ഇസ്മാഈൽ നബി (അ)...
മനുഷ്യവർഗ്ഗം മറക്കാത്ത പേര്. ഓരോ ദിവസവും കഴിയുംതോറും കൂടുതൽ കൂടുതൽ ആളുകൾ ഓർക്കുന്ന പേര്. മാഉ സംസം. സംസം ജലം. അത് ഒഴുകിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക്. അതൊഴുകാത്ത ദിവസമില്ല. സംസം ഇസ്മാഈൽ (അ)നെ ഒർമ്മിപ്പിക്കുന്നു...
അകാശവീഥികളിലൂടെ പറന്നകലുന്ന വിമാനങ്ങളിൽ സംസം നിറച്ച ബോട്ടിലുകൾ കാണും. ആഴക്കടലിലൂടെ കടന്നു പോവുന്ന കപ്പലുകളിലും സംസം കാണും. വിശുദ്ധ മക്കയിൽ നിന്ന് പുറത്തേക്കോടിപ്പോവുന്ന മോട്ടോർ വാഹനങ്ങളിൽ സംസം കാണും. സംസം കുടിക്കുമ്പോൾ ഇസ്മാഈൽ (അ) നെ ഓർമ വരും. ഇസ്മാഈൽ (അ)ന്റെ മാതാവിനെയും പിതാവിനെയും ഓർക്കും...
മാതാവ് ഹാജറ ബീവി(റ). പിതാവ് ഇബ്റാഹീം (അ). പെൺകുട്ടി ജനിച്ചാൽ ഹാജറ എന്ന് പേരിടാൻ മാതാപിതാക്കൾക്ക് സന്തോഷമാണ്. പൊന്നുമോളെ കാണുമ്പോൾ മാതാപിതാക്കൾ ഹാജറ ബീവിയെ ഓർക്കുന്നു. സംസം ഓർക്കുന്നു. ഇസ്മാഈൽ എന്ന ചോരപ്പൈതലിനെ ഓർക്കുന്നു. നിത്യജീവിതത്തിൽ ഹാജർ (റ) യെയും കുടുംബത്തെയും ഓർക്കുന്ന എത്രയെത്ര സന്ദർഭങ്ങൾ!
നിസ്കരിക്കുന്നവരുടെ കാര്യം ആശ്ചര്യകരമല്ലേ? അവസാനത്തെ അത്തഹിയ്യാത്ത്. നിസ്കാരം അവസാനിക്കുന്നതിന്റെ തൊട്ടു മുമ്പുള്ള കർമ്മമാണത്. നിസ്കാരം തുടങ്ങിയത് മുതൽ മനസ്സ് നിയന്ത്രിക്കാനുള്ള തീവ്ര ശ്രമം നടക്കുകയാണ്. മനസ് നിസ്കാരത്തിൽ ഒരുങ്ങി നിൽക്കണം. ദുനിയാവിന്റെ ചിന്തകളൊന്നും മനസ്സിലേക്ക് കടന്നുവരരുത്. മനസ്സ് കൈവിട്ടു പോവരുത്...
പിടിച്ചേടത്ത് നിൽക്കാതെ വഴുതിപ്പോവുകയെന്നതാണ് മനസ്സിന്റെ സ്വഭാവം. നിസ്കാരത്തിൽ അത് പറ്റില്ല. നിസ്കാരത്തിന്റെ കർമങ്ങൾ അവസാനിക്കാറായി. ഇതുവരെയും മനസ്സിനെ പിടിച്ചു നിർത്തി. അത്തഹിയ്യാത്ത് വരെയെത്തി. മനസ്സാന്നിധ്യത്തോടെ അത്തഹിയ്യാത്ത് ഓതിതീർക്കണം. തീർന്നാൽ ഉടനെ സലാം വീട്ടി നിസ്കാരം അവസാനിപ്പിക്കാം...
അത്തഹിയ്യാത്തിലും സലാം ഉണ്ട്. നബിﷺതങ്ങളെ വിളിച്ചു സലാം പറയുന്നു.
"السَّلامُ عَلَيْكَ أيُّهَا النَّبيُّ"
("നബിയേ, അങ്ങേക്ക് സലാം.")
അത്തഹിയ്യാത്തിൽ നബിﷺതങ്ങൾക്കും കുടുബത്തിനും ഗുണം തേടുന്നു. അപ്പോൾ ഇബ്റാഹീം (അ)നെയും അനുസ്മരിക്കുകയും ചെയ്യുന്നു...
"اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ،
وَعَلَى آلِ سَيِّدِنَا مُحَمَّدٍ،
كَمَا صَلَّيْتَ عَلَى إِبْرَاهِيمَ،
وَعَلَى آلِ إِبْرَاهِيمَ،"
("സയ്യിദുനാ മുഹമ്മദ് ﷺ തങ്ങൾക്കും തങ്ങളുടെ കുടുംബത്തിനും അല്ലാഹുവേ, നീ ഗുണം ചെയ്യണമേ! ഇബ്റാഹീം (അ)നും തന്റെ കുടുംബത്തിനും ഗുണം ചെയ്തതു പോലെ.")
നബിﷺതങ്ങളെയും കുടുംബത്തെയും അനുസ്മരിക്കുന്നു. ഒപ്പം തന്നെ ഇബ്റാഹീം (അ)നെയും കുടുംബത്തെയും അനുസ്മരിക്കുന്നു...