ഇബ്റാഹീം (അ)ന്റെ കുടുംബങ്ങളിൽ ഹാജർ (റ) മകൻ ഇസ്മാഈൽ (അ), സാറ (റ) മകൻ ഇസ്ഹാഖ് (അ) തുടങ്ങിയവരൊക്കെ ഉൾപ്പെടുന്നു. ഗുണം തേടുന്നതോടൊപ്പം ബർക്കത്തും (അനുഗ്രഹം) ചോദിക്കുന്നു. അതിന്റെ വചനം ഇങ്ങനെ...
"وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ،
وَعَلَى آلِ سَيِّدِنَا مُحَمَّدٍ،
كَمَا بَارَكْتَ عَلَى إِبْرَاهِيمَ،
وَعَلَى آلِ إِبْرَاهِيمَ،"
"സയ്യിദുന മുഹമ്മദ് നബിﷺതങ്ങൾക്കും കുടുബത്തിനും നീ ബർക്കത്ത് നൽകേണമേ...!"
"ഇബ്റാഹീം (അ) നും കുടുംബത്തിനും ബർക്കത്ത് നൽകിയതു പോലെ"
ഒരു നിസ്കാരത്തിൽ രണ്ട് തവണ ഇബ്റാഹീം കുടുംബത്തെ അനുസ്മരിച്ചു. ഇങ്ങനെ അഞ്ച് നേരത്തെ നിസ്കാരത്തിലുമുണ്ട്. നിസ്കാരം എന്ന് കേൾക്കുമ്പോൾ ഇബ്റാഹീമീ കുടുംബം ഓർമ്മയിൽ തെളിയുന്നു...
കൊല്ലം മുഴുവൻ ഉംറ നിർവഹിക്കുന്നവരുടെ യാത്രയാണ്. റമളാനിൽ അത് വല്ലാതെ വർധിക്കുന്നു. ഏത് കുഗ്രാമത്തിലും ഉംറക്കാരെ കാണാം. ഉംറ എന്ന് കേൾക്കുമ്പോൾ ഇബ്റാഹീമീ കുടുംബം ഓർമ്മയിൽ വരുന്നു. ഉംറക്കു പോവാൻ ഒരുങ്ങിയവരെ കാണുമ്പോഴും ഉംറ കഴിഞ്ഞെത്തിയവരെ സമീപിക്കുമ്പോഴും നമ്മുടെ മനസ്സിൽ ഇബ്‌റാഹീമീ കുടുംബം ഓടിയെത്തുന്നു...
നമ്മുടെ നാട്ടിൽ ഹജ്ജ് കാര്യങ്ങൾ മാസങ്ങളോളം നീണ്ടു നിൽക്കുന്ന സംസാരവിഷയമാണ്. ഹജ്ജിന് പോവാൻ തീരുമാനിക്കൽ, പണം സ്വരൂപിക്കൽ, അപേക്ഷ പൂരിപ്പിക്കൽ, അപേക്ഷ അയക്കൽ, ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പ്, നറുക്കെടുപ്പ്. പിന്നെ എന്തെല്ലാം കടമ്പകൾ. ഹജ്ജ് ക്ലാസുകൾ, മറ്റ് ഹജ്ജ് പഠന സംവിധാനങ്ങൾ. ഇപ്പറഞ്ഞ സന്ദർഭങ്ങളിലെല്ലാം ഇസ്മാഈൽ (അ) നമ്മുടെ ഓർമ്മയിൽ ഓടിയെത്തുന്നു. ഒപ്പം മാതാപിതാക്കളും...
നാട്ടിലെ ബലിപെരുന്നാൾ. ഉള്ഹിയ്യത്ത്, കുട്ടികൾ പോലും ഇബ്റാഹീം കുടുംബത്തെ ഒർമിക്കുന്ന സുദിനമാണത്. അന്നത്തെ ഖുതുബയിലും, പെരുന്നാൾ പ്രഭാഷണങ്ങളിലും മറ്റ് വിശേഷ പരിപാടികളിലും ഇബ്റാഹീമീ കുടുംബം അനുസ്മരിക്കപ്പെടുന്നു...
വിശുദ്ധ ഖുർആൻ പാരായണം സദാനേരവും നടന്നുകൊണ്ടിരിക്കുന്നു. ഇബ്റാഹീമീ കുടുംബത്തെ പരാമർശിക്കുന്ന നിരവധി വചനങ്ങൾ ഖുർആനിലുണ്ട്. പാരായണം ചെയ്യുന്നവരും കേൾക്കുന്നവരും ആ കുടുംബത്തെ ഓർക്കുന്നു. നമുക്ക് ഒരു ദിവസം പോലും അവരെ മറക്കാനാവില്ല. അവരുടെ പേര് അനുസ്മരിക്കാതെ വയ്യ...
കുട്ടി പ്രായത്തിലുള്ള ഇസ്മാഈൽ (അ). അതാണ് നമ്മുടെ മനസ്സിൽ തെളിയുന്ന രൂപം. പിതാവിനു പിന്നാലെ നടന്നു പോവുന്ന കുട്ടി. മലഞ്ചെരിവിലേക്കുള്ള യാത്ര. ബലിപെരുന്നാൾ വരുമ്പോൾ മനസ്സിൽ തെളിയുന്നത് സുന്ദരനായ ആ കുട്ടിയുടെ രൂപമാണ്. സംസം കുടിക്കുമ്പോഴോ? ഒരു ശിശുവിന്റെ രൂപം. മലർന്നുകിടന്ന് കൈകാലിട്ടടിച്ചു കരയുന്ന കുഞ്ഞിന്റെ രൂപം. നല്ല ഓമനയായ കുഞ്ഞ്...
ദാഹിച്ചു വലഞ്ഞ് ദൈന്യതയോടെ കരയുന്ന കുഞ്ഞ്. അത് കേട്ടപ്പോൾ സഹിക്കാനാവാതെ പകച്ചു നിന്ന മാതാവ്. മാതൃഹൃദയത്തിന്റെ വല്ലാത്ത പിടച്ചിൽ. പിന്നെ ആ കാലുകൾ നിർത്താതെ ചലിക്കുകയായിരുന്നു. സഫാ മലയിലേക്ക്. സഫായിൽ നിന്ന് മർവായിലേക്ക്. തളർന്ന പാദങ്ങളിൽ നിർത്താതെ ഓടുന്ന ഉമ്മ. ഉമ്മയുടെ പാദങ്ങളിൽ നിന്ന് വിയർപ്പ് തുള്ളികൾ മണൽപ്പരപ്പിൽ തെറിച്ചു വീണു...
ഓടുന്ന ഉമ്മയുടെ രൂപം. ഏതൊരു സത്യവിശ്വാസിയുടെയും മനസ്സിൽ ആ രൂപമുണ്ടാകും. ആ ഉമ്മയുടെയും മകന്റെയും ചരിത്രം. അതാണ് പറഞ്ഞു തുടങ്ങുന്നത്. അറബ് വംശത്തിന്റെ ചരിത്രം. അറബ് ഭാഷയുടെ ചരിത്രം. സഹസ്രാബ്ദങ്ങളിലൂടെ ഒഴുകിവന്ന ചരിത്രമാണത്. അന്ത്യനാൾ വരെയുള്ളവർ അത് അന്വേഷിച്ചറിയും. പഠിക്കും. ഗൗരവത്തോടെ ചർച്ച ചെയ്യും...