Wednesday - 22 April, 2026 4-Dhu al-Qadah-1447

പുനർ നിർമ്മാണം (2)

   ഹജറുൽ അസ് വദ് വെക്കാൻ സമയമായി. മലക്ക് ഹജറുൽ അസ് വദ് കൊണ്ടു വന്നു. പിതാവ് ബഹുമാനത്തോടെ ഏറ്റുവാങ്ങി. ഹജറുൽ അസ് വദ് ചുമരിൽ ഉറപ്പിക്കാൻ പോവുകയാണ്. എല്ലാം ജിബ്രീൽ (അ) പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്...


 എല്ലാ ആദരവോടുംകൂടി ഹജറുൽ അസ് വദ് ചുമരിൽ സ്ഥാപിച്ചു. കെട്ടിടത്തിന്റെ പ്രധാന മൂലയിലാണത് സ്ഥാപിക്കപ്പെട്ടത്. ഇവിടം മുതലാണ് ത്വവാഫ് നടത്തുക. ത്വവാഫ് തുടങ്ങാനുള്ള അടയാളമാണിത്. ഹജറുൽ അസ് വദ് ചുംബിക്കുക. 

എന്നിട്ടാണ് ത്വവാഫ് തുടങ്ങുക. 

കഅ്ബാലയത്തിന് നാല് ചുമരുകളുണ്ട്. നാല് മൂലകളുമുണ്ട്. അനുഗ്രഹീത ഭവനം ഉയർന്നു വന്നു. അല്ലാഹുﷻന്റെ അനുഗ്രഹം...  


 കഅ്ബാലയത്തിന്റെ പണി പൂർത്തിയായി. മഖാമു ഇബ്രാഹിം മുൻഭാഗത്തേക്ക് മാറ്റിയിട്ടു. മഖാമു ഇബ്രാഹീമിൽ ഇബ്രാഹിം (അ) ന്റെ പാദങ്ങൾ നന്നായി പതിഞ്ഞിട്ടുണ്ട്. വിരലുകൾ വ്യക്തമായി കാണാം... അല്ലാഹു ﷻ ഇബ്രാഹിം (അ) നെ മനുഷ്യവർഗ്ഗത്തിന്റെ നേതാവായി നിയോഗിച്ചു...


 അതറിഞ്ഞപ്പോൾ ഇബ്രാഹിം (അ) പ്രാർത്ഥിച്ചു. "റബ്ബേ... എന്റെ സന്താന പരമ്പരയിൽ നിന്ന് നീ നേതാക്കളെ നിയോഗിക്കേണമേ..." അല്ലാഹു ﷻ ആ പ്രാർത്ഥന സ്വീകരിച്ചു. ഇസ്മാഈൽ (അ) നെ നേതാവാക്കി. പിന്നീട് ജനിച്ച ഇസ്ഹാഖിനെയും നേതാവാക്കി. രണ്ട് പരമ്പരകളുണ്ടായി. രണ്ടിലും ധാരാളം നേതാക്കൾ...


 ഇമാം എന്ന പദമാണ് വിശുദ്ധ ഖുർആൻ ഉപയോഗിച്ചത്. അക്രമികളെ അല്ലാഹു ﷻ ഇമാം ആക്കുകയില്ല. ചില വിശുദ്ധ ഖുർആൻ വചനങ്ങളുടെ ആശയം നോക്കുക: 


 "ഇബ്റാഹീമിനെ അദ്ദേഹത്തിന്റെ റബ്ബ് ചില വാക്കുകൾ (കൽപനകൾ) മൂലം പരീക്ഷണം നടത്തിയ സന്ദർഭം ഓർക്കുക, എന്നിട്ട് അവ അദ്ദേഹം പൂർത്തിയാക്കി നിർവഹിച്ചു. അല്ലാഹു ﷻ പറഞ്ഞു: ഞാൻ നിന്നെ മനുഷ്യർക്ക് നേതാവാക്കുകയാണ്. ഇബ്രാഹിം പറഞ്ഞു: എന്റെ സന്തതികളിൽ നിന്നും (നേതാക്കളെ ഉണ്ടാക്കേണമേ...) 

അല്ലാഹു പറഞ്ഞു: എന്റെ കരാറ് അക്രമികൾക്ക് ബാധകമാവുകയില്ല." (2:124) 


 ആ ഭവനത്തെ (കഅ്ബയെ) നാം മനുഷ്യർക്ക് ഒരു സങ്കേതവും ഒരു  നിർഭയ സ്ഥാനവും ആക്കിവെച്ച സന്ദർഭം ഓർക്കുക.   

മഖാമു ഇബ്റാഹീമിൽ ഒരു നിസ്കാര സ്ഥാനം നിങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുവീൻ..!

ഇബ്റാഹീമിനും ഇസ്മാഈലിനും നാം കൽപന കൊടുക്കുകയും ചെയ്തിരിക്കുന്നു.    ത്വവാഫ് ചെയ്യുന്നവർക്കും ഭജനമിരിക്കുന്നവർക്കും സാഷ്ടാംഗം ചെയ്യുന്നവർക്കും കുമ്പിട്ട് നിസ്കരിക്കുന്നവർക്കും വേണ്ടി നിങ്ങൾ രണ്ടാളും എന്റെ വീടിനെ ശുദ്ധിയാക്കിവെക്കണം. (2:125) 


 കഅ്ബാലയവും പരിസരവും ശുദ്ധിയാക്കി വെക്കണം. അല്ലാഹുﷻന്റെ കൽപനയാണത് പിതാവും പുത്രനും അത് നിർവ്വഹിച്ചു. മഖാമു ഇബ്റാഹീമിൽ നിസ്കാര സ്ഥാനം ഏർപ്പെടുത്തുക. ഹജ്ജിനും ഉംറക്കും പോകുന്നവരെല്ലാം കഅ്ബാലയം ത്വവാഫ് ചെയ്യുന്നു. ത്വവാഫിനു ശേഷം മഖാമു ഇബ്റാഹീമിന്റെ  പിന്നിൽ നിസ്കരിക്കുന്നു... 


 ഇബ്രാഹിം (അ) മക്കാനിവാസികൾക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തിയിട്ടുണ്ട്. മക്കക്കാർക്ക് ധാരാളം പഴവർഗ്ഗങ്ങൾ കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു.  ഇതൊരു നിർഭയ രാജ്യമാക്കാൻ വേണ്ടി പ്രാർത്ഥിച്ചു. അല്ലാഹു ﷻ ആ പ്രാർത്ഥന കേട്ട് ഉത്തരം നൽകുകയും ചെയ്തു. വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം... 


 "ഇബ്രാഹിം പറഞ്ഞ സന്ദർഭം ഓർക്കുക. എന്റെ റബ്ബേ നീ ഇതൊരു നിർഭയ രാജ്യമാക്കുകയും അതിലെ ആൾക്കാർക്ക് പഴവർഗ്ഗങ്ങളിൽ നിന്ന് ആഹാരം നൽകുകയും ചെയ്യേണമേ...! അവരിൽ നിന്ന് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവർക്ക് (ആഹാരം നൽകേണമേ.. ) 

അല്ലാഹു പറഞ്ഞു: സത്യനിഷേധികൾക്കും ആഹാരം നൽകുന്നതാണ്. എന്നാൽ സത്യനിഷേധിയെ ഞാൻ അൽപം സുഖിപ്പിക്കും. പിന്നീട് അവനെ ഞാൻ നരകശിക്ഷയിലേക്ക് വരാൻ നിർബന്ധിക്കുന്നതാണ്. ആ വന്നുചേരുന്ന സ്ഥാനം വളരെ ചീത്തയാണ്" (2:126) 


 സത്യവിശ്വാസികൾക്കും സത്യനിഷേധികൾക്കും അല്ലാഹു ﷻ ആഹാരം നൽകും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ നൽകും. ഒരു കാലം വരെ മാത്രം. പിന്നെയൊരു പിടുത്തമുണ്ട്. സത്യനിഷേധികൾ നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നതാണ്...