Thursday - 23 April, 2026 5-Dhu al-Qadah-1447

പ്രാർത്ഥന (1)

   കഅബയുടെ പണി പൂർത്തിയായി. ജിബ്രീൽ  (അ) വന്നു. ത്വവാഫ് ചെയ്യേണ്ട വിധം പഠിപ്പിച്ചുകൊടുത്തു. ഹറം ശരീഫിനെ അല്ലാഹുﷻ നിർഭയ കേന്ദ്രമാക്കി വെച്ചു.  ഏകനായ അല്ലാഹുﷻനെ ആരാധിക്കാൻ വിശ്വാസികൾ കൂട്ടത്തോടെ വന്നു ചേരും... 


 ലോകത്തിന്റെ കേന്ദ്രമാണിവിടെ ഉയർന്നു വന്നിരിക്കുന്നത്. ഇനിയിവിടെ നിസ്കാരം നടക്കും. റുകൂഹ് നടക്കും. സുജൂദ് നടക്കും. ഇഹ്തികാഫ് ഇരിക്കും. ഇതിനൊക്കെ വേണ്ടി ഇവിടെയെത്തുന്നവർക്ക് സൗകര്യം ചെയ്തുകൊടുക്കണം. ഈ പുണ്യകേന്ദ്രം ശുദ്ധമാക്കിവയ്ക്കണം. ഇതിന്റെ പവിത്രത കാത്തുസൂക്ഷിക്കണം... 


 വിശുദ്ധ ഖുർആൻ പറയുന്നത് കേൾക്കൂ... "ഈ വീടിനെ (കഅബയെ) നാം മനുഷ്യർക്ക് ഒരു സങ്കേതവും ഒരു നിർഭയ സ്ഥാനവും ആക്കി വെച്ച സന്ദർഭം ഓർക്കുക; മഖാമു ഇബ്രാഹീമിൽ നിന്ന് ഒരു നിസ്കാരസ്ഥാനം നിങ്ങൾ ഏർപ്പെടുത്തുകയും  ചെയ്യുവീൻ. ത്വവാഫ് ചെയ്യുന്നവർക്കും ഇഹ്തികാഫ് ഇരുന്നവർക്കും റുകൂഹ് ചെയ്യുന്നവർക്കും സുജൂദ് ചെയ്യുന്നവർക്കും വേണ്ടി നിങ്ങൾ രണ്ടുപേരും എന്റെ വീടിനെ ശുദ്ധമാക്കിവയ്ക്കണമെന്ന് നാം ഇബ്രാഹീമിനും ഇസ്മാഈലിനും കൽപനകൊടുത്തിരിക്കുന്നു." (2:125) 


 ലോകത്തുള്ള എല്ലാ മസ്ജിദുകളും അല്ലാഹുﷻന്റെ ഭവനമാകുന്നു. അവ ശുദ്ധമാക്കിവെക്കണം. അല്ലാഹുﷻന്റെ ഭവനത്തെ ശുദ്ധമാക്കി വയ്ക്കണമെന്നത് അവന്റെ തന്നെ താൽപര്യമാകുന്നു. കഅബയെ ശുദ്ധമാക്കി വെക്കണമെന്ന് അല്ലാഹുﷻ രണ്ട് പ്രവാചകന്മാരോട് കൽപ്പിച്ചകാര്യം വിശുദ്ധ ഖുർആനിൽ എടുത്തുപറഞ്ഞു. അതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് അല്ലാഹുﷻന്റെ ഏത് ഭവനവും ശുദ്ധമായി സൂക്ഷിക്കണമെന്നാകുന്നു...


 കഅബാലയം പണിതുയർത്തിക്കൊണ്ട് ഇബ്രാഹീം (അ) നടത്തിയ പ്രാർത്ഥന വിശുദ്ധ ഖുർആനിൽ ഉദ്ധരിക്കുന്നു. ആ പ്രാർത്ഥന പിൽക്കാല തലമുറകൾക്ക് മാതൃകയാകുന്നു. മക്കയെ നിർഭയ പ്രദേശമാക്കണമെന്ന് പ്രാർത്ഥിക്കുന്നു. അവിടുത്തെ നിവാസികൾക്ക് ഭക്ഷിക്കാൻ പഴവർഗ്ഗങ്ങൾ നൽകണമെന്ന് തേടുന്നു. അല്ലാഹുﷻനെ അനുസരിച്ചു ജീവിക്കുന്നവർക്കും അനുസരിക്കാത്ത ധിക്കാരികൾക്കും അല്ലാഹുﷻ ആഹാരം നൽകും. ധിക്കാരികളുടെ സുഖവും ആർഭാടവുമെല്ലാം അൽപകാലത്തേക്ക് മാത്രം. പിന്നീട് അവൻ നരകശിക്ഷ അനുഭവിക്കണമെന്ന്. അല്ലാഹുﷻ മുന്നറിയിപ്പ് നൽകുന്നു...


 വിശുദ്ധ ഖുർആൻ പറയുന്നു : "ഇബ്രാഹീം പറഞ്ഞ സന്ദർഭം (ഓർക്കുക), എന്റെ റബ്ബേ! നീ ഇതൊരു നിർഭയമായ രാജ്യമാക്കുകയും അതിലെ ജനങ്ങൾക്ക് പഴവർഗ്ഗങ്ങളിൽ നിന്ന് ആഹാരം നൽകുകയും ചെയ്യേണമേ!... അവരിൽ അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിച്ചവർക്ക് (ആഹാരം നൽകേണമേ)" 


"അവൻ (അല്ലാഹു) പറഞ്ഞു : വിശ്വാസിക്കാത്തവർക്കും (ആഹാരം നൽകുന്നതാണ്). എന്നാൽ അവനെ നാം അൽപം സുഖം അനുഭവിപ്പിക്കും. പിന്നീട് അവനെ നാം നരക ശിക്ഷയിലേക്ക് (വരുവാൻ) നിർബന്ധിതനാക്കുന്നതാണ്. ആ മടക്കസ്ഥാനം വളരെ ചീത്തയാകുന്നു... (2:126) 


 മസ്ജിദ് നിർമ്മാണം ഏറെ പുണ്യമുള്ള കാര്യമാണ്. അല്ലാഹുﷻന്റെ തൃപ്തി മാത്രമായിരിക്കണം ലക്ഷ്യം. മഹത്തായ പ്രതിഫലം ലഭിക്കുന്ന വിശുദ്ധ കർമ്മമാണത്. മനസ്സിൽ അല്ലാഹുﷻന്റെ പ്രീതിമാത്രമായിരിക്കണം ഉണ്ടാവേണ്ടത്. നിഷ്കളങ്കമായിരിക്കണം പ്രവർത്തനം. പേരും പ്രശസ്തിയുമൊന്നും മനസ്സിനെ അധീനപ്പെടുത്തരുത്. അഹങ്കരാമോ അസൂയയോ വന്നു ചേരരുത്. മസ്ജിദ് നിർമ്മാണത്തിലൂടെ ലഭിക്കേണ്ട മഹത്തായ പ്രതിഫലം നഷ്ടപ്പെട്ടുപോകും. കഅബ നിർമ്മിച്ചുകൊണ്ട് ഇബ്രാഹീം (അ) എന്താണ് പ്രാർത്ഥിച്ചത്... ഞങ്ങളിൽ നിന്ന് ഇതൊരു സൽക്കർമ്മമായി നീ സ്വീകരിക്കേണമേ!.. പൂർണ്ണമായും സൽക്കർമ്മമായിത്തീരണം. അതാണ് പ്രാർത്ഥന...


 വിശുദ്ധ ഖുർആൻ ആ പ്രാർത്ഥന ഉദ്ധരിക്കുന്നത് നോക്കുക: "ആ വീട്ടിന്റെ അടിത്തറ ഇബ്രാഹീമും ഇസ്മാഈലും കെട്ടി ഉയർത്തിയ സന്ദർഭം (ഓർക്കുക), അവർ ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഞങ്ങളിൽ നിന്ന് ഈ കർമ്മം നീ സ്വീകരിക്കേണമേ!... നീ തന്നെയാണ് എല്ലാം അറിയുന്നവനും  കേൾക്കുന്നവനും." (2:127)


തുടർന്നു നടത്തിയ പ്രാർത്ഥനയിൽ നാല് സുപ്രധാന കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു... 


1.ഞങ്ങളെ രണ്ടു പേരെയും നിനക്ക് കീഴൊതുങ്ങി ജീവിക്കുന്നവരാക്കേണമേ... (യഥാർത്ഥ മുസ്ലിംകളാക്കേണമേ)


2. ഞങ്ങളുടെ സന്തതികളിൽ നിന്ന് നിനക്ക് കീഴൊതുങ്ങി ജീവിക്കുന്ന ഒരു സമുദായത്തെ ഉണ്ടാക്കേണമേ... 


3. ഞങ്ങളുടെ ആരാധനാ കർമ്മങ്ങൾ കാണിച്ചുതരേണമേ....


4. ഞങ്ങളുടെ പശ്ചാത്താപം (തൗബ )സ്വീകരിക്കേണമേ...


 മനുഷ്യജീവിതത്തിന്റെ ലക്ഷ്യം തന്നെയാണിപ്പറഞ്ഞത്. പ്രാർത്ഥിക്കുന്നവർ ആദ്യം സ്വന്തം കാര്യം പറയണം. പിന്നെ സന്താന പരമ്പരയുടെ കാര്യം പറയണം. മക്കളെ മാത്രം ഓർത്താൽ പോരാ പരമ്പരയെ ഓർക്കണം. അവരെല്ലാം സന്മാർഗം പ്രാപിക്കണം. ആ ലക്ഷ്യത്തോടെ പ്രാർത്ഥിക്കണം. ആരാധനാ കർമ്മങ്ങളിൽ തെറ്റ് പറ്റരുത്. ശരിയായ രീതി പഠിക്കാൻ അല്ലാഹുﷻന്റെ വിധി വേണം. പ്രവാചകന്മാർ അത് പഠിപ്പിച്ചു തരുന്നു...