കഅബയുടെ ചുമരിൽ പതിച്ച ഹജറുൽ അസ്വ്വദ് എന്ന കല്ലും, ഇബ്രാഹീം മഖാമും സ്വർഗ്ഗത്തിൽ നിന്ന് ഇറക്കപ്പെട്ടവയാകുന്നു. പ്രളയകാലത്ത് ഇവ രണ്ടും നൂഹ് (അ) അബുഖുബൈസ് മലയിൽ കൊണ്ടു പോയി കുഴിച്ചിട്ടു. ഇബ്രാഹീം നബി (അ)ന്റെ കാലത്താണ് അവ പുറത്തെടുത്തത്...
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം: നബിﷺ തങ്ങൾ പറഞ്ഞു : "ഹജറുൽ അസ്വ്വദ് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയതാണ്. അന്നേരം അത് പാലിനെക്കാൾ വെളുത്തതായിരുന്നു. ആദം സന്തതികളുടെ പാപങ്ങളാണ് അതിനെ കറുപ്പിച്ചത്."
മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം : "ഹജറുൽ അസ്വ്വദ് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഐസിനെക്കാൾ വെളുത്തതായിരുന്നു. ശിർക്കിന്റെ ആളുകളുടെ പാപങ്ങളാണ് അതിനെ കറുപ്പിച്ചത്."
അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ് (റ) എന്ന സ്വഹാബിയിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു. നബിﷺ തങ്ങൾ പറയുന്നത് ഞാൻ കേട്ടു : "സ്വർഗ്ഗത്തിലെ മാണിക്യക്കല്ലുകളിൽ പെട്ട രണ്ട് മാണിക്യക്കല്ലുകളാണ് ഹജറുൽ അസ്വ്വദും മഖാമു ഇബ്രാഹീമും. അവയുടെ പ്രകാശം അല്ലാഹുﷻ മായ്ച്ചു കളഞ്ഞിരുന്നില്ലെങ്കിൽ അവ മശ്രിഖും മഗ്രിബും (ലോകം മുഴുവൻ ) പ്രകാശിപ്പിക്കുമായിരുന്നു...
ഇബ്നു അബ്ബാസ് (റ) പറഞ്ഞു; "ആദം നബി (അ) ഭൂമിയിൽ ഇറങ്ങിയ രാത്രി അദ്ദേഹത്തോടൊപ്പം (സ്വർഗ്ഗത്തിൽ നിന്ന് ) ഇറങ്ങിയതാണ് ഹജറുൽ അസ്വ്വദും മഖാമു ഇബ്രാഹീമും. ഖിയാമത്ത് നാളിൽ ഹജറുൽ അസ്വ്വദ് കൊണ്ടുവരും. അതിനെ തൊട്ടു തടവുകയും ചുംബിക്കുകയും ചെയ്തവർക്ക് അത് സാക്ഷി നിൽക്കും...
നബിﷺതങ്ങളും മറ്റനേകം പ്രവാചകന്മാരും ഹജറുൽ അസ്വ്വദ് ചുംബിച്ചിട്ടുണ്ട്. അതേ സ്ഥലത്താണ് ഹാജിമാരും ചുംബിക്കുന്നത്. ഹജറുൽ അസ്വ്വദ് തൊട്ടു തടവുക, ചുംബിക്കുക, സുജൂദ് ചെയ്യുന്നത് പോലെ അതിന്മേൽ നെറ്റിവെക്കുക. ഇവ മൂന്നും സുന്നത്താണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്...
പിൽക്കാലത്ത് കഅബത്തിന്നകത്തും പുറത്തും ധാരാളം ബിംബങ്ങൾ വെച്ച് ആരാധിക്കപ്പെട്ടിട്ടുണ്ട്. ശിർക്ക് ശക്തിപ്രാപിച്ച കാലം. എന്നാൽ ഹജറുൽ അസ്വ്വദും, മഖാമു ഇബ്രാഹീമും ഒരിക്കലും ആരാധിക്കപ്പെട്ടിട്ടില്ല. ഇവയ്ക്ക് അല്ലാഹുﷻ നൽകിയ പ്രത്യേക സംരക്ഷണമായിരുന്നു അതിന് കാരണം.
ഇബ്രാഹീം (അ) മകനോടിങ്ങനെ പറഞ്ഞു : "ത്വവാഫ് തുടങ്ങാനുള്ള സ്ഥലത്ത് അടയാളം വയ്ക്കാനായി ഒരു കല്ല് വേണം അത് കൊണ്ടുവരൂ..."
ഇസ്മാഈൽ (അ) കല്ല് അന്വേഷിച്ചുപോയി. അതിന്നിടയിൽ ജിബ്രീൽ (അ) അബൂഖുബൈസ് പർവതത്തിൽ നിന്ന് ഹജറുൽ അസ്വ്വദ് പുറത്തെടുത്ത് ഇബ്രാഹീം (അ) ന് കൊണ്ടുവന്നു കൊടുത്തു. അത് യഥാസ്ഥാനത്ത് വെച്ചു...
മടങ്ങിവന്ന ഇസ്മാഈൽ (അ) ഇത് കണ്ടിട്ട് ചോദിച്ചു : "ഇതെവിടെ നിന്നാണ്?"
ഇബ്രാഹീം (അ) പറഞ്ഞു : "ജിബ്രീൽ കൊണ്ടുവന്നതാണ്."
അന്നേരം അതിന്റെ ശോഭ ഹറമിന്റെ അതിർത്തി വരെ പരന്നിരുന്നു. ആദ്യകാലത്ത് ഇബ്രാഹീം മഖാമിൽ രണ്ട് പാദങ്ങൾ ശരിക്ക് പതിഞ്ഞുകിടക്കുകയായിരുന്നു. വിരലുകളും മടമ്പും നന്നായി കാണാമായിരുന്നു. നിരവധി നൂറ്റാണ്ടുകൾ. ജനങ്ങൾ അതിൽ തടവിത്തടവി വിരലിന്റെ അടയാളങ്ങൾ മാഞ്ഞുപോയി. സഹസ്രാബ്ദങ്ങളിലൂടെ അത് തൊട്ടുതടവിയ കരങ്ങളുടെ എണ്ണം അല്ലാഹുﷻന്ന് മാത്രമറിയാം...
കഅബയുടെ പണി തീർന്നപ്പോൾ മഖാമു ഇബ്രാഹീം മുൻവശത്ത് സ്ഥാപിച്ചു. ഇന്ന് കാണുന്ന സ്ഥലത്ത് തന്നെ സ്ഥാന ചലനം വന്നിട്ടുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉമറുൽ ഫാറൂഖ് (റ)വിന്റെ കാലത്ത് നടന്ന ഒരു സംഭവം കൂടി പറയാം...
രണ്ടാം ഖലീഫയുടെ കാലത്ത് വമ്പിച്ച വെള്ളപ്പൊക്കമുണ്ടായി. ഈ വെള്ളപ്പൊക്കം പിൽക്കാലത്ത് നഹ്ശൽ വെള്ളപ്പൊക്കം എന്ന പേരിൽ അറിയപ്പെട്ടു. അതിന്നൊരു കാരണമുണ്ട്. ഉമ്മു നഹ്ശൽ (റ) എന്ന സ്വഹാബി വനിത ഈ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി. അവർ ഒഴുക്കിൽ പെട്ടു മരണപ്പെട്ടു. മലവെള്ളപ്പാച്ചിലിന്റെ ശക്തിയിൽ മഖാമു ഇബ്രാഹീം ഒലിച്ചു പോയി. മിസ്ഫലയിൽ നിന്നാണത് കണ്ടെടുത്തത്. കഅബയുടെ മുൻഭാഗത്ത് കൊണ്ടുവന്നു കെട്ടിയിട്ടു ഖലീഫയെ വിവരം അറിയിച്ചു. ഖലീഫ റമളാൻ മാസത്തിൽ ഉംറക്ക് ഇഹ്റാം ചെയ്തു മക്കയിലെത്തി. സ്വഹാബികളെ വിളിച്ചുകൂട്ടി...
"മഖാമു ഇബ്രാഹീം നിലനിന്ന ശരിയായ സ്ഥാനം അറിയുന്ന ആരെങ്കിലും ഇക്കൂട്ടത്തിലുണ്ടോ?" ഖലീഫ ചോദിച്ചു.
ഒരു സ്വഹാബി മുമ്പോട്ടുവന്നു. മുത്തലിബ് ബ്നു അബീവദാഅത്ത് (റ) അദ്ദേഹം പറഞ്ഞു: "അമീറുൽ മുഹ്മിനീൻ ഇങ്ങനെയൊരപകടം വരുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നതാണ്. അതുകൊണ്ട് മഖാമു ഇബ്രാഹീമിൽ നിന്ന് ഹജറുൽ അസ്വ്വദിലേക്കും ഹിജ്റ ഇസ്മാഈലിലേക്കും സംസം കിണറിലേക്കുമുള്ള ദൂരം ഞാൻ അളന്നു വെച്ചിട്ടുണ്ട്. അളന്ന് അടയാളം വെച്ച കയർ എന്റെ വീട്ടിലുണ്ട്. അതുകൊണ്ടുവരാം."
ഉമർ (റ) പറഞ്ഞു : "നിങ്ങൾ എന്റെയടുത്തിരിക്കൂ... ഒരാൾ പോയി കയർ കൊണ്ടുവരട്ടെ."
ഒരാൾ ഓടിപ്പോയി കയർ കൊണ്ടുവന്നു. അളന്നു നോക്കി സ്ഥാനം കണ്ടുപിടിച്ചു. ഖലീഫയുടെ നിഗമനത്തിലുള്ള സ്ഥാനവും അത് തന്നെ. പ്രമുഖ സ്വഹാബികളുമായി ആലോചിച്ചു സ്ഥാനം ശരിതന്നെയാണെന്ന്
ഉറപ്പ് വരുത്തി. ശക്തമായ അടിത്തറയിൽ കല്ല് ഉറപ്പിച്ചു...
മക്കയുടെ മേൽഭാഗത്ത് മുദ്ദആ എന്ന സ്ഥലത്ത് കല്ല് കൊണ്ട് ശക്തമായ തടയണ നിർമ്മിച്ചു മലവെള്ളപ്പാച്ചിലിൽ തടയണ തടഞ്ഞു നിർത്തി. പിന്നീടൊരിക്കലും തടയണ കവിഞ്ഞൊഴുകിയിട്ടില്ല. ത്വവാഫ് കഴിഞ്ഞ ഉടനെ മഖാമു ഇബ്രാഹീമിന്റെ പിന്നിൽ നിന്ന് സുന്നത്ത് നിസ്കരിക്കാം. കാലം ചെല്ലുംതോറും ജനത്തിരക്ക് വർദ്ധിച്ചു വരികയാണ്...
മഖാമു ഇബ്രാഹീമിന്റെ തൊട്ടടുത്തുനിന്ന് നിസ്കരിക്കുക വളരെ പ്രയാസമാണ്. അതുകൊണ്ട് പിന്നോട്ട് മാറിനിന്ന് നിസ്കരിക്കുന്നു. ഇവിടെവെച്ചുള്ള പ്രാർത്ഥനക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അതുകൊണ്ട് ഇവിടെ എപ്പോഴും നല്ല തിരക്കായിരിക്കും. ഹജറുൽ അസ്വ്വദ് ചുംബിക്കുക വളരെ പ്രയാസമാണ്. നല്ല തിരക്കായിരിക്കും. ഹജറുൽ അസ്വ്വദിനു നേരെ കൈ ഉയർത്തി ആ കൈ ചുംബിച്ചു കൊണ്ടാണ് ഇപ്പോൾ അധികപേരും ത്വവാഫ് തുടങ്ങുന്നത്...