കുടുംബ ജീവിതം സന്തോഷകരമാണ്. അല്ലാഹുﷻന്റെ അനുഗ്രഹം. റഹ് ല പുത്രന്മാരെ പ്രസവിച്ചു കൊണ്ടിരുന്നു. യോഗ്യരായ പുത്രന്മാർ. ബുദ്ധിമാന്മാർ. ആരോഗ്യവാന്മാർ. അവർ ഇസ്മാഈൽ(അ) നോടൊപ്പം കഅ്ബാലയത്തിൽ വരും. പുണ്യ ഭവനത്തിന്റെ ശുശ്രൂഷ നടത്തും. റഹ് ലയുടെ സ്നേഹവും വാത്സല്യവും ഉപദേശങ്ങളും അവരെ കരുത്തരാക്കി...
പന്ത്രണ്ട് പുത്രന്മാർ...
അവരെ നേർവഴി നടത്താൻ മാതാപിതാക്കൾ. അവരുടെ ഖിബ്ലയാണ് കഅ്ബ. അങ്ങോട്ടു തിരിഞ്ഞുനിന്നാണ് പ്രാർത്ഥന. ഇസ്മാഈൽ(അ) ആ സമൂഹത്തിന്റെ പ്രവാചകനാണ്. കഅ്ബയുടെ ആദ്യ പരിചാരകന്മാർ. പന്ത്രണ്ട് പുത്രന്മാർ...
ഇബ്രാഹിം (അ) മക്കയിൽ വീണ്ടുമെത്തി. പൗത്രന്മാരുമായുള്ള കണ്ടുമുട്ടൽ. അവരൊന്നിച്ചുള്ള പ്രാർത്ഥനകൾ. റഹ് ലയുടെ കളങ്കമില്ലാത്ത ഭക്തി. ഇസ്മാഈൽ (അ) തന്റെ മാതാവിനെക്കുറിച്ച് മക്കളോട് സംസാരിച്ചു. അവരത് കേട്ടു. പ്രിയപ്പെട്ട ഉമ്മൂമ ഹാജറ. സഫ കാണുമ്പോൾ അവർ ഉമ്മൂമയെ ഓർത്തു. മർവ കാണുമ്പോഴും ഉമ്മൂമയെ ഓർത്തു. സംസം കുടിക്കുമ്പോൾ ഓർമകൾ വരും...
ഒരുപാട് കഥകൾ കേട്ടു. എല്ലാം ഓർമയിലുണ്ട്. മക്കൾ വളർന്നു വലുതായി. അവരുടെ ജീവിതം കഅ്ബായുടെ തണലിലാണ്. പിൽക്കാല അറബ് സമൂഹം ഇവരിൽ നിന്നാണ് രൂപംകൊള്ളേണ്ടത്. പന്ത്രണ്ട് പുത്രന്മാരിൽ നിന്ന് പന്ത്രണ്ട് ഗോത്രങ്ങൾ വളർന്നു വരണം. അവർ അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ താമസം ഉറപ്പിക്കണം...
ഹജ്ജിന് വേണ്ടി ആളുകൾ വന്നു തുടങ്ങി. കൊല്ലങ്ങൾ കഴിയുംതോറും ആളുകളുടെ എണ്ണം വർദ്ധിച്ചുവന്നു. അവരെ പരിചരിക്കാൻ ഇസ്മാഈൽ(അ) ഭാര്യയോടും മക്കളോടുമൊപ്പം രംഗത്തുണ്ട്. ഹജ്ജുമ്മമാർ റഹ് ലയെ കാണും. പലതും ചോദിച്ചറിയും. സംസമും പഴവർഗ്ഗങ്ങളും നൽകി റഹ് ല അവരെ സ്വീകരിക്കും. സംസം കിണർ. ഹാജിമാർ അതിലെ വെള്ളം കൊണ്ടുപോവുന്നു. സംസമിന്റെ പ്രശസ്തി വർദ്ധിക്കുന്നു. എല്ലാവർക്കും വേണം പുണ്യജലം...
ഇസ്മാഈൽ(അ) ന്റെ പുത്രന്മാരെല്ലാം വിവാഹിതരായി. പന്ത്രണ്ട് കുടുംബങ്ങളായി. സന്താന പരമ്പരകളായി. അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ താമസമാക്കി. പന്ത്രണ്ട് ഗോത്രങ്ങളുണ്ടായി. ഓരോ ഗോത്രത്തിലും നിരവധി കുടുംബങ്ങൾ. പരമ്പരകളിൽ ധാരാളം പ്രമുഖന്മാരുണ്ടായി. പേരെടുത്ത കവികളും വാഗ്മികളും ജനനായകന്മാരുമുണ്ടായി. ഹജ്ജ് കാലമായാൽ അവരെല്ലാം മക്കയിലെത്തും. കഅ്ബയുടെ തണലിൽ അവർ ഒത്തുചേരും. ഹജ്ജിന്റെ കർമ്മങ്ങൾ നിർവഹിക്കും. പൂർവികരുടെ ചരിത്രം ഓർമിക്കും...
ഹാജറ(റ) നേരത്തെ മരണപ്പെട്ടിരുന്നു. അന്ന് ഇസ്മാഈൽ(അ) ന് ഇരുപത് വയസ് പ്രായമായിരുന്നു. ഇസ്മാഈൽ(അ) പതിനാല് വയസ്സുള്ളപ്പോഴാണ് സാറ (റ) ഗർഭിണിയായത്. അവർ ആൺകുഞ്ഞിനെ പ്രസവിച്ചു. ഇസ്ഹാഖ് (അ)...
സാറ(റ) ക്ക് നൂറ്റി ഇരുപത്തേഴ്. വയസ്സായി. വൃദ്ധയായി. അവർ മരണപ്പെട്ടു. കൻആനിലെ ഹിബ്രൂൺ എന്ന പ്രദേശത്ത് ഖബറടക്കി. പിന്നീട് ഇബ്രാഹിം (അ) മരണപ്പെട്ടു. ഹിബ്രൂണിൽ ഖബറടക്കപ്പെട്ടു...
ഇസ്ഹാഖ് (അ) ജനങ്ങളെ സന്മാർഗത്തിലേക്കു നയിച്ചു. മക്കയിൽ ഇസ്മാഈൽ(അ) വഫാത്തായി. റഹ് ല (റ)യും വഫാത്തായി. കാലം അവരുടെ ഓർമ്മകൾ സൂക്ഷിച്ചു...
അവർ തുടങ്ങിവെച്ച സൽകർമ്മങ്ങൾ മക്കൾ പിന്തുടർന്നു പോന്നു. കഅ്ബയെ പരിശുദ്ധമായി സൂക്ഷിക്കുക. ഹറം ശരീഫിന്റെ പവിത്രത സൂക്ഷിക്കുക. ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കുക. തൗഹീദിന്റെ വെളിച്ചം പരത്തുക. ഹജ്ജിന് വരുന്നവർക്കു സേവനം നൽകുക. ഇതൊക്കെയാണവർക്ക് നിർവ്വഹിക്കാനുള്ളത്...
ഇബ്രാഹിം മഖാം കഅ്ബാലയത്തിന്റെ മുറ്റത്ത് തന്നെയുണ്ട്. ചരിത്രത്തിന്റെ സൂക്ഷിപ്പ് സ്വത്ത്. ഇബ്രാഹിം (അ) ന്റെ പാദങ്ങൾ പതിഞ്ഞ കല്ല്. ആ അടയാളങ്ങൾ ആളുകളെ അഗാധമായി ചിന്തിപ്പിച്ചു. അവരതിൽ തൊട്ടുതടവി. കാലം ഒഴുകുകയാണ്. പഴയ തലമുറക്കാർ മരിച്ചു തീരുന്നു. പുതിയ തലമുറകൾ വന്നു കൊണ്ടിരിക്കുന്നു. ഇബ്രാഹിം (അ)ന്റെ വിളി കേട്ട നിരവധി പേർ അക്കൂട്ടത്തിലുണ്ട്...
അവർ لبيك اللهم لبيك ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് പുണ്യഭൂമിയിലേക്കു വന്നു കൊണ്ടിരിക്കുന്നു. അവർ കഅ്ബാലയം ചുറ്റുന്നു. മഖാമു ഇബ്രാഹിംമിൽ നിസ്കരിക്കുന്നു. സംസം കുടിക്കുന്നു. സഫാക്കും മർവാക്കും ഇടയിൽ സഅ് യ് നടത്തുന്നു. പുണ്യപുരുഷന്മാരെ ഓർക്കുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നു...
ഹാജറ(റ), ഇസ്മാഈൽ(അ), റഹ് ല(റ) തുടങ്ങി എത്രയെത്ര പുണ്യാത്മാക്കൾ ഈ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നു. പിൽക്കാല തലമുറകളുടെ മാർഗ്ഗദീപങ്ങൾ. അവരുടെ ഓർമകൾ കാലം കാത്തു സൂക്ഷിക്കും. ഈ ലോകം നിലനിൽക്കുന്ന കാലത്തോളം...
ഇസ്‌മാഈൽ (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ...☝????
ഇസ്മാഈൽ നബി (അ)നും മറ്റു
ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്
വിയ്യത്ത് ചെയ്യുന്നു...
【 ഇസ്മാഈൽ നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】