കാം. ഖസ്വറ് ആക്കാം. ജംഉം ഖസ്വറും ഒന്നിച്ചാക്കാം. യാത്ര പോകുന്നയാളെ അൽപ ദൂരം അനുഗമിച്ചു യാത്രയാക്കാം. നബി ﷺ തങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ട്...
നമ്മിലേക്ക് യാത്ര ചെയ്തു വരുന്നയാളെ നാം സ്വീകരിക്കും. അതു നബിചര്യയാണ്. അതിഥി സൽക്കാരം ഇബ്രാഹിം നബി (അ) തുടങ്ങിവെച്ച ചര്യയാണ്. ലൂത്വ് നബി (അ) അത് പിന്തുടർന്നു. അതിന്റെ മഹത്വം പറഞ്ഞു കൊടുത്തു. അപ്പോൾ ആ ജനത എന്ത് ചെയ്തു..? ആതിഥികളെ അപമാനിച്ചു. അതായിരുന്നു അവരുടെ സംസ്കാരം...
യാത്രക്കാരെ അപമാനിക്കുന്നതുപോലെ അവർ അതിഥികളെയും അപമാനിച്ചു. യാത്രക്കാരിലും അതിഥികളിലും ചെറുപ്പക്കാരുണ്ടെങ്കിൽ അവർ ലൈംഗിക പീഡനത്തിന് ഇരയാവുകയും ചെയ്യും. ഇക്കൂട്ടരുടെ ആക്രമണം ഭയന്നു മറ്റുനാട്ടുകാർ യാത്ര മാറ്റിവെച്ചു. വഴിയിൽ വെച്ച് യാത്ര മുറിച്ചവരുണ്ട്. യാത്ര ഭയമായി മാറി...
സ്വഹാബികൾ ലോകം മുഴുവൻ യാത്ര ചെയ്തവരാണ്. അറിയപ്പെടാത്ത എത്രയെത്ര ദ്വീപുകളിൽ അവരെത്തി. ഇസ്ലാമിന്റെ പ്രകാശം ലോകം മുഴുവനുമെത്തിയത് മാഹാത്മാക്കളുടെ യാത്രയുടെ ഫലമായിട്ടാണ്. മഹത്മാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന മഹത്തായ മഖാമുകൾ അവർ നടത്തിയ സുദീർഘ യാത്രകളുടെ സ്മാരകങ്ങൾ കൂടിയാണ്. ഇതെല്ലാം മനസ്സിൽ വെച്ചുകൊണ്ട് ആ സമൂഹത്തിന്റെ ചെയ്തികളെ വിലയിരുത്തണം...
യാത്രക്കാരെയും അതിഥികളെയും ആദരിക്കുന്നതിന് പകരം അവരെ അവഹേളിക്കുകയും അക്രമിക്കുകയും അവരുടെ കൈവശമുള്ളത് പിടിച്ചെടുക്കുകയുമാണവർ ചെയ്തത്. ലൂത്വ് (അ) അവർക്ക് ശക്തമായ താക്കീത് നൽകി. "എന്റെ ജനങ്ങളേ! നിങ്ങൾ വഴിയാത്രക്കാരെ അപമാനിക്കരുത്. അവഹേളിക്കരുത്. പരിഹസിക്കരുത്. യാത്രക്കാരെ ഉപദ്രവിക്കരുത്. പ്രയാസപ്പെടുത്തരുത്. യാത്രക്കാരെയും അതിഥികളെയും ബഹുമാനിക്കുക. നിങ്ങളുടെ ഇന്നത്തെ നിലപാട് അല്ലാഹുﷻ ഇഷ്ടപ്പെടുന്നില്ല. അവന്റെ ശിക്ഷ നിങ്ങളിൽ ഇറങ്ങുമെന്ന് ഞാൻ ഭയപ്പെടുന്നു."
ഏതൊരു കരിങ്കൽ ഹൃദയത്തെയും അലിയിക്കുന്ന വാക്കുകളാണ് പ്രവാചകൻ പറഞ്ഞത്. പക്ഷെ ആ സമൂഹത്തിന്റെ മനസ്സിനെ അത് സ്പർശിച്ചില്ല. ഒരിക്കലും അലിയാത്ത കല്ലുകളായി അവ നിലനിന്നു. സ്വൈര സഞ്ചാരം അസാധ്യമായിത്തീർന്നു. സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ടു. ഈ ധിക്കാരം അവസാനിപ്പിക്കണമെന്ന് ലൂത്വ് നബി (അ)വീണ്ടും വീണ്ടും അവരോടാവശ്യപ്പെട്ടു...
അവരുടെ മറുപടിയിൽ ധിക്കാരം നിറഞ്ഞുനിന്നിരുന്നു. "നീ ഭയപ്പെടുത്തുന്ന ശിക്ഷ എവിടെ..? കുറെ കാലമായല്ലോ നീ ശിക്ഷ ഇറങ്ങുമെന്ന് പറയുന്നു. എവിടെ? നീ സത്യമാണ് പറയുന്നതെങ്കിൽ ശിക്ഷ കൊണ്ടുവാ..."
ധിക്കാരികൾ പ്രവാചകനെ വെല്ലുവിളിക്കുകയാണ്...
ലൂത്വ് (അ)മിനെ അവർ പരിഹസിച്ചു. ഭീഷണിപ്പെടുത്തി. പലതരത്തിൽബുദ്ധിമുട്ടിച്ചു. പലസ്ഥലത്തും അവർ ഒരുമിച്ചു കൂടും. സദസ്സുകൾ രൂപംകൊള്ളും. വൃത്തികെട്ട സംഭാഷണങ്ങൾ നടക്കും. അശ്ലീലം വിളിച്ചുപറയും. സദസ്സിൽ പറയാൻ പാടില്ലാത്തതൊക്കെ വിളിച്ചുപറയും. സഭ്യേതര വാക്കുകൾ...
ഇസ്ലാം സദസ്സ് കൂടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അല്ലാഹുﷻ ന്റെ സ്മരണ ഉണർത്തുന്നതാവണം സദസ്സുകൾ. സ്വലാത്തിന്റെയും ദിക്റിന്റെയും മജ്ലിസുകൾ. ഇൽമിന്റെ മജ്ലിസുകൾ പൊതുനന്മക്കുവേണ്ടി സംഘടിപ്പിക്കപ്പെട്ട സദസ്സുകൾ. ഇവയെല്ലാം അനുഗ്രഹീതമാണ്...
അല്ലാഹുﷻ ന്റെ തൃപ്തി നേടുന്ന സദസ്സുകളിൽ നാം സജീവമായി പങ്കെടുക്കണം. അല്ലാഹുﷻ ന്റെ കോപമിറങ്ങുന്ന സദസ്സുകളിൽ പങ്കെടുക്കരുത്. അതാര് സംഘടിപ്പിച്ചാലും പോവരുത്. സദസ്സിൽ പാലിക്കേണ്ട മര്യാദകൾ നബി ﷺ തങ്ങൾ പറഞ്ഞുതന്നിട്ടുണ്ട്. അവയൊക്കെ പാലിക്കണം...