സാറാ(റ)യുടെ ഈമാൻ വളരെ ശക്തമായിരുന്നു. ഏത് വിപത്തിലും അല്ലാഹുﷻ തന്നെ സംരക്ഷിക്കുമെന്ന് അവർ ഉറച്ചുവിശ്വസിച്ചിരുന്നു. സാറ (റ) കൊട്ടാരത്തിനകത്താണ്. വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടു. എത്രയോ സ്ത്രീകളെ രാജാവ് ആ മുറിയിൽ കുടുക്കി പീഡിപ്പിച്ചിട്ടുണ്ട്. രാജാവിന്റെ കൈകളിൽ പെട്ടാൽ രക്ഷപ്പെടാനാവില്ല...
രാജാവ് ദുരുദ്ദേശ്യത്തോടെ സാറ (റ)യെ സമീപിച്ചു. അത്ഭുതം! അയാളുടെ ശരീരം കുഴഞ്ഞു പോയി. രാജാവ് കരഞ്ഞു രക്ഷക്ക് വേണ്ടി യാചിച്ചു. സാറ (റ) രാജാവിന് ആരോഗ്യം തിരിച്ചുകിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു. അയാൾക്ക് ശക്തി തിരിച്ചുകിട്ടി. വീണ്ടും പിടിക്കാൻ വന്നു. കുഴഞ്ഞു വീണു. വീണു. കേണപേക്ഷിച്ചു. സാറാ(റ) പ്രാർത്ഥന നടത്തി. ആരോഗ്യം തിരിച്ചു കിട്ടി. ഒരിക്കൽ കൂടി അയാൾ സാറ (റ)യെ സമീപിച്ചു. വീണ്ടും കുഴഞ്ഞു വീണു. ഞാനിനി ഉപദ്രവിക്കില്ല. എന്നെ രക്ഷിക്കൂ അയാൾ കരഞ്ഞുപറഞ്ഞു. വീണ്ടും പ്രാർത്ഥിച്ചു. ആരോഗ്യം തിരിച്ചുകിട്ടി...
സാറാ(റ) സാധാരണ സ്ത്രീയല്ലെന്ന് രാജാവിന് ബോധ്യമായി. തെറ്റിന് മാപ്പു ചോദിച്ചു. തന്റെയും നാട്ടിന്റെയും നന്മക്ക് വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു. ഇബ്രാഹീം (അ)നെ കൊട്ടാരത്തിൽ വരുത്തി സൽക്കരിച്ചു. ബഹുമാനപൂർവ്വം ആ ദമ്പതികളെ യാത്രയയച്ചു. പോകാൻ നേരത്ത് അവർക്കൊരു സമ്മാനം നൽകി. ഹാജറ എന്നു പേരുള്ള ചെറുപ്പക്കാരിയെ. ഈ രാജാവിന്റെ പേര് റഖിയൂൻ എന്നായിരുന്നുവെന്നും ഫിർഔൻ എന്ന അപരനാമത്തിൽ അറിയപ്പെട്ട ആദ്യത്തെ രാജാവാണിതെന്നും ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്...
ആ ഫിർഔനിന്റെ പുത്രിയാണ് ഹാജറയെന്നും. മനുഷ്യ സാധാരണമല്ലാത്ത കാര്യങ്ങൾ സാറ (റ)യിൽ നിന്ന് പ്രത്യക്ഷമായപ്പോൾ ബഹുമാന സൂചകമായി തന്റെ മകളെ പരിചാരികയായി അയച്ചുകൊടുക്കുകയായിരുന്നുവെന്നും അവർ പറയുന്നു. സാറക്ക് കിട്ടിയ സമ്മാനമാണ് ഹാജറ...
ഈജിപ്തിൽ കുറച്ചു കാലം താമസിച്ചു. ഇസ്ലാം മതം പ്രചരിപ്പിച്ചു. ചിലരൊക്കെ ഇസ്ലാം മതം സ്വീകരിച്ചു. ഇബ്രാഹീം (അ) ഒരു സംഘം അനുയായികളുമായി ഫലസ്തീനിലേക്ക് പുറപ്പെട്ടു. സമ്പൽസമൃദ്ധമായ ഫലസ്തീൻ. ഇബ്രാഹീം നബി (അ) സംഘത്തോടൊപ്പം അവിടെയെത്തി. ഫലസ്തീനിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സഞ്ചരിച്ചു. കുറെ ആളുകൾ ഇസ്ലാം സ്വീകരിച്ചു...
നബിയും കൂട്ടരും ചേർന്നു കൃഷി ആരംഭിച്ചു. ധാരാളം അടിമകളെയും മൃഗങ്ങളെയും വാങ്ങി. എല്ലാവരും ചേർന്നു കൃഷിപ്പണി ചെയ്തു. അല്ലാഹുﷻ വമ്പിച്ച അനുഗ്രഹം നൽകി. ഇബ്രാഹീം (അ)വലിയ സൽക്കാരപ്രിയനായിരുന്നു. ധാരാളം അതിഥികൾ വരും. എല്ലാവരെയും സൽകരിക്കും. ഒരു ദിവസം സാറ (റ) ഭർത്താവിനോട് ഒരു സ്വകാര്യം പറഞ്ഞു : "ഇത് വരെ നമുക്കൊരു കുഞ്ഞുണ്ടായിട്ടില്ല. നമുക്കൊരു കുഞ്ഞിനെ വേണം. നിങ്ങൾ ഹാജറയെ വിവാഹം കഴിക്കണം. അവൾ പ്രസവിച്ചാൽ നമുക്കൊരു കുഞ്ഞിനെ കിട്ടുമല്ലോ..." സാറ (റ) യുടെ അഭിലാഷം നടന്നു...
ഇബ്രാഹീം (അ) ഹാജറ (റ) യെ വിവാഹം ചെയ്തു. ഏറെത്താമസിയാതെ ഹാജറ ഗർഭിണിയായി. സാറ (റ)ക്കും ഇബ്രാഹീം(അ)നും സന്തോഷം. അല്ലാഹുﷻന്റെ അനുഗ്രഹത്തെ വാഴ്ത്തിപ്പറഞ്ഞു. അവനെ മനസ്സറിഞ്ഞ് സ്തുതിച്ചു. ഹാജറ പ്രസവിച്ചു. ആൺ കുഞ്ഞ്. അതോടെ മുസ്ലിംകൾക്കിടയിൽ ആഹ്ലാദം പടർന്നു...
കുഞ്ഞിന് ഇസ്മാഈൽ എന്നു പേരിട്ടു. ഇസ്മാഈൽ നല്ല ഓമനത്തമുള്ള കുട്ടി. കണ്ടവരെല്ലാം സന്തോഷിച്ചു. കണ്ടവരുടെയെല്ലാം മനസ്സിൽ കുഞ്ഞിന്റെ സുന്ദര രൂപം മായാതെ നിന്നു. സാറ (റ) എന്തെന്നില്ലാത്ത സന്തോഷം. സംതൃപ്തി. കുട്ടിയെ ഓമനിച്ചുവളർത്തുന്നതവരാണ് ഹാജറ. കുഞ്ഞിന് പാൽക്കൊടുക്കും മുലപ്പാലിൽ നിന്ന് എല്ലാ പോഷകങ്ങളും കിട്ടി. കുഞ്ഞ് നല്ല ആരോഗ്യത്തോടെ വളരുകയാണ്...
ഇബ്രാഹീം (അ) ന് അക്കാലത്ത് തൊണ്ണൂറ്റിയാറ് വയസ്സാണ് പ്രായം. വാർദ്ധക്യത്തിൽ ലഭിച്ച കുഞ്ഞിനോട് എന്തെന്നില്ലാത്ത വാത്സല്യം. അപ്പോഴാണ് കടുത്ത പരീക്ഷണം വരുന്നത്. ആരും പതറിപ്പോവുന്ന രംഗം ഇബ്രാഹീം (അ) പതറിയില്ല...