Wednesday - 22 April, 2026 4-Dhu al-Qadah-1447

അല്ലാഹുﷻന്റെ ദൂതൻ (1)

   ലൂത്വ് നബി (അ)ന്റെ സമുദായം എല്ലാ ദുർഗുണങ്ങളും ചേർന്ന വിഭാഗമായിരുന്നു. അവർ പലതരം പന്തയങ്ങളിൽ ഏർപ്പെടുമായിരുന്നു. പക്ഷികളെ ഉപയോഗിച്ചുള്ള പലതരം മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു... 


 കൊള്ളയും പിടിച്ചുപറിയും സാധാരണയായിത്തീർന്നു. വഴിയാത്രക്കാരെ ആക്രമിക്കുകയും കൊള്ളയടിക്കുകയും അപമാനിക്കുകയും ചെയ്യും. ദുർബലരെ കീഴ്പെടുത്തും. ശക്തിയുള്ളവർ എന്തും ചെയ്യും. വിഗ്രഹാരാധന സർവത്രയുണ്ട്. മദ്യപാനികളുമാണ്. സ്വവർഗ്ഗ രതിയിലുള്ള ആവേശമാണ് അവരെ ബാധിച്ച ഏറ്റവും നീചമായ കാര്യം... 


 ലൂത്വ് നബി (അ) അവരിലേക്ക് നിയോഗിക്കപ്പെട്ടു. ആ പ്രവാചകൻ നീചന്മാരുടെ സമൂഹത്തിലേക്ക് ചെന്നു സദുപദേശം നൽകി. ഏകനായ അല്ലാഹുﷻനെ കുറിച്ചു സംസാരിച്ചു...


"എന്റെ ജനങ്ങളേ! ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുവീൻ... ആകാശഭൂമികളുടെ സൃഷ്ടാവ് അല്ലാഹുﷻ ആകുന്നു. അവൻ ഏകനാകുന്നു. അവന് പങ്കുകാരില്ല. അവൻ മാത്രമാണ് ആരാധനക്കർഹൻ. അവൻ എന്നെ നിങ്ങളിലേക്കുള്ള പ്രവാചകനായി നിയോഗിച്ചിരിക്കുന്നു. എന്റെ ജനങ്ങളെ നിങ്ങൾ നന്മയിലേക്ക് വരുവീൻ. എല്ലാ തിന്മകളും കൈവെടിയുവീൻ. നിങ്ങൾ സ്ത്രീകളെ വിവാഹം ചെയ്യുക. ഭാര്യ -ഭർത്താക്കന്മാരായി ജീവിക്കുവീൻ. സ്വവർഗ്ഗരതി അല്ലാഹു വിരോധിച്ചിരിക്കുന്നു. നിങ്ങൾ ആ നീചകൃത്യം അവസാനിപ്പിക്കുവീൻ. എങ്കിൽ അവൻ നിങ്ങളെ സന്മാർഗ്ഗത്തിലേക്കു നയിക്കും. നിങ്ങൾ അല്ലാഹുﷻ ന്റെ അനുഗ്രഹത്തിലേക്ക് വരിക..." 


 ധിക്കാരികൾ ലൂത്വ് നബി (അ)ന്റെ വാക്കുകൾ ഇഷ്ടപ്പെട്ടില്ല. ഇത്തരം വാക്കുകൾ ആരും കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല...


 ലൂത്വ് (അ) പറഞ്ഞതെല്ലാം അവർ കളവാക്കിത്തള്ളി. പ്രവാചകന് താക്കീത് നൽകുകയും ചെയ്തു. "ഇത്തരം വാക്കുകൾ ഇവിടെ കേട്ടുപോവരുത്. ഞങ്ങൾ ഞങ്ങളുടെ താൽപര്യമനുസരിച്ചു ജീവിക്കും. അതിനെ ചോദ്യം ചെയ്യാൻ വരരുത്." 


 പ്രവാചകന്റെ വായടപ്പിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. വിശുദ്ധ ഖുർആൻ ആ സമൂഹത്തെ നമുക്ക് നന്നായി പരിചയപ്പെടുത്തിത്തരുന്നുണ്ട്. സൂറത്ത് ശുഅറാഇലെ വചനങ്ങൾ നോക്കാം... 


 "ലൂത്വിന്റെ ജനത മുർസലുകളെ വ്യാജമാക്കി." (26:160)

ലൂത്വ് നബി (അ)പറഞ്ഞ ഒരു കാര്യവും അവർ അംഗീകരിച്ചില്ല. അല്ലാഹുﷻ ഏകനാകുന്നു. ഞാൻ അവന്റെ റസൂലാകുന്നു. ഇക്കാര്യമാണ് അവർ അംഗീകരിക്കേണ്ടത്. അവർ അംഗീകരിച്ചില്ല. കളവാക്കി തള്ളിക്കളഞ്ഞു. ഇനി ആ സന്ദർഭം ഖുർആനിൽ കാണുക... 


"അവരുടെ സഹോദരൻ ലൂത്വ് അവരോട് പറഞ്ഞപ്പോൾ നിങ്ങൾ സൂക്ഷിക്കുന്നില്ലേ?" (26:161)

"തീർച്ചയായും ഞാൻ നിങ്ങൾക്ക് വിശ്വസ്ഥനായ റസൂൽ ആകുന്നു."  (26:162)

"അതുകൊണ്ട് നിങ്ങൾ അല്ലാഹുﷻ നെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീൻ." (26:163)


"അതിന്റെ യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല. എന്റെ പ്രതിഫലം ലോകരക്ഷിതാവിലല്ലാതെ മറ്റാരിലുമില്ല." (26:164)


 വളരെ ശ്രദ്ധേയമായ കാര്യങ്ങളാണ് പ്രവാചകൻ അവരോട് പഞ്ഞത് തഖ്വ്വ ചെയ്യണം. മുത്തഖീങ്ങളായിത്തീരണം.  നിങ്ങൾ തഖ്വ്വ ചെയ്യുന്നില്ലേ? സൂക്ഷ്മതപാലിക്കുന്നില്ലേ? എന്നാണ് ചോദിച്ചത്... 


 "ജീവിതത്തിൽ സൂക്ഷ്മത പാലിക്കണം. സൂക്ഷ്മതയോടെയല്ലാതെ ഒരു വാക്കും സംസാരിക്കരുത്. ഒരു കാര്യവും ചെയ്യരുത്. നിങ്ങൾക്ക് ഇക്കാര്യങ്ങൾ ഉപദേശിച്ചുതരാൻ ഞാൻ ബാധ്യസ്ഥനാണ്. കാരണം ഞാൻ പ്രവാചകനാണ്. ഞാൻ വിശ്വസ്ഥനാണ്. ഞാൻ പറയുന്ന കാര്യങ്ങൾ നിങ്ങൾ വിശ്വസിക്കണം. കാരണം അല്ലാഹുﷻ ന്റെ കൽപന പ്രകാരമാണ് ഞാൻ സംസാരിക്കുന്നത്. എന്നെ അനുസരിച്ചാൽ അല്ലാഹുﷻ നുള്ള അനുസരണയായി... 


 നിങ്ങളുടെ ഇഹപര വിജയത്തിനുള്ള വഴി തുറന്നുതരികയാണ്. ഇത് വളരെ ഗൗരവമുള്ള ജോലിയാണ്. ഭാരമുള്ള കാര്യമാണ്. എന്നാലും നിങ്ങളെനിക്ക് ഒരു പ്രതിഫലവും തരേണ്ടതില്ല. പ്രതിഫലം അല്ലാഹുവിലാകുന്നു." 


 ഓരോ പ്രവാചകന്മാരും അതാത് കാലത്തെ ജനങ്ങളോട് ഇങ്ങനെ തന്നെയാണ് സംസാരിച്ചത്.