ചരിത്രത്തെ അത്ഭുതപ്പെടുത്തിയ നാലു വനിതകൾ. മനുഷ്യരാശിയുടെ മുമ്പിൽ ഉയർന്നുനിൽക്കുന്ന വിസ്മയം. രണ്ടു പേർ സത്യസാക്ഷികൾ. രണ്ടുപേർ സത്യനിഷേധികൾ. വിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിൽ അവരെപ്പറ്റി പറയുന്നുണ്ട്. ഹദീസുകളിലും വന്നിട്ടുണ്ട്...
സത്യസാക്ഷികൾ ഇവരാകുന്നു. ആസിയ (റ), മർയം (റ). സത്യനിഷേധികൾ ഇവരാകുന്നു :
നൂഹ് നബി (അ)യുടെ ഭാര്യ വാലിഗത്ത്.
ലൂത്വ് നബി (അ)യുടെ ഭാര്യ വാലിഹത്ത്. ധിക്കാരിയായ ഫിർഔനിന്റെ ഭാര്യയാണ് ആസിയ (റ). ഈസാ(അ)ന്റെ മാതാവാണ് മർയം (റ).
ലൂത്വ് നബി (അ)പുത്രിമാരോടൊപ്പം വീട് വിട്ടിറങ്ങിപ്പോന്നപ്പോൾ ഭാര്യയും കൂടെ പോന്നു എന്നാണ് ഒരഭിപ്രായം. എന്ത് സംഭവിച്ചാലും തിരിഞ്ഞുനോക്കരുത് എന്ന കർശനമായ നിർദ്ദേശം അവർക്ക് ലഭിച്ചിരുന്നു. അവർ കുറെ ദൂരം സഞ്ചരിച്ചു. പ്രഭാതം പൊട്ടിവിടരുകയാണ്. തങ്ങളുടെ പിന്നിൽ വൻ ശബ്ദങ്ങൾ കേട്ടുതുടങ്ങി. ഭയാനകമായ പ്രകമ്പനം...
ലൂത്വ് (അ)മും പുത്രിമാരും മനസ്സിൽ അല്ലാഹുﷻനെ മാത്രം കരുതിക്കൊണ്ട് അതിവേഗം യാത്ര തുടർന്നു. തിരിഞ്ഞുനോക്കിയതേയില്ല. എന്നാൽ ഭാര്യ തിരിഞ്ഞുനോക്കി. അപകടത്തിൽ പെടുകയും ചെയ്തു. ഭാര്യ യാത്ര പുറപ്പെടാതെ ആ സമുദായത്തോടൊപ്പം തന്നെ നിന്നു എന്നാണ് മറ്റൊരഭിപ്രായം. അവരോടൊപ്പം നാശമടയുകയും ചെയ്തു...
ഭർത്താക്കന്മാരുടെ മഹത്വം മനസ്സിലാക്കാൻ കഴിയാത്ത ഭാര്യമാർ എത്രയുണ്ട്. നൂഹ് (അ) മഹാനായ ദൂതനാണ്. കൂടെ കഴിഞ്ഞ ഭാര്യക്ക് വിശ്വാസം വന്നില്ല. പ്രവാചകനെയും വിശ്വാസികളായ സംഘത്തെയും രക്ഷപ്പെടുത്താൻ അല്ലാഹുﷻ തീരുമാനിച്ചു.
കപ്പലുണ്ടാക്കാൻ കൽപന വന്നു. മലമുകളിൽ കപ്പലുണ്ടാക്കി. ശത്രുക്കൾ കളിയാക്കി ചിരിച്ചു. ആ ചിരിയിൽ ഭാര്യയും പങ്കുചേർന്നു. പ്രളയം വന്നു വിശ്വാസികൾ കപ്പലിൽ കയറി. ഭാര്യ കപ്പലിൽ കയറാൻ കൂട്ടാക്കിയില്ല. ശപിക്കപ്പെട്ട സമൂഹം പ്രളയത്തിൽ മുങ്ങി നശിച്ചു. ഭാര്യയും നശിച്ചു...
ഫിർഔനിന്റെ പേര് കേൾക്കുമ്പോൾ ലഹ്നത്തുല്ലാഹി അലൈഹി എന്നു ചൊല്ലണം.
അല്ലാഹുﷻന്റെ ശാപം അവനിലുണ്ടാവട്ടെ എന്നാണ് അർത്ഥം. അത്രക്കു ദുഷ്ടനായിരുന്നു അവൻ. അല്ലാഹുﷻന്റെ ശത്രു. ധിക്കാരിയായ ഭരണാധികാരി. ആ ധിക്കാരിയുടെ ഭാര്യ ഇസ്ലാം മതം വിശ്വസിച്ചു. മൂസാ(അ)നെ അല്ലാഹുﷻന്റെ ദൂതനായി അംഗീകരിച്ചു. തൗറാത്ത് വേദഗ്രന്ഥമായി സ്വീകരിച്ചു...
ഫിർഔൻ സത്യവിശ്വാസം കൈവിടാൻ നിർബന്ധിച്ചു. വഴങ്ങിയില്ല. ശിക്ഷാനടപടികൾ തുടങ്ങി. അവരുടെ പ്രാർത്ഥന ഇതായിരുന്നു; "അല്ലാഹുവേ സഹിക്കാനും ക്ഷമിക്കാനുമുള്ള കഴിവ് തരേണമേ! പാദങ്ങൾ സത്യവിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തിത്തരേണമേ... പരീക്ഷണങ്ങൾ പാരമ്യതയിലെത്തുമ്പോൾ പതറിപ്പോവാതെ കാക്കേണമേ..."
പ്രാർത്ഥന ഫലിച്ചു. പതറിപ്പോയില്ല. ഖൽബിടറിയില്ല. തൗഹീദിൽ ഉറച്ചുനിന്നു. ലാഇലാഹ ഇല്ലല്ലാഹ് മൂസാ കലീമുല്ലാഹ്. വീരരക്തസാക്ഷിയായി. കണ്ണുകളടഞ്ഞു...
മഹാനായ ഈസാ (അ). പിതാവില്ലാതെ മാതാവിൽ നിന്ന് മാത്രം കുഞ്ഞ് ജനിക്കുമോ? അല്ലാഹുﷻന്റെ ഖുദ്റത്ത് കൊണ്ട് കഴിയും. മഹതി മർയം (റ) ഈസാനബി(അ) ന് ജന്മം നൽകി. ജനനം തന്നെ മഹാത്ഭുതം. കുഞ്ഞിന്റെ ശൈശവം തന്നെ അത്ഭുതം. നവജാത ശിശു സംസാരിച്ചു പറഞ്ഞ വാക്കുകൾ വിശുദ്ധ ഖുർആനിലുണ്ട്...
നാല് വനിതകൾ നാല് പേരെയും സത്യവിശ്വാസികൾ ഓർക്കണം. നാല് പേരെയും ഒന്നിച്ച് അനുസ്മരിക്കുകയാണ്. തഹ്രീം എന്ന സൂറത്തിൽ. അതിങ്ങനെയാണ്...
സത്യവിശ്വാസികളല്ലാത്തവർക്ക് അല്ലാഹുﷻ ഒരു ഉദാഹരണം എടുത്തുകാട്ടുകയാണ്. നൂഹിന്റെ ഭാര്യയെയും ലൂത്വിന്റെ ഭാര്യയെയും രണ്ട് സ്ത്രീകളും നമ്മുടെ അടിയാന്മാരിൽ പെട്ട രണ്ട് സദ് വൃത്തരായ അടിയാന്മാരുടെ കീഴിലായിരുന്നു. എന്നിട്ട് രണ്ടുപേരും അവരെ വഞ്ചിച്ചു.
എന്നാൽ ആ രണ്ട് സ്ത്രീകളും അല്ലാഹുവിങ്കൽ നിന്നുണ്ടാവുന്ന യാതൊന്നും അവർ രണ്ടാളും (നബിമാർ) ഒഴിവാക്കിക്കൊടുത്തില്ല. (സ്ത്രീകളോട് )പറയപ്പെടുകയും ചെയ്തു : നരകത്തിൽ പ്രവേശിക്കുന്നവരോടൊപ്പം നിങ്ങൾ രണ്ടു പേരും പ്രവേശിച്ചുകൊള്ളുക." (66:10)
"വിശ്വസിച്ചവർക്കും അല്ലാഹുﷻ ഒരു ഉദാഹരണം എടുത്തുകാട്ടുന്നു. ഫിർഔനിന്റെ ഭാര്യയെ അതായത് അവൾ പറഞ്ഞ സന്ദർഭം : എന്റെ റബ്ബേ! എനിക്ക് നിന്റെ അടുക്കൽ സ്വർഗത്തിൽ ഒരു വീട് സ്ഥാപിച്ചു തരേണമേ... ഫിർഔനിൽ നിന്നും അവന്റെ പ്രവർത്തനങ്ങളിൽ നിന്നും നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ... അക്രമികളായ ജനങ്ങളിൽ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ... (66:11)
"ഇംറാന്റെ മകൾ മർയമിനെയും (ഉദാഹരണമാക്കുന്നു). മഹതി ചാരിത്ര്യ ശുദ്ധി സൂക്ഷിച്ചു. നമ്മുടെ ആത്മാവിൽ നിന്നും നാം അതിൽ ഊതുകയും ചെയ്തു. തന്റെ റബ്ബിന്റെ വചനങ്ങളെയും അവന്റെ വേദഗ്രന്ഥങ്ങളെയും മഹതി സത്യമാക്കി. മഹതി ഭക്തരുടെ കൂട്ടത്തിൽ പെട്ടവൾ ആയിരുന്നു." (66:12)
ഇംറാന്റെ മകളായി ജനിച്ച മർയം (റ) വളർന്നത് ബൈത്തുൽ മുഖദ്ദസിലാണ്. സകരിയ്യ (അ) വളർത്തി. സകരിയ്യ (അ) മുറിയിലേക്കു കടന്നുചെല്ലുമ്പോൾ മർയം (റ) യുടെ സുപ്രയിൽ വിശിഷ്ടമായ ആഹ
ാരങ്ങൾ കാണും. ആ കാലത്ത് വിളയാത്ത പഴവർഗങ്ങൾ കാണും. ഇവയെല്ലാം എവിടെ നിന്ന് കിട്ടി? സകരിയ്യ (അ) അതിശയത്തോടെ ചോദിക്കും. മന്ദസ്മിതത്തോടെ മർയം (റ) നൽകുന്ന മറുപടി ഇത്രമാത്രം: "അല്ലാഹുവിന്റെ പക്കൽ നിന്ന്."
നാല് വനിതകളിൽ നിന്ന് നാം പാഠം പഠിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ഇവരെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്.
ആസിയ (റ), മർയം (റ) അവർ സ്വർഗത്തിലെ റാണിമാർ. അവരിൽ നിന്നാണ് നമ്മുടെ വനിതകൾ മാതൃക സ്വീകരിക്കേണ്ടത്. അല്ലാഹുﷻ അവരെ അനുഗ്രഹിക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ