ഒരു വൃദ്ധയുടെ വീട്. ദാരിദ്ര്യം കൊടികുത്തി വാഴുന്നു. വീടെന്ന് പറഞ്ഞുകൂടാ. ഒരു ചെറ്റക്കുടിൽ. അതിൽ ഒരു പഴയ കട്ടിൽ. കട്ടിലിൽ രോഗിയായ മകൻ. എത്രയോ കാലമായി രോഗമാണ്. ക്ഷീണം വേദന പട്ടിണി ഇതാണവസ്ഥ. ഒരു ദിവസം രാത്രി ആരോ വാതിലിൽ മുട്ടി. സ്ത്രീ വാതിൽ തുറന്നു. ആഗതൻ അകത്ത് കടന്നു...
ഒരു മധ്യവയസ്കൻ. നന്നെ ക്ഷീണിച്ചിട്ടുണ്ട്. "ദീർഘയാത്രയിലാണെന്ന് തോന്നുന്നു. എന്താ? ആരാണ്? എന്തിനിവിടെ വന്നു..?"
"പറയാം വളരെ ദൂരം നടന്നുവരികയാണ്. ക്ഷീണമുണ്ട്. ഞാനിവിടെ ഒന്നിരുന്നോട്ടെ..!"
വൃദ്ധ ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ആ കണ്ണുകൾക്ക് എന്തൊരു തിളക്കം. പ്രസന്നമായ മുഖം. ശാന്തമായ അവസ്ഥ. ഇത് സാധാരണക്കാരനല്ല. "അങ്ങ് ആരാണെന്ന് പറഞ്ഞാലും."
"പറയാം ധൃതി കൂട്ടാതിരിക്കൂ... ഇതാരാണ് ഈ കിടക്കുന്നത്..?"
"എന്റെ മകനാണ്. തീരെ സുഖമില്ല. എത്രയോ നാളായി ഈ കിടപ്പ് തുടങ്ങിയിട്ട്..."
"ഇതൊരു ചെറുപ്പക്കാരനല്ലേ? ഇങ്ങനെ കിടന്നാൽ പറ്റുമോ? ഇവനെ നമുക്കാവശ്യമുണ്ട്."
ആഗതൻ പ്രാർത്ഥന നടത്തി. "അല്ലാഹുﷻവേ ഈ ചെറുപ്പുക്കാരന്ന് നീ ആരോഗ്യം നൽകേണമേ..! രോഗം മാറ്റിക്കൊടുക്കേണമേ..! സന്മാർഗത്തിന്റെ പ്രകാശം നൽകേണമേ..! ആമീൻ... ആമീൻ..."
പ്രാർത്ഥന ഫലിച്ചു. ചെറുപ്പക്കാരന്റെ അസുഖം മാറി. നല്ല ആരോഗ്യവും. അഴകുമുള്ള ചെറുപ്പക്കാരൻ. ഉമ്മാക്ക് സന്തോഷമായി. ഏറെ നാളുകൾക്കു ശേഷം അവർ ചിരിച്ചു...
"ഇത് നബിയായിരിക്കുമോ..? ഇൽയാസ് നബി." ആ രഹസ്യം ഉമ്മയും മകനുമറിഞ്ഞു...
വീട്ടിലെത്തിയിരിക്കുന്നത് ഇൽയാസ് (അ)തന്നെ. പുറത്തെല്ലാം ചാരന്മാരുണ്ട്. എല്ലാ വീടുകളും പരിശോധിക്കുന്നുണ്ട്. ഇവിടെ ആരെങ്കിലും വന്നാൽ..? വൃദ്ധക്കു ഭയമായി. അവർ ആഗതനെ ഇരുട്ടുള്ള മുറിയിൽ ഒളിപ്പിച്ചു. കുറെ നാൾ ആ കുടിലിൽ കഴിഞ്ഞു...
രോഗം മാറിയ ചെറുപ്പക്കാരന്റെ പേര് അൽയസഅ് എന്നായിരുന്നു. ഇൽയാസ് നബിയോട് വല്ലാത്ത സ്നേഹം. ഇനിയുള്ളകാലം ഞാൻ താങ്കളോടൊപ്പമാണ്. അങ്ങയെ പരിചരിച്ചു കഴിഞ്ഞുകൂടിക്കൊള്ളാം...
അടുത്ത ദിവസം തന്നെ അവർ രണ്ട് പേരും സ്ഥലം വിട്ടു. ഇൽയാസും അൽയസഉം. അവർ സുഖദുഃഖങ്ങളിൽ പങ്കാളികളായി ജീവിച്ചു. പരീക്ഷണത്തിന്റെ മൂന്ന് വർഷങ്ങൾ. മഴമേഘങ്ങൾ കണ്ടിട്ട് വർഷം മൂന്നായി. പട്ടിണികിടന്ന് മനുഷ്യർ മരിക്കുന്നു...
ഒരു ദിവസം അന്നാട്ടുകാർ ഒരു വാർത്ത കേട്ടു. ഇൽയാസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആളുകൾ കൂട്ടത്തോടെ ഓടിവരികയാണ്. വലിയ കൂട്ടം ആ ജനക്കൂട്ടത്തോട് ഇൽയാസ് (അ) സംസാരിച്ചു...
"എന്റെ പ്രിയപ്പെട്ട ജനങ്ങളേ..!
നിങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും കണ്ട് ഞാൻ വളരെ ദുഃഖിക്കുന്നു. നിങ്ങൾ ആരാധിക്കുന്ന ബഅ്ൽ നിങ്ങളെ രക്ഷിക്കാത്തതെന്ത്? നിങ്ങളൊരു കാര്യം ചെയ്യണം
ബഅ്ലിന്റെ അടുത്ത് പോവണം. നിങ്ങളുടെ സങ്കടം പറയണം. എല്ലാം വിശദമായി പറയണം. ഫലം കിട്ടുമോ എന്ന് നോക്കാം. ഒരു ഫലവും കിട്ടുന്നില്ലെങ്കിൽ നിങ്ങൾ മടങ്ങിവരണം. നമുക്ക് അല്ലാഹുﷻവിനോട് പ്രാർത്ഥിക്കാം. അവൻ ഈ ദുരവസ്ഥ നീക്കിത്തരും."
എല്ലാവരും ബഅ്ലിന്റെ സമീപത്തേക്കോടി. ഇതിന് മുമ്പ് എത്രയോ തവണ സങ്കടം പറഞ്ഞതാണ്. പറഞ്ഞ് പറഞ്ഞ് മടുത്തു. ഇത് വരെ ഒരു പോംവഴിയും ഉണ്ടായിട്ടില്ല. ഒരിക്കൽ കൂടി പോയി നോക്കാം. പൊട്ടിക്കരയുന്ന ജനക്കൂട്ടം കണ്ണീരും നെടുവീർപ്പുകളും എന്നിട്ടെന്താ ഫലം..?
ബഅ്ൽ വെറുതെ നിന്നു. സഹായിച്ചില്ല. ഇനിയൊരു പ്രതീക്ഷ ഇൽയാസ് മാത്രം. ഇൽയാസിന്റെ ചുറ്റുംകൂടി.
"ഞങ്ങൾ പറഞ്ഞതൊന്നും ബഅ്ൽ കേട്ടില്ല. ഒരുപകാരവും ചെയ്തില്ല."
ഇൽയാസ് ശബ്ദമുയർത്തി പ്രസംഗിച്ചു: "എന്റെ സഹോദരങ്ങളേ..! അല്ലാഹുﷻവാണ് സൃഷ്ടാവ്. അവൻ ഏകനാണ്. അവന്ന് പങ്കുകാരില്ല. അവന്റെ മാർഗ്ഗത്തിലേക്ക് നിങ്ങൾ വരണം. ഞാൻ അല്ലാഹുﷻവിന്റെ ദൂതനാണ്. നിങ്ങളത് വിശ്വസിക്കണം. നമ്മൾ ഖേദിച്ചു മടങ്ങണം. നാം തെറ്റ് ചെയ്തു. ബിംബാരാധന തെറ്റാണ്. നാം തൗറാത്ത് അനുസരിച്ചു ജീവിക്കണം. ഇത്രയും കാലം താന്തോന്നികളായി ജീവിച്ചു. ഖേദിച്ചു മടങ്ങാൻ നിങ്ങൾ തയ്യാറുണ്ടോ..?"
"ഞങ്ങൾ തയ്യാറാണ് " - ജനങ്ങൾ വിളിച്ചു പറഞ്ഞു.
"തൗറാത്ത് അനുസരിച്ചു ജീവിക്കുമോ..?"
"ഞങ്ങൾ തൗറാത്ത് അനുസരിച്ചു ജീവിച്ചു കൊള്ളാം..."
"ഏകനായാ അല്ലാഹുﷻവിൽ വിശ്വസിച്ചുവോ..?"
"അതെ ഞങ്ങൾ വിശ്വസിച്ചു കഴിഞ്ഞു."
"ഇൽയാസ് അല്ലാഹുﷻവിന്റെ നബിയാണെന്ന് വിശ്വസിച്ചുവോ..?"
"അതെ ഞങ്ങൾ വിശ്വസിച്ചു."
ഇൽയാസ് (അ) ഖൽബുരുകി പ്രാർത്ഥന നടത്തി. ജനങ്ങൾ കണ്ണീരോടെ ആമീൻ പറഞ്ഞുകൊണ്ടിരുന്നു.
ഞങ്ങളുടെ റബ്ബേ..? മൂന്നു വർഷമായി മഴ കിട്ടാതായിട്ട്. ഞങ്ങളുടെ കിണറുകൾ വറ്റിപ്പോയി. സകല ജലാശയങ്ങളും വറ്റിപ്പോയി. കുടിക്കാൻ വെള്ളമില്ല. കൃഷികളെല്ലാം ഉണങ്ങിപ്പോയി. ഞങ്ങൾ പട്ടിണിയിലാണ്. പക്ഷികളും നാൽക്കാലികളും ചത്തൊടുങ്ങുന്നു. ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരേണമേ...ഈ പ്രാർത്ഥന കേൾക്കേണമേ..."
ജനങ്ങളെല്ലാം ഖൽബ് തുറന്നു പ്രാർത്ഥിക്കുന്നു. തെറ്റിന്ന് മാപ്പു ചോദിക്കുന
്നു. പശ്ചാത്താപത്തിന്റെ മഹാസംഗമം. ആകാശത്താ മഴ മേഘങ്ങൾ ഇരുണ്ടുകൂടി. എല്ലാവരും മേൽപ്പോട്ടു നോക്കി. ഒരു മഴ പെയ്തെങ്കിൽ..? മഴ പെയ്യും ആ ജനക്കൂട്ടത്തിന്റെ വലിയ പ്രതീക്ഷയാണത്. പെട്ടെന്ന് തണുത്ത കാറ്റ് വീശി. നോക്കിനിൽക്കെ മഴത്തുള്ളികൾ വീണു...
മൂന്ന് വർഷങ്ങൾക്കു ശേഷം മഴത്തുള്ളികൾ വീഴുന്നു. ചാറ്റൽ മഴ പിന്നെയത് ശക്തമായി. ഘോരമായ മഴ പെയ്തു. വെള്ളം കുത്തിയൊലിച്ചു. അന്തരീക്ഷം തണുത്തു. ജനങ്ങൾ മഴയിൽ കുളിച്ചു. എന്തൊരാവേശം. ജീവശ്ശവങ്ങളായി കഴിഞ്ഞിരുന്ന മൃഗങ്ങൾ വെള്ളം കുടിച്ചു. പറവകൾ ദാഹം തീർത്തു. ആഹ്ലാദം നാടാകെ പരന്നു. ബഅ്ലബക്കിന്റെ സൗഭാഗ്യം. കിണറ്റിൽ വെള്ളമായി. ജലാശയങ്ങൾ നിറഞ്ഞു. അരുവികൾ നിറഞ്ഞൊഴുകി. മഴ ശമിച്ചു...
ഐശ്വര്യത്തിന്റെ കാലം വന്നു. ഇടക്കിടെ മഴ കിട്ടിക്കൊണ്ടിരുന്നു. കൃഷി ചെയ്തു. നന്നായി വളർന്നു. പഴവർഗങ്ങൾ ധാരാളമുണ്ടായി. ആളുകൾക്കെല്ലാം സന്തോഷം. എല്ലാവരും തൗറാത്ത് പാരായണം ചെയ്യുന്നു. അതിൽ പറഞ്ഞത് പോലെ ജീവിക്കുന്നു. ഏകിയതെല്ലാം എടുത്തു. വിലക്കിയതെല്ലാം പരിത്യജിച്ചു. ഇൽയാസ് അവരുടെ പ്രിയപ്പെട്ട നായകനായി...