Wednesday - 22 April, 2026 4-Dhu al-Qadah-1447

ഗുഹയിൽ കേട്ട ശബ്ദം (1)

   ജനസേവന തല്പരനായ രാജാവാണ് ബഅ്ലബക്ക് ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ അത്യാഗ്രഹിയായ ക്രൂരസ്ത്രീയായിരുന്നു. അർബീൽ എന്ന സ്ത്രീ. അർബീൽ അതിസുന്ദരിയും ആരോഗ്യവതിയും ബുദ്ധിമതിയുമാണ്. ബുദ്ധിശക്തി തന്റെ സ്വാർത്ഥതക്കുവേണ്ടിയാണ് ഉപയോഗിച്ചത്... 


 ബഅ്ലബക്കിലെ രാജാവിന്ന് ഭാര്യയോട് അതിരറ്റ സ്നേഹമാണ്. അവൾ എന്തു പറഞ്ഞാലും അനുസരിക്കും. രാജാവ് ദീർഘയാത്ര പോവുമ്പോൾ അർബീലിനെ ഭരണകാര്യങ്ങൾ ഏല്പിക്കും.  


 അവൾ ആ ദിവസങ്ങളിൽ ഒരു ഭരണം തന്നെ നടത്തും. സംശയാലുക്കളെ വധിക്കും. എതിർക്കുന്നവരെ ശിക്ഷിക്കും. മരണശിക്ഷ വിധിക്കാൻ പറയത്തക്ക കാരണമൊന്നും വേണ്ട.  


 രാജകൊട്ടാരത്തിനപ്പുറം ഒരു തോട്ടമുണ്ട്. സത്യവിശ്വാസികളായ ദമ്പതികൾ തോട്ടത്തിൽ താമസിക്കുന്നു. തോട്ടം സ്വന്തമാക്കണമെന്ന് രാജ്ഞിക്കു മോഹം വന്നു. എന്തെങ്കിലും കുറ്റം ചുമത്തി അയാളെ വധിക്കണം. തക്കം പാർത്തിരിക്കുകയായിരുന്നു.  


 രാജാവ് ദീർഘയാത്രക്കുപോയി. അധികാരം രാജ്ഞിക്കു കിട്ടി. രാജ്ഞി ചില പട്ടാളക്കാർക്ക് രഹസ്യനിർദ്ധേശം നൽകി. അവർ തോട്ടത്തിലെത്തി. തോട്ടക്കാരനായ സാധുമനുഷ്യനെ ബന്ധനസ്ഥനാക്കി. കുറ്റം ചുമത്തി. വധിച്ചു കളഞ്ഞു. തോട്ടം രാജ്ഞി പിടിച്ചെടുത്തു... 


 രാജാവ് തിരിച്ചെത്തി. തോട്ടക്കാരന്റെ അന്ത്യത്തെക്കുറിച്ചറിഞ്ഞു വല്ലാതെ ദുഃഖിച്ചു. രാജ്ഞി തന്റെ മധുര ഭാഷണം കൊണ്ട് രാജാവിനെ മയക്കിയെടുത്തു. അവളുടെ സന്തോഷം തന്റെ സന്തോഷം. രാജാവ് തോട്ടക്കാരന്റെ കാര്യം വിട്ടു. 


 ഇൽയാസ് (അ) രാജാവിനെ കാണാൻ വന്നു. വധിക്കപ്പെട്ട ആളുടെ തോട്ടം അയാളുടെ അവകാശികൾക്ക് വിട്ടു കൊടുക്കണം. അല്ലെങ്കിൽ നിങ്ങളും ഭാര്യയും തോട്ടത്തിൽ വെച്ച് നശിക്കും. ശാപമാണ് നിങ്ങൾ കൈവശം വെച്ചിരിക്കുന്നത്. ഇൽയാസ് (അ)ന്റെ ഉപദേശം  


 രാജാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: "മേലാൽ നീ ഇങ്ങനെ സംസാരിക്കരുത്. എന്റെ കാര്യത്തിൽ നീ ഇടപെടരുത്. ഇടപെട്ടാൽ നിന്നെ ഞാൻ വധിച്ചു കളയും."


 ഇൽയാസ് (അ) നടന്നകന്നു. നബിക്കെതിരിൽ കൊട്ടാരത്തിൽ ഗൂഢാലോചന നടന്നു. വധിക്കാൻ പദ്ധതിയിട്ടു. ഇൽയാസ് (അ) കാട് കയറിപ്പോയി. രാജാവും ഭാര്യയും പിന്നീട് അതേ തോട്ടത്തിൽ വെച്ച് നീചമായ രീതിയിൽ അന്ത്യശ്വാസം വലിച്ചു...


 ഇൽയാസ് (അ) അവർകളും ഖിള്റ് (അ) അവർകളും കൊല്ലംതോറും ബൈത്തുൽ മുഖദ്ദസിൽ നിന്ന് നോമ്പ് നോൽക്കും. അവരെപ്പറ്റി ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു : "വനങ്ങളുടെ സംരക്ഷണം ഇൽയാസിനെ ഏല്പിക്കപ്പെട്ടിരിക്കുന്നു. സമുദ്രങ്ങളുടെ ചുമതല ഖിള്റിനെയും ഏല്പിക്കപ്പെട്ടിരിക്കുന്നു." എല്ലാകൊല്ലവും അറഫയിൽ ഇവർ ഒത്തു ചേരാറുണ്ട്.   


 ഇൽയാസ് (അ) ന്റെ കാലത്തുള്ള മനുഷ്യർക്ക് നല്ല ഉയരമുണ്ടായിരുന്നു. അക്കാലത്തുള്ള ഒരാൾ നമ്മുടെ മുമ്പിലേക്ക് ഇറങ്ങി വന്നാൽ എന്തായിരിക്കും അവസ്ഥ? ആളുകൾ ഭയന്നോടും. 


 മുഹമ്മദ് നബി ﷺ തങ്ങളുടെ ജീവിതകാലത്ത് ഒരു സംഭവം നടന്നിട്ടുണ്ട്. തബൂക്ക് യുദ്ധം നടക്കാൻ പോവുന്നു. 

രാത്രി സമയം. കനത്തുകെട്ടിയ നിശ്ശബ്ദത. ഭീതി ജനിപ്പിക്കുന്ന ചുറ്റുപാട്...


 നബി ﷺ തങ്ങളും സൈന്യവും തബൂക്കിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അപ്പോൾ അവർ ഒരു ശബ്ദം കേട്ടു. വിജനമായ മലഞ്ചെരുവിൽ നിന്നാണ് ശബ്ദം കേട്ടത്. 


"അല്ലാഹുവേ... എന്നെയും മുഹമ്മദ് നബി ﷺ തങ്ങളുടെ സമുദായത്തിൽ ഉൾപ്പെടുത്തേണമേ..."


 ശബ്ദം വളരെ വ്യക്തം. പക്ഷെ എവിടെ നിന്നാണ് ശബ്ദം വന്നതെന്നറിയില്ല. നബി ﷺ രണ്ട് സ്വഹാബിമാരെ വിളിച്ചു.


"ഹുദൈഫാ...... അനസ്......"


ഹുദൈഫ(റ) അനസ്(റ) എന്നിവർ നബി ﷺ യുടെ സമീപത്ത് വന്നു. "നിങ്ങൾ പോയി അന്വേഷിക്കുക. ആ പ്രാർത്ഥിക്കുന്ന ആളെ കണ്ട് പിടിക്കുക." 


 രണ്ട് പേരും അന്വേഷിച്ചു പോയി. മലയിലുള്ള ഒരു ഗുഹ അവർ കണ്ടെത്തി...