Wednesday - 22 April, 2026 4-Dhu al-Qadah-1447

ഭീതിയുടെ സൂര്യോദയം

   ലൂത്വ് (അ) ബിംബാരാധകരായ ജനതയെ അല്ലാഹുﷻലേക്ക് നിരന്തരം ക്ഷണിച്ചു. എല്ലാ വൃത്തികേടുകളും അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ആരും അനുകൂലമായി പ്രതികരിച്ചില്ല.  ഒരൊറ്റ പുരുഷൻ പോലും സത്യം സ്വീകരിക്കാൻ മുമ്പോട്ടു വന്നില്ല. എല്ലാവരും ഒറ്റക്കെട്ടായി എതിർത്തു...


 ഇതാണ് ലൂത്വ് (അ)ന്റെ ചരിത്രം. എന്തൊരവസ്ഥ..? ചിന്തിക്കൂ... സത്യത്തിലേക്ക് ക്ഷണിക്കാനിറങ്ങുന്ന ദീനീ പ്രവർത്തകർ. ലൂത്വിനെ കുറച്ചു ചിന്തിക്കട്ടെ. ലൂത്വിനെ നാട്ടിൽ നിന്ന് പുറത്താക്കുക അതായിരുന്നു അവരുടെ നിലപാട്. അല്ലാഹുﷻ തന്നെ ലൂത്വ് (അ)നെ അന്നാട്ടിൽ നിന്ന് പുറത്താക്കി. ഏറ്റവും നല്ല രീതിയിൽ പുറത്താക്കി...


 ശപിക്കപ്പെട്ട പിശാച് ആ സമൂഹത്തിൽ വന്നു. സ്വവർഗ ഭോഗം പഠിപ്പിച്ചുകൊടുത്തു. അതിൽ താൽപ്പര്യം ഉണ്ടാക്കി. പിന്നെ താൽപ്പര്യം വളർത്തി. സർവ്വത്ര വ്യാപിച്ചു. അവർ യാത്രക്കാരെ പിടികൂടി കാമപ്പേക്കൂത്തുകൾ കാണിച്ചു. ആളുകളെ പരിഹസിച്ചു. സ്വത്ത് തട്ടിപ്പറിച്ചു. സുഹൃത്തുക്കളെപോലും വഞ്ചിച്ചു. നിഷിദ്ധമായ കാര്യങ്ങൾ പരസ്യമായി പറയുകയും പ്രവർത്തിക്കുകയും ചെയ്തു...

 

 സദസ്സുകളിൽ വെച്ച് സ്വവർഗ ഭോഗം നടന്നപ്പോൾ പോലും ഉപദേശം നൽകാൻ ബുദ്ധിമാനോ നേതാവോ ഉണ്ടായില്ല. എല്ലാവരും രസിച്ചു മദിച്ചു. നീചകൃത്യം നടത്തിയവർക്ക് ഖേദമോ പശ്ചാത്താപമോ തോന്നിയില്ല. അഭിമാനവും സന്തോഷവും മാത്രം. ലൂത്വ് (അ)നെ കളിയാക്കി. ശിക്ഷകൊണ്ടുവരൂ... എന്ന് വിളിച്ചു പറഞ്ഞു ബുദ്ധിമുട്ടിച്ചു... 


 ഗത്യന്തരമില്ലാതായപ്പോൾ ലൂത്വ് (അ) പ്രാർത്ഥിച്ചു. "അക്രമികളായ ജനതക്കെതിരെ എന്നെ നീ സഹായിക്കേണമേ..." ആ പ്രാർഥന അല്ലാഹുﷻ സ്വീകരിച്ചു. ഇബ്രാഹിം നബി (അ) മലക്കുകളുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചു പലരും വിവരിച്ചിട്ടുണ്ട്...


 സഈദുബ്നു ജുബൈർ, സുദി, ഖത്താദ, മുഹമ്മദ് ബ്നു ഇസ്ഹാഖ് എന്നിവരുടെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം :


"അന്നാട്ടിൽ മുന്നൂറ് മുഹ്മിനീങ്ങളുണ്ടങ്കിൽ നിങ്ങൾ നാട് നശിപ്പിക്കുമോ?" ഇബ്രാഹിം (അ) ചോദിച്ചു. 


"ഇല്ല നശിപ്പിക്കില്ല" - മലക്കുകളുടെ മറുപടി. 


"ഇരുന്നൂറ് മുഹ്മിനീങ്ങളുണ്ടെങ്കിലോ?"


"ഇല്ല നശിപ്പിക്കില്ല." 


"നാൽപ്പത് മുഹ്മിനീങ്ങളുണ്ടെങ്കിലോ?"

 

 "ഇല്ല" 


"പതിനാല് മുഹ്മിനീങ്ങളുണ്ടെങ്കിലോ?"


"ഇല്ല."


ഇബ്നു ഇസ്ഹാഖിന്റെ റിപ്പോർട്ടിൽ ഇത്രവരെയുണ്ട്. 


"ഒരു മുഹ്മിൻ ഉണ്ടെങ്കിലോ?" 


"ഇല്ല" 


ഇത്രയുമായപ്പോൾ മനസ്സിൽ പ്രതീക്ഷയായി. എന്നിട്ട് പറഞ്ഞു;  അവിടെ ലൂത്വ് ഉണ്ടല്ലോ..? ലൂത്വിനെയും കുടുംബത്തെയും രക്ഷപ്പെടുത്തുമെന്ന് മലക്കുകൾ പറഞ്ഞു... 


മുഫസ്സിരീങ്ങളുടെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം :

ജിബ്രീൽ (അ), മീക്കാഈൽ (അ), ഇസ്റാഫീൽ (അ) എന്നീ മലക്കുകൾ സദൂമിലേക്ക് വന്നു. നല്ല കോമള യുവാക്കളായിവന്നു. അവർ ലൂത്വ് (അ)ന്റെ വീട്ടിലെത്തുമ്പോൾ സൂര്യൻ അസ്തമിക്കാറായിട്ടുണ്ട്. ഞങ്ങളെ ഇന്നത്തേക്ക് അതിഥിയായി സ്വീകരിക്കണം... 


 യുവാക്കളുടെ അപേക്ഷ കേട്ടപ്പോൾ നബിക്ക് ഭയമായി. തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥ. താൻ സ്വീകരിച്ചില്ലെങ്കിൽ അവർ മറ്റേതെങ്കിലും വീട്ടിൽ ചെല്ലും. ആരും അവരെ സ്വീകരിക്കും. ഈ രാത്രിയിൽ വലിയ ലൈംഗിക പീഡനം നടക്കും. ഓർക്കാൻ വയ്യ. താനവരെ അതിഥികളായി സ്വീകരിച്ചാലോ? ആരെങ്കിലും അറിഞ്ഞാൽ കുഴപ്പമാകും. ഭാര്യ തന്നെ രഹസ്യം പുറത്താക്കും. രണ്ട് ചിന്തകൾ. മനസ്സ് നീറി. ഒടുവിൽ അവരെ അതിഥികളായി സ്വീകരിച്ചു... 


 സുദിയുടെ റിപ്പോർട്ടിൽ ഇങ്ങനെയുണ്ട് : മലക്കുകൾ ഉച്ച സമയത്താണ് സദൂമിലെത്തിയത്. നദിയുടെ കരയിലാണ് വന്നത്. ലൂത്വ് (അ)ന്റെ രണ്ട് പുത്രിമാർ അപ്പോൾ അവിടെയുണ്ടായിരുന്നു. അവർ വെള്ളമെടുക്കാൻ വന്നതായിരുന്നു. മൂത്ത മകളുടെ പേര് റീസാ എന്നായിരുന്നു. ഇളയ പുത്രി ദഗ് രിതാ. കോമള യുവാക്കളെ കണ്ടപ്പോൾ അവർക്ക് വൈപ്രാളമായി.  ജനങ്ങൾ ഉപദ്രവിക്കുമോ എന്ന പേടി... 


 യുവാക്കൾ അവരോട് സംസാരിച്ചു. താമസിക്കാനൊരു ഇടം കിട്ടുമോ? അവർ വീട്ടിലേക്കോടി പിതാവിനോട് സംസാരിച്ചു. മൂന്നു യുവാക്കൾ പട്ടണത്തിന്റെ വാതിക്കൽ നിൽക്കുന്നു. കാണാനഴകുള്ളവരാണ്. ലൂത്വ് (അ)ന്  ബേജാറായി പോയി. അവരെ വിളിച്ചു കൊണ്ടു വന്നു വീട്ടിലാക്കി. വാതിലടച്ചു ഇതിന്നിടയിൽ ഭാര്യ പട്ടണവാസികളെ രഹസ്യം അറിയിച്ചു...


ഖത്താദയുടെ റിപ്പോർട്ട് ഇങ്ങനെയാണ്;  "ലൂത്വ് (അ)ന്റെ കൃഷിസ്ഥലത്തായിരുന്നു. കൃഷിപ്പണികൾ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മലക്കുകൾ വന്നത്." 


 നാടുവിട്ടുള്ള യാത്രയെക്കുറിച്ചു വിവരണങ്ങളുണ്ട്. പിന്നിൽ നിന്ന് എന്ത് ശബ്ദം കേട്ടാലും പിന്തിരിഞ്ഞ് നോക്കരുത്. പുലരുവോളം യാത്ര തന്നെ. പ്രഭാതമായി സൂര്യോദയ സമയമായി. അപ്പോൾ ഉഗ്ര ശബ്ദങ്ങൾ കേട്ടു. നാട് കീഴ്മേൽ മറിക്കപ്പെട്ടു. സ്വവർഗ ഭോഗികളായ സമൂഹം നശിപ്പിക്കപ്പെട്ടു...


 പക്ഷെ ഇബ്ലീസ് വെറുതെയിരുന്നില്ല. പിൽക്കാലത്തും അവൻ ജോലി തുടർന്നു. ആൺകുട്ടികളെ ഭോഗിക്കാനുള്ള ആവേശം മനുഷ്യ മനസ്സുകളിൽ അവൻ ഇട്ടുകൊടുത്തുകൊണ്ടിരുന്നു. പലകാര്യങ്


ങളിലും പിശാചിനെ അനുസരിക്കുന്ന മനുഷ്യർ ഇക്കാര്യത്തിലും അതുതന്നെ സ്വീകരിച്ചു...


 ആൺകുട്ടികളുമായി ലൈംഗിക ബന്ധം പുലർത്തുക. അതിൽ ആനന്ദം കണ്ടെത്തുക. അതിന് പണം ചെലവഴിക്കുക. അതൊരു നിസാര കാര്യമായി കാണുക. കുറ്റകരമല്ലെന്ന തോന്നൽ നിലനിർത്തുക. ഇതൊക്കെയാണ് പിൽക്കാലത്ത് സംഭവിച്ചത്. ഇത് നിസാര കാര്യമാണോ..? 

അല്ല. ഇത് ഗുരുതരമാണ്. ശിക്ഷ നിശ്ചയിച്ചിട്ടുണ്ട്... 


ഇമാം അഹ്മദ് (റ) റിപ്പോർട്ട് ചെയ്യുന്നു. ഇക്രിമ, ഇബ്നു അബ്ബാസ് എന്നിവരിൽ നിന്ന് നിവേദനം. നബിﷺ പറഞ്ഞു :


 مَنْ وَجَدْتُمُوهُ يَعْمَلُ عَمَلَ قَوْمِ لُوطٍ فَاقْتُلُوا الْفَاعِلَ وَالْمَفْعُولَ بِهِ 


(ആരെങ്കിലും ലൂത്വിന്റെ സമൂഹത്തിന്റെ നീചവൃത്തി ചെയ്യുന്നതായി കണ്ടാൽ ചെയ്യുന്നവനെയും ചെയ്യപ്പെടുന്നവനെയും വധിച്ചുകളയുക) 


 ഒരു സമൂഹത്തിൽ ഈ ദുഷ്കർമം വ്യാപിച്ചു കഴിഞ്ഞാൽ അവർ അല്ലാഹുവിന്റെ കോപത്തിനിരയായിത്തീരും. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിൽ നിന്നകന്നുപോവും. സാമ്പത്തിക നേട്ടങ്ങളും പേരും പെരുമയും ആൾബലവുമെല്ലാം കാണും. ദുഷ്കർമം ചെയ്തതിന് തൗബ ചെയ്യാതെ മരണപ്പെട്ടാൽ അവിടെയാണ് കാര്യം കഴിയുന്നത്. ദുനിയാവല്ല. പരലോകം. അവിടത്തെ അവസ്ഥ വേറെയാണ്. ആധികാരിക ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നത് അങ്ങനെയാണ്...