Wednesday - 22 April, 2026 4-Dhu al-Qadah-1447

പാലായനം (1)

   അഗ്നിപരീക്ഷണം കഴിഞ്ഞിട്ടുപോലും ജനങ്ങൾ ഏക ഇലാഹിലേക്ക് വരാൻ കൂട്ടാക്കുന്നില്ല. അവർ ശിർക്കിൽ നിന്ന് മടങ്ങുന്നില്ല. ഇനി നാട് വിട്ടുപോകാമെന്ന് ഇബ്രാഹീം (അ) കരുതുന്നു. അല്ലാഹുﷻന്റെ അനുമതിയോടെ സമീപ നാടുകളിലേക്ക് പോകാം...


 പിതാവിനെ നേർമാർഗത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി ഇബ്രാഹീം (അ)  വളരെ പരിശ്രമിച്ചിരുന്നു. പിതാവിനോട് കാണിക്കേണ്ട എല്ലാ മര്യാദകളും സ്നേഹ ബഹുമാനങ്ങളും പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. പക്ഷേ പിതാവ് വളരെ ക്രൂരമായിട്ടാണ് പെരുമാറിയത്. നീ ഇത്തരം സംസാരം  നിർത്തിയില്ലെങ്കിൽ നിന്നെ ഞാൻ എറിഞ്ഞു കൊല്ലും. രക്ഷ വേണമെങ്കിൽ സ്ഥലം വിട്ടോ.  ഇതായിരുന്നു പിതാവിന്റെ പ്രതികരണം...


ഇബ്രാഹീം (അ) പിതാവിനോട് സലാം പറഞ്ഞു വിട ചൊല്ലി. നിങ്ങൾക്കു സലാം. സലാമുൻ അലൈക്ക. പിതാവേ താങ്കളുടെ പാപങ്ങൾ പൊറുത്തുതരാൻ വേണ്ടി ഞാൻ എന്റെ റബ്ബിനോട് പ്രാർത്ഥിക്കാം...

വിശുദ്ധ ഖുർആൻ പറയുന്നു : 


"അദ്ദേഹം പറഞ്ഞു : നിങ്ങൾക്കു സലാം നിങ്ങൾക്കു വേണ്ടി ഞാൻ എന്റെ റബ്ബിനോട് പാപമോചനത്തിന് പ്രാർത്ഥിച്ചുകൊള്ളാം. അവൻ എന്നോട് വളരെ കനിവുള്ളവനാകുന്നു."  (19:47) 


"നിങ്ങളെയും അല്ലാഹുﷻവിന് പുറമെ നിങ്ങൾ വിളിച്ചു (പ്രാർത്ഥിച്ചു) വരുന്നതിനെയും ഞാൻ വിട്ടൊഴിഞ്ഞ്  പോവുകയാണ്. ഞാൻ എന്റെ റബ്ബിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യും. എന്റെ റബ്ബിനെ വിളിക്കുന്നതിൽ  ഞാൻ പരാജിതനാവാതിരുന്നേക്കാം." (19:48) 


എല്ലാം അല്ലാഹുﷻൽ അർപ്പിച്ചുകൊണ്ട് ഇബ്രാഹീം (അ) പോവുകയാണ്. തൗഹീദിന്റെ മാർഗത്തിൽ എന്ത്  ത്യാഗത്തിനും സന്നദ്ധനായിക്കൊണ്ടുള്ള പുറപ്പാട്. പിതാവിനുവേണ്ടി പലതവണ പ്രാർത്ഥിച്ചു. പ്രാർത്ഥിക്കുമെന്ന് വാഗ്ദാനം ചെയ്തതുമാണല്ലോ. പിതാവിന്റെ കാര്യത്തിൽ വലിയ മനോവേദനയും ഉണ്ടായിരുന്നു. പിതാവ് അല്ലാഹുﷻവിന്റെ ശത്രുവാണ്. പിശാചിനെ പിന്തുടർന്നവനുമാണ്. അക്കാര്യം മകന് ബോധ്യമായി ...


അല്ലാഹുﷻ പറയുന്നു : 


"ഇബ്രാഹീം അദ്ദേഹത്തിന്റെ പിതാവിനു വേണ്ടി പാപമോചനം തേടിയത് അദ്ദേഹം അയാളോട് ചെയ്തിരുന്ന ഒരു വാഗ്ദത്ത നിമിത്തമല്ലാതെ ആയിരുന്നില്ല.  എന്നിട്ട് അയാൾ അല്ലാഹുﷻവിന്റെ ഒരു ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായിത്തീർന്നപ്പോൾ അദ്ദേഹം അയാളിൽ നിന്ന്  (ബന്ധം) വിട്ടുമാറി. നിശ്ചയമായും ഇബ്രാഹീം വളരെ വിനയമുള്ളവനും സഹനശീലനും തന്നെയാകുന്നു." (9:114)


ഇബ്രാഹീം (അ) വളരെയേറെ വിനയം പ്രകടിപ്പിച്ചിരുന്ന ആളായിരുന്നു. ആ വിനയം നമുക്ക് മാതൃകയാണ്. വളരെയേറെ പരീക്ഷണങ്ങൾ നേരിട്ട പ്രവാചകനാണ്. അപ്പോഴെലാം ക്ഷമ അവലംബിച്ചു. വെപ്രാളം കാണിച്ചില്ല. ആ വിനയവും ക്ഷമയും വിശുദ്ധ ഖുർആൻ എടുത്തുപറഞ്ഞു; മുഅ്മിനീങ്ങൾക്കു മാതൃകയാക്കാനുള്ളത് ആ ക്ഷമാശീലമാണ്. പിതാവ് അല്ലാഹുﷻവിന്റെ ശത്രുവാണെന്ന് ബോധ്യം  വന്നതോടെ ബന്ധം ഇല്ലാതാവുകയാണ്. എന്നെങ്കിലുമൊരിക്കൽ നന്നായിത്തീരുമെന്ന പ്രതീക്ഷ അസ്തമിച്ചു...


ഇബ്രാഹീം (അ) ഇറാഖിൽ നിന്ന് സിറിയയിലേക്ക് ഹിജ്റ പോകാനൊരുങ്ങി. അല്ലാഹുﷻപറയുന്നു : 

അദ്ദേഹം പറഞ്ഞു : "നിശ്ചയമായും ഞാൻ എന്റെ റബ്ബിലേക്ക് പോവുകയാണ്. അവൻ എനിക്ക് മാർഗദർശനം നൽകിക്കൊള്ളും. (37:99)


അല്ലാഹുﷻ ഒരിക്കലും തന്നെ കൈവെടിയുകയില്ല. അവൻ മാർഗദർശനം നൽകും. ആ ഉറച്ച വിശ്വാസത്തോടെ പ്രവാചകനും പത്നിയും ലൂത്വ് നബി (അ) ഉം ശാമിലേക്കു യാത്ര തിരിച്ചു. രാപകലുകൾ മാറിമാറി വന്നു. പകൽ യാത്ര ചെയ്യും. രാത്രി വിശ്രമിക്കും. പരിമിതമായ ഭക്ഷണം. വെള്ളം കുടിക്കും... 


 വളരെ വിശാലമായ ഭൂപ്രദേശമാണ് അന്നത്തെ ശാം. പിൽക്കാല പ്രവാചകൻമാർ പലരും അവിടെയാണ് ജനിച്ചുവളർന്നത്. വളരെ അനുഗൃഹീതമായ നാട്. ധാരാളം പഴവർഗങ്ങൾ വളരുന്ന പ്രദേശം. തൗറാത്തും ഇഞ്ചീലും ഇറങ്ങിയതവിടെയാണ്. വെള്ളം കിട്ടാൻ ധാരാളം സൗകര്യങ്ങളുണ്ട്. ഇബ്രാഹീം  (അ)അവിടെയെത്തി. കുറച്ചു കാലം അവിടെ താമസിച്ചു. അല്ലാഹുﷻലേക്ക് ജനങ്ങളെ ക്ഷണിച്ചു. ചിലർ കേട്ട കാര്യങ്ങൾ വിശ്വസിച്ചു... 


പിന്നീടവർ ഈജിപ്തിലേക്കു പുറപ്പെട്ടു. പല ബുദ്ധിമുട്ടുകളും. നേരിടേണ്ടിവന്നു. ഈജിപ്തിലെത്തിയ ഉടനെ അവരെ രാജകൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. സാറാ ബീവിയുടെ സൗന്ദര്യം രാജാവിനെ വല്ലാതെ ആകർഷിച്ചു. ബീവിയെ ചതിയിൽ പെടുത്താൻ തന്നെ രാജാവ് തീരുമാനിച്ചു...