ദീർഘയാത്ര...
ഇബ്രാഹീം (അ), ഹാജറ (റ), കൊച്ചുമകൻ. ഒരു കൊച്ചു സംഘം യാത്ര തുടരുകയാണ്. വിശാലമായ ഭൂപ്രദേശം. ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന മലകൾ. അവയ്ക്കു മീതെ മേഞ്ഞു നടക്കുന്ന മേഘങ്ങൾ. വളരെ ദൂരം വിജന പാതയിലൂടെ സഞ്ചരിക്കുമ്പോൾ ആൾപാർപ്പുള്ള സ്ഥലത്തെത്തും. അൽപ നേരത്തെ വിശ്രമം. വീണ്ടും യാത്ര...
വിശുദ്ധ മക്ക. ജനവാസമില്ലാത്ത മരുപ്രദേശം. പണ്ടെന്നോ തകർന്നുപോയ കഅബാലയത്തിന്റെ ഭാഗമായി ഒരു മണൽക്കൂന മാത്രം അവശേഷിക്കുന്നു. അതിന്നു സമീപം അവർ വന്നിറങ്ങി...
ചുട്ടുപൊള്ളുന്ന വെയിൽ. നോക്കുന്നേടത്തെല്ലാം കറുത്തിരുണ്ട മലകൾ. തണൽ കണ്ട സ്ഥലത്തിരുന്നു. സമീപത്തുതന്നെ സ്വഫാ മല. അകലെ മർവ എന്ന മല. ഒരു സഞ്ചിയിൽ ഈത്തപ്പഴം. ഒരു തോൽപാത്രത്തിൽ വെള്ളം. നീയും മകനും ഇവിടെ തന്നെ താമസിക്കുക. ഞാൻ പോകുന്നു. ഇബ്രാഹീം (അ) യാത്ര പുറപ്പെട്ടുകഴിഞ്ഞു...
ഹാജറ (റ) ഞെട്ടിപ്പോയി. ഭയവും സങ്കടവും നിറഞ്ഞ സ്വരത്തിൽ ഭർത്താവിനെ വിളിച്ചു. കുഞ്ഞിനെയും എടുത്തുകൊണ്ട് അവർ ഭർത്താവിന്റെ പിന്നാലെ ഓടി...
"ഒന്നു നിൽക്കണേ... ഞാൻ പറയുന്നതൊന്നു കേൾക്കണേ... ആൾപാർപ്പില്ലാത്ത ഈ പ്രദേശത്ത് ഞങ്ങളെങ്ങനെ കഴിയും..?"
ഒന്നിനും മറുപടിയില്ല. ഭർത്താവ് അകന്നകന്നു പോവുന്നു...
"അല്ലാഹുവിന്റെ കൽപന അനുസരിച്ചാണോ നിങ്ങൾ ഞങ്ങളെ ഉപേക്ഷിച്ചു പോവുന്നത്..?"
ഹാജറ (റ) വെപ്രാളത്തോടെ ചോദിച്ചു.
"അതെ" എന്ന സൂചന കിട്ടി. ഇനിയൊന്നും പറയാനില്ല. മകനെ മാറോടു ചേർത്തുപിടിച്ചു. കണ്ണീർ തുടച്ചു തണലിൽ പോയിരുന്നു. ഇബ്രാഹീം (അ) തിരിഞ്ഞു നോക്കി. ഇപ്പോൾ ഹാജറയെ കാണാനില്ല. കഅബാലയത്തിന്റെ മണൽക്കൂനക്കു നേരെ തിരിഞ്ഞു നിന്നു സർവശക്തനായ നാഥനോട് മനസ്സു തുറന്നു പ്രാർത്ഥിച്ചു...
"അല്ലാഹുവേ..! നിന്റെ കൽപ്പന പ്രകാരം ഞാനിതാ എന്റെ ഭാര്യയെയും മകനെയും ഇവിടെ ഉപേക്ഷിച്ചുപോവുന്നു. കൃഷിയില്ലാത്ത സ്ഥലം. ഒരു കിണറില്ല. വെള്ളമില്ല. മനുഷ്യരെ കാണാനില്ല. റബ്ബേ നീ തന്നെ തുണ. ഏതെങ്കിലും മനുഷ്യരുടെ ശ്രദ്ധ ഇത് വഴി തിരിക്കേണമേ..."
കണ്ണുനീരൊഴുക്കി. ഖൽബ് കിടുകിടുത്തുപോയി. പിന്നെ പെട്ടെന്നു സ്ഥലം വിട്ടു. മക്കയിൽ നിന്നകന്നുപോയി...
ഈ പ്രാർഥന വിശുദ്ധ ഖുർആനിൽ കാണാം: "ഞങ്ങളുടെ റബ്ബേ എന്റെ സന്തതികളിൽ നിന്നും (ഒന്നിനെ) കൃഷിയില്ലാത്ത ഒരു താഴ് വരയിൽ ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. നിന്റെ പവിത്രമായ ഭവനത്തിനടുത്ത്. ഞങ്ങളുടെ റബ്ബേ! അവർ നിസ്കാരം നിലനിർത്തുവാൻ വേണ്ടി. അതുകൊണ്ട്. മനുഷ്യരിൽ നിന്നുള്ള ചിലരുടെ ഹൃദയങ്ങളെ അവരുടെ നേരെ ചായുന്നതാക്കേണമേ. പഴ വർഗങ്ങളിൽ നിന്ന് അവരെ നീ ഭക്ഷിപ്പിക്കുകയും ചെയ്യേണമേ. അവർ നന്ദി കാണിച്ചേക്കാം." (14:37)
പ്രിയപത്നിയെയും മകനെയും സർവശക്തനായ അല്ലാഹുﷻ ൽ ഭരമേൽപിച്ചു. അല്ലാഹുﷻ കൃപാലുവാണ്. അവന്റെ പദ്ധതികൾ വിജയിക്കുക തന്നെ ചെയ്യും. ഉമ്മയെയും മകനെയും ഈ പ്രദേശത്ത് എത്തിച്ചതിന് അവന് ലക്ഷ്യങ്ങളുണ്ടാവും. അവന് മാത്രമേ അവ അറിയുകയുള്ളൂ. കൽപനക്ക് വഴങ്ങുക അങ്ങനെ അവന്റെ പ്രീതി സമ്പാദിക്കുക. ഇബ്രാഹീം (അ) അങ്ങനെ ആശ്വാസം കണ്ടെത്തി...