മുഹമ്മദ് നബി ﷺ തങ്ങളുടെ ജീവിതകാലത്ത് ഒരു സംഭവം നടന്നിട്ടുണ്ട്. തബൂക്ക് യുദ്ധം നടക്കാൻ പോവുന്നു.
രാത്രി സമയം. കനത്തുകെട്ടിയ നിശ്ശബ്ദത. ഭീതി ജനിപ്പിക്കുന്ന ചുറ്റുപാട്.
നബി ﷺ തങ്ങളും സൈന്യവും തബൂക്കിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അപ്പോൾ അവർ ഒരു ശബ്ദം കേട്ടു. വിജനമായ മലഞ്ചെരുവിൽ നിന്നാണ് ശബ്ദം കേട്ടത്...
"അല്ലാഹുവേ... എന്നെയും മുഹമ്മദ് നബി ﷺ തങ്ങളുടെ സമുദായത്തിൽ ഉൾപ്പെടുത്തേണമേ..."
ശബ്ദം വളരെ വ്യക്തം. പക്ഷെ എവിടെ നിന്നാണ് ശബ്ദം വന്നതെന്നറിയില്ല. നബി ﷺ രണ്ട് സ്വഹാബിമാരെ വിളിച്ചു.
"ഹുദൈഫാ...... അനസ്......"
ഹുദൈഫ(റ) അനസ്(റ) എന്നിവർ നബി ﷺ യുടെ സമീപത്ത് വന്നു. "നിങ്ങൾ പോയി അന്വേഷിക്കുക. ആ പ്രാർത്ഥിക്കുന്ന ആളെ കണ്ട് പിടിക്കുക..."
രണ്ട് പേരും അന്വേഷിച്ചു പോയി. മലയിലുള്ള ഒരു ഗുഹ അവർ കണ്ടെത്തി. അതിന്നകത്തൊരു മനുഷ്യൻ. വളരെ ഉയരമുള്ള ഒരാൾ. ഇക്കാലത്ത് അത്രയും ഉയരമുള്ള ആളെ കണ്ടെത്താനാവില്ല. നല്ല വെള്ള വസ്ത്രം ധരിച്ചിരിക്കുന്നു. വളരെ പ്രായം ചെന്ന ആൾ. നരച്ചുവെളുത്തിരിക്കുന്നു.
ആഗതൻ സലാം ചൊല്ലി...
വൃദ്ധൻ സന്തോഷപൂർവ്വം സലാം മടക്കി...
"അല്ലാഹുﷻവിന്റെ റസൂൽ ﷺ തങ്ങൾ പറഞ്ഞയച്ചതാണോ നിങ്ങളെ..?"
"അതെ. അങ്ങയുടെ പ്രാർത്ഥനാ ശബ്ദം കേട്ട് പറഞ്ഞയച്ചതാണ്. അങ്ങ് ആരാണ്..?"
"ഞാൻ നബിയുല്ലാഹി ഇൽയാസ്."
"അങ്ങ് എങ്ങനെ ഇവിടെയെത്തി..?"
"ഞാൻ മക്കയിലേക്ക് പുറപ്പെട്ടതാണ്. ജിബ്രീലും മീക്കാഈലും (അ) എന്നോടൊപ്പമുണ്ട്. അവരാണ് എനിക്ക് മുഹമ്മദ് നബി ﷺ തങ്ങളെ പരിചയപ്പെടുത്തിത്തന്നത്. എനിക്ക് നബിയെ കാണണം. സംസാരിക്കണം. പക്ഷെ, എനിക്കങ്ങനെ അങ്ങോട്ട് വരാൻ കഴിയും. അനേക നൂറ്റാണ്ടുകൾക്കുമുമ്പുള്ള മനുഷ്യരൂപമാണിത്. ഞാനങ്ങോട്ട് വന്നാൽ ഒട്ടകങ്ങൾ വിരണ്ടോടും. മനുഷ്യർ എന്നെ കണ്ട് ഭയന്ന് പോവും. നബി ﷺ തങ്ങൾ ഈ വൃദ്ധനെക്കാണാൻ ഈ ഗുഹയിലേക്ക് വരുമോ..?"
"ഞങ്ങൾ ചെന്ന് വിവരം പറയാം."
അവർ സലാം പറഞ്ഞു പിരിഞ്ഞു. നബി ﷺ തങ്ങളുടെ സമീപത്ത് ചെന്നു വിവരം പറഞ്ഞു. നബി ﷺ തങ്ങൾ ഗുഹയിൽ ചെന്നു. സലാം ചൊല്ലി. ഇൽയാസ് (അ) സന്തോഷത്തോടെ സലാം മടക്കി. ആലിംഗനം ചെയ്തു. ആഹാരം കഴിച്ചു. കുറെ നേരം സംസാരിച്ച ശേഷം യാത്ര പറഞ്ഞു പോന്നു...
ചില റിപ്പോർട്ടുകളിൽ ഈ സംഭവം കാണുന്നുണ്ട്. മറ്റു ചിലർ സംശയം ഉന്നയിച്ചിട്ടുമുണ്ട്. ഇൽയാസ് (അ) ന്റെ കൂടെ പറയപ്പെടുന്ന പേരാണ് ഖിള്റ്(അ). പേരിനെ ചൊല്ലിയും കാലത്തെചൊല്ലിയും അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ട്.
അബൂഹാതിം പറഞ്ഞു: ആദം സന്തതികളിൽ ഏറ്റവും കൂടുതൽ പ്രായമുള്ള ആൾ ഖിള്റ് (അ) ആകുന്നു. ഇബ്നു ഇസ്ഹാഖ് പറയുന്നു: ആദം(അ) ന്ന് മരണം ആസന്നമായപ്പോൾ അദ്ദേഹം മക്കളോട് വസ്വിയ്യത്ത് ചെയ്തു. നൂഹ് നബിയുടെ കാലത്ത് പ്രളയമുണ്ടാകും. അക്കാലത്ത് എന്റെ ഭൗതിക ശരീരം കപ്പലിൽ സൂക്ഷിക്കണം. പ്രളയത്തിനു ശേഷം മയ്യിത്ത് ഖബറടക്കണം.
പറഞ്ഞത് പോലെ സംഭവിച്ചു. പ്രളയമുണ്ടായി. മയ്യിത്ത് കപ്പലിൽ സൂക്ഷിച്ചു. പ്രളയത്തിന്നുശേഷം മയ്യിത്ത് ഖബറടക്കിയത് ഖിള്റ് (അ) ആകുന്നു. ഏത് കാലം വരെ ഖിള്റ് (അ) ജീവിക്കണമെന്ന് അല്ലാഹുﷻ ഉദ്ദേശിക്കുന്നവോ അക്കാലം വരെ അദ്ദേഹം ജീവിക്കും.
ബൽയാ. ഖിള്റ് (അ)ന്റെ പേര് അങ്ങനെയാണെന്ന് രേഖകളിൽ കാണുന്നുണ്ട്. ഈലിയാ എന്നും പറയപ്പെട്ടിട്ടുണ്ട്. പിതാവിന്റെ പേര് മൽക്കാൻ.
ഖിള്റ് (അ) ന്റെ പരമ്പര നൂഹ് (അ)ന്റെ മകൻ സാമിൽ എത്തിച്ചേരുന്നു. ആ പരമ്പര ഇങ്ങനെ...
ഖിള്റ് (അ)
പിതാവ് മൽക്കാൻ
പിതാവ് ഫാലഗ്
പിതാവ് ആബിർ
പിതാവ് ശാലഖ്
പിതാവ് അർഫഖ്ശദ്
പിതാവ് സാം
പിതാവ് നൂഹ് (അ)
മറ്റൊരു വിധത്തിലും പരമ്പരകൾ കാണുന്നുണ്ട്. പിതാവിന്റെ പേര് മൽക്കാൻ എന്നതിന്ന് മാലക്ക് എന്നെഴുതിക്കാണുന്നു. ഇൽയാസ് നബി (അ) സഹോദരനാണ് മാലക്ക് എന്നു പറയപ്പെട്ടിട്ടുണ്ട്...
ഇബ്രാഹിം (അ) നെക്കൊണ്ട് വിശ്വസിക്കുകയും അദ്ദേഹത്തോടൊപ്പം ഹിജ്റ പോവുകയും ചെയ്ത സംഘത്തിലെ ഒരാളുടെ മകനാണ് ഖിള്റ് (അ) എന്നും പറയപ്പെട്ടിട്ടുണ്ട്...
ലഹ്റാസബ് മകൻ ബശ്ത്താസബ് രാജാവിന്റെ കാലത്ത് ഖിള്റ് (അ) ആ സമൂഹത്തിലേക്ക് നബിയായി നിയോഗിക്കപ്പെട്ടു. ഒരു റിപ്പോർട്ടിൽ അങ്ങനെയുണ്ട്.
ഈ പരമ്പര കൂടി ശ്രദ്ധിക്കുക.
ഖിള്റ് (അ)
പിതാവ് അമായീൽ-യഫ്സ് - ഈസ്വ് -ഇസ്ഹാഖ്-ഇബ്രാഹിം (അ).
ഹൽഖിയാ മകൻ അർമിയാ ആണെന്നും. പറയപ്പെട്ടിട്ടുണ്ട് അസ്ഫിയാൻ മകൻ അഫ്രീദൂൻ രാജാവിന്റെ കാലത്താണ് അദ്ദേഹം ജനിച്ചത്. മൂസാ(അ) അദ്ദേഹത്തെ കണ്ടെത്തിച്ചു.
ഹാഫിള് ഇബ്നു അസാക്കിർ രേഖപ്പെടുത്തുന്നു : ഖിള്റ് (അ) മിന്റെ മാതാവ് റൂമി സ്വദേശിനിയും പിതാവ് ഫാർസിയും ആകുന്നു. ശപിക്കപ്പെട്ട ഫിർഔനിന്റെ കാലത്ത് ഇസ്രാഈല്യർക്കിടയിലാണ് ഖിള്റ് (അ) ജീവിച്ചതെന്ന് ചില രേഖകൾ പറയുന്നു.
പല നബിമാരോടൊപ്പം ഖിള്റ് (അ) പ്രത്യക്ഷപ്പെടുന്നുണ്ട്. അദ്ദേഹത്തോടൊപ്പമുള്ള മൂസാ (അ)ന്റെ പഠനയാത്ര വളരെ പ്രസിദ്ധ
മാണ്. ഇൽയാസ് (അ) പല തവണ അദ്ദേഹത്തോടൊപ്പം കഴിഞ്ഞിട്ടുണ്ട്.
ഐശ്വര്യകാലം വന്നതോടെ ഇസ്രാഈല്യരുടെ മട്ടുമാറി. പ്രവാചകനെ അവഗണിച്ചു തന്നിഷ്ടക്കാരായി. ഇൽയാസ് (അ) നിരാശനും ദുഃഖിതനുമായി. ആ ജനങ്ങളോടൊപ്പം കഴിയാൻ മനസ്സ് വന്നില്ല.
"ഈ ജനങ്ങളിൽ നിന്ന് എന്നെ നീ അകറ്റേണമേ..!" ഇൽയാസ് (അ)ന്റെ പ്രാർത്ഥന അല്ലാഹു ﷻ സ്വീകരിച്ചു. അല്ലാഹുﷻവിന്റെ കൽപന വന്നു. ഒരു നിശ്ചിത ദിവസം ഒരു നാട്ടിലേക്കുയാത്ര ചെയ്യുക. അവിടെ കാണുന്ന കുതിരപ്പുറത്ത് കയറി യാത്ര ചെയ്യുക...
നിശ്ചിത ദിവസം വന്നു. നിർദ്ദേശിക്കപ്പെട്ട നാട്ടിലെത്തി. കൂടെ അൽയസഅ് (അ) ഉണ്ട്. ഇൽയാസ് (അ) കുതിരപ്പുറത്ത് കയറി.
അൽയസഅ് (അ) വിളിച്ചു ചോദിച്ചു: "എനിക്ക് എന്ത് നിർദ്ദേശം നൽകിയിട്ടാണ് അങ്ങ് പോവുന്നത്..?"
ഇൽയാസ് (അ) തന്റെ ഉടുപ്പ് അൽയസഅ് (അ)ന്ന് എറിഞ്ഞു കൊടുത്തു ഇതുകൂടി പറഞ്ഞു: "ഞാൻ നിന്നെ എന്റെ ഖലീഫയായി നിയോഗിച്ചിരിക്കുന്നു."
അഗ്നിയുടെ വർണ്ണമുള്ള കുതിരപ്പുറത്ത് ഇൽയാസ് (അ) അകന്നകന്ന് പോയി. ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു. ഇൽയാസ് (അ)ന്ന് ഭക്ഷണ പാനീയങ്ങളിൽ വിരക്തിയുണ്ടായി മലക്കുകളെപ്പോലെയായി.
ഇൽയാസ് നബി (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ...☝????
ഇൽയാസ് നബി (അ)നും മറ്റു
ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
【 ഇൽയാസ് നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】