പിതാവും പുത്രനും അല്ലാഹുﷻനെ സ്തുതിച്ചു. അൽഹംദുലില്ലാഹ്☝???? അതിമഹത്തായൊരു കാര്യം നിർവ്വഹിക്കപ്പെട്ടിരിക്കുന്നു. മനുഷ്യവർഗ്ഗ ചരിത്രത്തിലെ മഹാസംഭവം. കഅ്ബയുടെ പുനർനിർമ്മാണം. നിർമ്മാണം പൂർത്തിയായ സന്ദർഭം. അവിസ്മരണീയമാണത്. അനുഗ്രഹീതമാണത്...
അല്ലാഹു ﷻ പറയുന്നത് ശ്രദ്ധിക്കുക. " ആ വീടിന്റെ അടിത്തറ ഇബ്റാഹീമും ഇസ്മാഈലും കെട്ടി ഉയർത്തിയ സന്ദർഭം ഓർക്കുക. (അവർ പ്രാർത്ഥിച്ചു) ഞങ്ങളുടെ റബ്ബേ! ഞങ്ങളിൽ നിന്ന് ഈ കർമ്മം നീ സ്വീകരിക്കേണമേ! നിശ്ചയം നീ തന്നെയാണ് എല്ലാം കേൾക്കുന്നവനും അറിയുന്നവനും." (2:127)
رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ
എല്ലാവർക്കും പഠിക്കാനുള്ള മഹത്തായ പാഠം ഈ പ്രാർത്ഥനയിലുണ്ട്. നന്നായി അധ്വാനിച്ചു. അല്ലാഹുﷻന്റെ ഭവനം പടത്തുയർത്തി. ഈ കർമ്മം നീ സ്വീകരിക്കണമേ എന്നാണ് പിതാവും പുത്രനും പ്രാർത്ഥിക്കുന്നത്. ഇതാണ് ആത്മാർത്ഥത. എല്ലാം അല്ലാഹുﷻനു വേണ്ടി മാത്രം. എല്ലാം അവൻ കേൾക്കുന്നു. എല്ലാം അവൻ അറിയുന്നു...
ഇനിയെന്താണ് പിതാവിനും പുത്രനും പറയാനുള്ളത്. ഞങ്ങളെ രണ്ടു പേരെയും മുസ്ലിംകളാക്കേണമേ! ഞങ്ങളുടെ സന്താന പരമ്പരയിൽ നിന്ന് മുസ്ലിം സമൂഹത്തെ ഉണ്ടാക്കണമേ! ആ പ്രാർത്ഥന വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം...
" ഞങ്ങളുടെ റബ്ബേ... ഞങ്ങളെ രണ്ടു പേരെയും (നിനക്ക് കീഴൊതുങ്ങിയ) മുസ് ലിംകളാക്കണമേ! ഞങ്ങളുടെ സന്താന പരമ്പരയിൽ മുസ്ലിം സമൂഹത്തെ ഉണ്ടാക്കണമേ! ഞങ്ങൾക്ക് ഞങ്ങളുടെ ആരാധനാ കർമ്മങ്ങൾ കാണിച്ചു തരികയും, ഞങ്ങളുടെ പശ്ചാതാപം സ്വീകരിക്കുകയും ചെയ്യേണമേ! നിശ്ചയം നീ തന്നെയാണ് പശ്ചാത്താപം സ്വീകരിക്കുന്നവനും. കരുണയുള്ളവനും." (2:128)
അല്ലാഹു ﷻ വളരെയേറെ പശ്ചാത്താപം സ്വീകരിക്കും. കരുണ നിറഞ്ഞവനുമാണവൻ. ആ നിലയിൽ തന്നെ അല്ലാഹുﷻനെ നാം അറിയണം. ഇസ്മാഈൽ (അ)ന്റെ പരമ്പരയിൽ ഒരൊറ്റ പ്രവാചകൻ മാത്രമേ വന്നിട്ടുള്ളൂ. അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ ...
ആ പ്രവാചകന്റെ നിയോഗത്തിന് വേണ്ടി ഇബ്റാഹീം (അ) പ്രാർത്ഥന നടത്തുന്നു. അതിങ്ങനെ "ഞങ്ങളുടെ റബ്ബേ! അവരിൽ, അവരിൽ നിന്ന് തന്നെയുള്ള ഒരു റസൂലിനെ നീ നിയോഗിക്കുകയും ചെയ്യേണമേ! അവർക്ക് നിന്റെ ദൃഷ്ടാന്തങ്ങൾ ഓതി കൊടുക്കുകയും, അവർക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ നീ നിയോഗിക്കണേ! നിശ്ചയമായും നീ തന്നെയാണ് പ്രതാപശാലിയും അഗാധജ്ഞനും." (2:129)
അന്ത്യപ്രവാചകരുടെ നിയോഗത്തെക്കുറിച്ചാണ് ഈ വചനത്തിൽ പറയുന്നത്. അന്ത്യ പ്രവാചകന് എന്തൊക്കെ കാര്യങ്ങളാണ് നിർവഹിക്കാനുള്ളത്. തന്റെ സമൂഹത്തിന് വിശുദ്ധ ഖുർആൻ ഓതിക്കൊടുക്കുക, അത് പഠിപ്പിക്കുക, അവർക്ക് വിജ്ഞാനം നൽകുക, അവരെ സംസ്കരിക്കുക. ഈ പ്രാർത്ഥനയും സഫലീകരിക്കപ്പെട്ടു...