ഒരു യാത്രയുടെ കഥ പറയാം. ഒരു ചെറിയ യാത്രാ സംഘം. അവർ ബാബിലോണിയായിൽ നിന്ന് യാത്ര പുറപ്പെടുന്നു. യാത്ര സംഘത്തിന്റെ നേതാവ് ഇബ്റാഹീം (അ). സംഘത്തിലുള്ളവർ ഇവരാണ്... ഭാര്യ സാറ (റ), ഇബ്റാഹീം (അ)ന്റെ സഹോദരൻ നാഹൂർ, അദ്ദേഹത്തിന്റെ ഭാര്യ മലക, ഇബ്റാഹീം (അ)ന്റെ സഹോദര പുത്രൻ ലൂത്വ് (അ), ഇബ്രാഹിം (അ) ന്റെ പിതാവ് താറാഹ്.
ഇബ്റാഹീം (അ) ന്റെ പിതാവ് താറാഹ് ഏറെക്കഴിയും മുമ്പേ മരണപ്പെട്ടു. പിതാവിന്റെ അന്ത്യകർമങ്ങൾ നിർവഹിക്കപ്പെട്ടു. പിന്നെയും യാത്ര. ഇത് ഹിജ്റഃയാണ്. ഇബ്റാഹീം (അ) ന്റെ ഹിജ്റഃ. അഗ്നിപരീക്ഷണം കഴിഞ്ഞ ശേഷമായിരുന്നു ഹിജ്റഃ. ഇബ്‌റാഹീം (അ) തന്റെ ജനതയെ തൗഹീദിലേക്ക് ക്ഷണിച്ചു. ഏകദൈവ വിശ്വാസം കൈക്കൊള്ളുക. ബിംബാരാധന ഒഴിവാക്കുക. പ്രകൃതിശക്തികളെ ആരാധിക്കരുത്...
ഈ പ്രസ്താവനകൾ ജനങ്ങൾ നിരാകരിച്ചു. അവരത് വിശ്വസിച്ചില്ല.അവർ നക്ഷത്രങ്ങളെ ആരാധിച്ചു. ചന്ദ്രനെയും സൂര്യനെയും ആരാധിച്ചു. സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും പേരിൽ ക്ഷേത്രങ്ങൾ നിർമ്മിച്ചു. പൂർണ ചന്ദ്രനുദിക്കുന്ന ദിവസം വലിയ ആഘോഷങ്ങൾ കൊണ്ടാടി. ബിംബാരാധന സർവ്വത്ര വ്യാപിച്ചു. ബിംബങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള നിരവധി കഥകളും ജനങ്ങളെ വല്ലാതെ സ്വാധീനിച്ചു...
നംറൂദ് രാജാവ്...
ജനങ്ങളെ അടക്കി ഭരിക്കുന്ന രാജാവ്. ഇബ്റാഹീം (അ)നെതിരെ രാജാവിന്റെ കോടതിയിൽ പരാതി വന്നു. രാജാവ് പരാതി ഗാരവത്തിലെടുത്തു. ഇതുപോലൊരു പരാതി മുമ്പ് വന്നിട്ടില്ല. ഗുരുതരമായ സംഭവം നടന്നിരിക്കുന്നു. അതൊരു ഉത്സവ ദിവസമായിരുന്നു. കൊല്ലത്തിലൊരിക്കൽ നടക്കുന്ന ഉത്സവം...
അന്ന് രാവിലെത്തന്നെ എല്ലാവരും മൈതാനിയിലെത്തും. പിന്നെ ആഘോഷ പരിപാടികളാണ്. തീറ്റയും കുടിയും. പാട്ടും കൂത്തും. ആണും പെണ്ണും ഉറഞ്ഞു തുള്ളും. ആഹ്ലാദം കത്തിപ്പടരും. അതിരുകളില്ലാത്ത സ്വാതന്ത്ര്യം. ഇബ്റാഹിം (അ) അങ്ങോട്ട് പോയില്ല. മാറി നിന്നു...
ഉത്സവത്തിന്റെ പകൽ അവസാനിക്കുകയായി. ആടിപ്പാടിത്തളർന്നു. ഈ അഹ്ലാദത്തിന്റെ ഓർമകൾ ഒരു വർഷം മനസ്സിൽ ഓമനിക്കാം. അടുത്ത ഉത്സവം വരെ. ചെറുതും വലുതുമായ സംഘങ്ങൾ മടങ്ങുന്നു. ദൈവങ്ങളെ വണങ്ങാൻ. ആരാധനാലയങ്ങളിൽ കയറുന്നു...
നിറയെ ബിംബങ്ങളുള്ള പ്രാർത്ഥനാഹാളിലേക്ക് കയറി. ങേ....ഞെട്ടിപ്പോയി. എന്താണീ കാണുന്നത്? സ്വപ്നമോ യാഥാർത്ഥ്യമോ? വിശ്വസിക്കാനാവുന്നില്ല. ശബ്ദിക്കാനാവുന്നില്ല. ബിംബങ്ങൾ തകർന്നു വീണു കിടക്കുന്നു. എല്ലാം വെട്ടിപ്പൊളിച്ചിരിക്കുന്നു. എത്രയോ കഷ്ണങ്ങൾ. ആരിത് ചെയ്തു..?
വലിയ ബിംബം. അതിന് കുഴപ്പമില്ല. അതിന്റെ കഴുത്തിൽ ഒരു കോടാലി കെട്ടിത്തൂക്കിയിരിക്കുന്നു. പെണ്ണുങ്ങൾ സങ്കടം അടക്കാനാവാതെ പൊട്ടിക്കരയുന്നു. ഇത് അവൻ തന്നെ ആയിരിക്കും. ഇബ്റാഹീം എന്നു പേരുള്ള ആ ചെറുപ്പക്കാരൻ. പിന്നെ താമസമുണ്ടായില്ല. ഇബ്റാഹീം പിടിക്കപ്പെട്ടു. വിചാരണ ചെയ്യപ്പെട്ടു...
ഈ രംഗം വിശുദ്ധ ഖുർആൻ അവതരിപ്പിക്കുന്നുണ്ട്. സൂറത്ത് അമ്പിയാഇലെ ചില വചനങ്ങൾ കാണുക. "അവർ പറഞ്ഞു: നമ്മുടെ ആരാധ്യന്മാരോട് ഇത് ചെയ്തവൻ ആരാണ്? നിശ്ചയമായും അവൻ അക്രമികളിൽ പെട്ടവൻ തന്നെ." (21:59)
"അവർ പറഞ്ഞു: ഒരു യുവാവ് അവയെ ആക്ഷേപിച്ചു പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്. ഇബ്റാഹീം എന്നാണ് അവന് പേര് പറയപ്പെടുന്നത്." (21:60)
"അവർ പറഞ്ഞു: എന്നാൽ അവനെ ജനങ്ങളെ ദൃഷ്ടിയിൽ കൊണ്ടുവരുവീൻ. അവർ സാക്ഷ്യം വഹിച്ചേക്കാം." (21:61)
"അവർ ചോദിച്ചു: ഓ... ഇബ്രാഹീം നീയാണോ നമ്മുടെ ആരാധ്യന്മാരോട് ഇത് ചെയ്തത്." (21:62)
"ഇബ്റാഹീം (അ) പറഞ്ഞു: എന്നാൽ അത് അവരിലുള്ള ഈ വലിയവൻ ചെയ്തതാണ്. അവൻ സംസാരിക്കുമെങ്കിൽ, നിങ്ങൾ അവനോട് ചോദിച്ചു കെള്ളുവീൻ." (21:63)
ഇബ്റാഹീം (അ) ന്റെ ഈ വചനം അവരെ ഉത്തരം മുട്ടിച്ചു. ബിംബങ്ങൾ സംസാരിക്കില്ല എന്നവർക്കറിയാം. തകർത്തവനെപ്പറ്റി അവ ഒരക്ഷരം പറയില്ല. അങ്ങനെയുള്ളതിനെ ആരാധിച്ചിട്ടെന്തു കാര്യം. കുറെ നേരം ചിന്തിച്ചു. ചിലർ സ്വയം കുറ്റപ്പെടുത്തി. ബിംബാരാധന തെറ്റു തന്നെ. പക്ഷെ അതെങ്ങന്നെ സമ്മതിക്കും..? സമ്മതിക്കില്ല. ബിംബങ്ങൾ തകർത്തവൻ ഇവൻ തന്നെ. ഇബ്റാഹീം അവനെ കത്തിച്ചുകളയണം. അതാണ് ശിക്ഷ. അതിന് വേണ്ടി ജനങ്ങൾ മുറവിളി കൂട്ടി...