സഹസ്രാബ്ദങ്ങൾക്കു ശേഷം. സാംസ്കാരികമായി തകർന്നുപോയ ഒരു സമൂഹത്തെ നബി ﷺ സംസ്കരിച്ചെടുത്തു. അവർ പുണ്യാത്മക്കളായി മാറി. മാതൃകാ പുരുഷന്മാരായി. എല്ലാ സൽഗുണങ്ങൾക്കും അവർ മാതൃകയായിത്തീർന്നു...
ഇബ്റാഹീം(അ) ന്റെ സമൂഹം അവർ നമുക്കു മാതൃകയാണ്. ഇബ്റാഹീമിന്റെ മാർഗ്ഗം. മില്ലത്ത് ഇബ്റാഹീം. ബുദ്ധിയുള്ളവർ അത് പിൻപറ്റും. അതിനെ അവഗണിച്ചു തള്ളുന്നവർ ആരാണ്? സ്വയം ദോഷന്മാരായവർ. ചീത്തയായവർ...
വിശുദ്ധ ഖുർആൻ പറയുന്നത് കാണുക: "ആരാണ് ഇബ്റാഹീമിന്റെ മാർഗ്ഗത്തോട് അതൃപ്തി കാണിക്കുക. തന്നെത്തന്നെ ദോഷനാക്കിയവനല്ലാതെ? ഇഹത്തിൽ നാം അദ്ദേഹത്തെശുദ്ധനായി നാം തിരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് തീർച്ചയായും അദ്ദേഹം സജ്ജനങ്ങളിൽ പെട്ടവനാകുന്നു." (2:130)
അല്ലാഹു ﷻ ഇബ്റാഹീം (അ) യോട് മുസ്ലിമാവാൻ ആവശ്യപ്പെട്ടു. ഉടനെ അദ്ദേഹം മുസ്ലിമായി. വിശുദ്ധ ഖുർആൻ പറയുന്നു: അദ്ദേഹത്തോട് തന്റെ രക്ഷിതാവ് നീ മുസ്ലിയാവുക (കീഴൊതുങ്ങുക) എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ ലോക രക്ഷിതാവിന് കീഴൊതുങ്ങിയിരിക്കുന്നു. (2:131)
ഇബ്റാഹീം(അ) തന്റെ മക്കളോട് വസ്വിയ്യത്ത് ചെയ്തത് ഇപ്രകാരമായിരുന്നു. നിങ്ങൾ മുസ്ലിംകളായി കൊണ്ടല്ലാതെ മരണപ്പെടരുത്. യഅഖൂബ് മക്കളോട് പറഞ്ഞതും ഇത് തന്നെ. വിശുദ്ധ ഖുർആനിൽ ഈ വസ്വിയ്യത്ത് കാണാം. " ഇതിനെ പറ്റി ഇബ്റാഹീം തന്റെ മക്കളോട് വസ്വിയ്യത്തും ചെയതിരിക്കുന്നു. യഅഖൂബും വസ്വിയ്യത്ത് ചെയ്തു. എന്റെ മക്കളെ ! തീർച്ചയായും അല്ലാഹു ﷻ നിങ്ങൾക്ക് മതത്തെ ശുദ്ധമാക്കി തിരഞ്ഞെടുത്ത് തന്നിരിക്കുന്നു. അത്കൊണ്ട് നിങ്ങൾ മുസ്ലിംകളായിക്കൊണ്ടല്ലാതെ തീർച്ചയായും മരണപ്പെട്ടു പോവരുത്." (2:132)
ഇബ്റാഹീം (അ) മക്കൾക്കു നൽകിയ വസ്വിയ്യത്ത് അതുതന്നെയാണ്. മക്കൾ അവരുടെ മക്കൾക്കു നൽകിയ വസ്വിയ്യത്തും. അങ്ങനെ നിരവധി പ്രവാചകന്മാരിലൂടെ ഇസ്ലാം കടന്നുവന്നു...
പിതാവും പുത്രനും ചേർന്ന് കഅബ പുതുക്കിപ്പണിതു. അതിനു ശേഷം പ്രാർത്ഥന നടത്തി. ജിബ്രീൽ (അ) ഹജ്ജിന്റെ കർമ്മങ്ങൾ പഠിപ്പിച്ചുകൊടുത്തു. അല്ലാഹുﷻന്റെ കൽപന വന്നു. ജനങ്ങളിൽ ഹജ്ജ് വിളംബരം ചെയ്യുക. അതൊരു വല്ലാത്ത കൽപന തന്നെ. ആരോടാണ് വിളംബരം ചെയ്യേണ്ടത്? ജനങ്ങളോട്. ജനങ്ങളെവിടെ..?
ഇനിയും ജനിച്ചിട്ടില്ലാത്ത ജനകോടികൾ അവരോടാണ് ഹജ്ജിന്റെ ആഹ്വാനം. വിളിച്ചു കൊള്ളുക. കേൾപ്പിക്കുന്നവൻ ഞാനാണ്. വിശുദ്ധ ഖുർആനിൽ ഹജ്ജ് എന്ന പേരിൽ ഒരദ്ധ്യായം ഉണ്ട്. അതിലെ ഇരുപത്തേഴാം വചനത്തിന്റെ ആശയം ഇങ്ങനെയാകുന്നു...
"ജനങ്ങളിൽ ഹജ്ജ് വിളംബരം ചെയ്യുക. എന്നാൽ കാൽനടക്കാരായും, വിദൂരസ്ഥമായ സകല വഴികളിൽ കൂടിയും വന്നു കൊണ്ടിരിക്കുന്ന ക്ഷീണിച്ചു മെലിഞ്ഞവർ വാഹന പുറത്തായും അവർ നിന്റെ അടുക്കൽ വന്നുകൊള്ളുന്നതാണ്." (22:27)
അന്ത്യനാൾ വരെയുള്ള സത്യവിശ്വസികളോടാണ് ഈ ആഹ്വാനം. ആത്മാവുകൾ അതിന്നുത്തരം നൽകുകയും ചെയ്തു. لبيك اللهم لبيك അല്ലാഹുവേ നിന്റെ വിളിക്കുത്തരം നൽകുന്നു. എല്ലാ പ്രദേശത്തും വിളിയെത്തി. വിളിക്കുത്തരവും വന്നു. ഇതാ പുതുയുഗപ്പിറവിയായി...
ജിബ്രീൽ (അ) കാണിച്ചു കൊടുത്ത രീതിയിൽ ഇബ്റാഹീം (അ) ഹജ്ജ് ചെയ്തു. പുത്രനും ഹജ്ജ് ചെയ്തു. കഅബാലയം പരിശുദ്ധമായി സൂക്ഷിക്കണം. ആ ചുമതല ഇസ്മാഈൽ (അ)നാകുന്നു. കഅബാലയം പുനർനിർമ്മിക്കുക എന്ന വിശുദ്ധ കർമ്മം പൂർത്തിയായി. ഹജ്ജ് ചെയ്തു. ജനങ്ങളിൽ ഹജ്ജ് പ്രഖ്യാപനം ചെയ്തു. ഇനി ഇബ്റാഹീം (അ) മടങ്ങുകയാണ്...