വന്നുപോയ അബദ്ധങ്ങൾക്കും തെറ്റുകൾക്കും പശ്ചാത്തപിക്കണം. ശരിയായ ഖേദപ്രകടനം. തെറ്റുകളിൽ നിന്ന് വിരമിക്കുക. ഇനിയൊരിക്കലും അതിലേക്ക് മടങ്ങില്ലെന്ന് ഉറപ്പിക്കുക. പശ്ചാത്തപിക്കുക. പശ്ചാത്താപം സ്വീകരിക്കാൻ പ്രാർത്ഥിക്കുക...
വിശുദ്ധ ഖുർആനിൽ ഈ പ്രാർത്ഥന കൊടുത്തതിങ്ങനെയാകുന്നു... "ഞങ്ങളുടെ റബ്ബേ! ഞങ്ങളെ (രണ്ടാളെയും) നിനക്ക് കീഴൊതുങ്ങിയവരാക്കുകയും (മുസ്ലിംകളാക്കുകയും) ചെയ്യേണമേ... ഞങ്ങളുടെ സന്തതികളിൽ നിന്ന് നിനക്ക് കീഴ്പ്പെടുന്നതായ ഒരു സമുദായത്തെ ഉണ്ടാക്കേണമേ... ഞങ്ങൾക്ക് ഞങ്ങളുടെ ആരാധനാകർമ്മങ്ങൾ കാണിച്ചുതരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ... നിശ്ചയമായും നീ തന്നെയാണ് പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനും." (2:128)
തുടർന്നുള്ള പ്രാർത്ഥന വളരെ ശ്രദ്ധേയമാണ് അതിപ്രകാരമാകുന്നു...
"ഞങ്ങളുടെ റബ്ബേ അവരിൽ നിന്നു തന്നെയുള്ള ഒരു റസൂലിനെ നീ നിയോഗിക്കുകയും ചെയ്യേണമേ... അവർക്ക് നിന്റെ ആയത്തുകൾ (ദൃഷ്ടാന്തങ്ങൾ) ഓതിക്കൊടുക്കുകയും അവർക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ. നിശ്ചയം നീ തന്നെയാണ് പ്രതാപശാലിയും അഗാധജ്ഞാനമുള്ളവനും." (2:129)
ഭാവി തലമുറയിൽ നിന്ന് ഒരു പ്രവാചകനെ നിയോഗിക്കണമെന്നാണവർ പ്രാർത്ഥിച്ചത്. ഇസ്മാഈൽ (അ) ന്റെ സന്താന പരമ്പരയാണ് അറബികൾ. അവരിൽ നിന്ന് പ്രവാചകനെ നിയോഗിക്കണമെന്നാണ് പ്രാർത്ഥന. ഈ പ്രാർത്ഥന അല്ലാഹുﷻ സ്വീകരിച്ചു. മുഹമ്മദ് മുസ്തഫﷺതങ്ങൾ അന്ത്യ സമൂഹത്തിന്റെ പ്രവാചകനായി നിയോഗിക്കപ്പെട്ടു...
മുഹമ്മദ് നബിﷺ പറയുകയുണ്ടായി. ഞാൻ എന്റെ പിതാവ് ഇബ്രാഹീമിന്റെ പ്രാർത്ഥനയാണ്. ഈ പ്രാർത്ഥന നടത്തുന്ന കാലത്ത് മക്കയിൽ ഏതാനും കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്. ഒരു സമൂഹമില്ല. ഭാവിയിൽ വന്നേക്കാവുന്ന സമൂഹത്തിൽ നിന്ന് റസൂലിനെ നിയോഗിക്കാനാണ് പ്രാർത്ഥിച്ചത്. പ്രാർത്ഥന ഫലിച്ചതെപ്പോഴാണ്..? നാലായിരത്തോളം വർഷങ്ങൾക്ക് ശേഷം...
ആ റസൂൽ ചെയ്യേണ്ട കാര്യങ്ങൾ ഈ പ്രാർത്ഥനയിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
1. അല്ലാഹുﷻന്റെ ആയത്തുകൾ ഓതിക്കൊടുക്കുക,
അല്ലാഹുﷻ ഏകനാണെന്നും , ബഹുദൈവാരാധന ശിർക്കാണെന്നും ജനതയെ ബോധ്യപ്പെടുത്തുക. അല്ലാഹുﷻ ന്റെ ദൃഷ്ടാന്തങ്ങൾ ജനങ്ങൾക്ക് വിവരിച്ചു കൊടുക്കുക.
2. അവർക്ക് വേദഗ്രന്ഥം പഠിപ്പിച്ചുകൊടുക്കുക. അല്ലാഹുﷻ വിശുദ്ധ ഖുർആൻ ഇറക്കിക്കൊടുത്തു. നബിﷺ അത് സ്വഹാബികൾക്ക് ഓതിക്കൊടുത്തു. പഠിപ്പിച്ചു. വ്യാഖ്യാനിച്ചുകൊടുത്തു. നന്നായി മനസ്സിലാക്കിക്കൊടുത്തു.
3. അവർക്ക് വിജ്ഞാനവും യുക്തിയും പഠിപ്പിക്കുക. നബിﷺതങ്ങളുടെ ജീവിതം സ്വഹാബത്ത് കണ്ടുപഠിച്ചു. ഉപദേശ നിർദ്ദേശങ്ങളും കൽപനകളും സ്വീകരിച്ചു. മികച്ച പഠനം തന്നെയാണ് നടന്നത്.
4. അവരെ സംസ്കാര സമ്പന്നരാക്കുക. ശുദ്ധമായ മനസ്സിന്റെയും ശരീരത്തിന്റെയും ഉടമകളാക്കുക.
അല്ലാഹുﷻലും അന്ത്യനാളിലുമുള്ള വിശ്വാസം. തന്റെ മനസ്സ് എപ്പോഴും അല്ലാഹുﷻ കണ്ടുകൊണ്ടിരിക്കുന്നു. അല്ലാഹുﷻ തൃപ്തിപ്പെടാത്ത ഒരു ചിന്തയും മനസ്സിൽ വന്നു പോവരുത്. നല്ല മനുസ്സുള്ളവർ നല്ലത് സംസാരിക്കുന്നു. നല്ലത് പ്രവർത്തിക്കുന്നു. നല്ല ചിന്തയും സംസാരവും കർമ്മങ്ങളുമുള്ളവർ അവരാണ് സംസ്കാരമുള്ളവർ. അങ്ങനത്തെ ഒരു സമൂഹത്തെ നബിﷺ വളർത്തിയെടുത്തു.
ഇബ്രാഹീം (അ) നമ്മുടെ പൂർവ്വ പിതാവാകുന്നു. അദ്ദേഹം ഒരു വ്യക്തിയല്ല. പ്രസ്ഥാനം തന്നെയാകുന്നു. അദ്ദേഹം കാണിച്ച ജീവിത പാത വിജയത്തിലേക്കുള്ളതാണ്. ആരും ആ പ്രവാചകനെ അംഗീകരിക്കണം. ആ പ്രവാചകനിൽ നിന്ന് അകന്നുപോവുന്നവർ വിഡ്ഢിയാകുന്നു...
വിശുദ്ധ ഖുർആൻ ചോദിക്കുന്നു : "ആരാണ് ഇബ്രാഹീമിന്റെ മാർഗ്ഗത്തോട് അതൃപ്തി കാണിക്കുക. തന്നെത്തന്നെ ഭോഷനാക്കിയവനല്ലാതെ..? ഇഹത്തിൽ അദ്ദേഹത്തെ നാം (ശുദ്ധനായി ) തിരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹമാവട്ടെ നിശ്ചയമായും സജ്ജനങ്ങളിൽ പെട്ടവനുമാകുന്നു." (2:130)
വിശുദ്ധ ഖുർആൻ അദ്ദേഹത്തെ വാഴ്ത്തുന്നത് നോക്കൂ "അദ്ദേഹത്തോട് തന്റെ രക്ഷിതാവ് നീ കീഴൊതുങ്ങുക (മുസ്ലിമാവുക) എന്ന് പറഞ്ഞപ്പോൾ
അദ്ദേഹം പറഞ്ഞു : ഞാൻ ലോക രക്ഷിതാവിന് കീഴൊതുങ്ങിയിരിക്കുന്നു. (2:131)
ഇബ്രാഹീം (അ) ന്റെ അനുസരണ ശീലത്തെയാണ് സൃഷ്ടാവായ അല്ലാഹുﷻ പ്രശംസിച്ചത്. ഈ അനുസരണ ശീലം തന്റെ മക്കളിലും പേരക്കുട്ടികളിലും ഉണ്ടായിത്തീരണമെന്ന് ഇബ്രാഹീം (അ) ആഗ്രഹിച്ചിരുന്നു. അല്ലാഹുﷻന്റെ അനുസരണയുള്ള മുസ്ലിംകളായി ജീവിക്കണമെന്ന് അവരോട് ഉപദേശിക്കുകയും ചെയ്തു...
ഇസ്മാഈൽ (അ) ജനിച്ച് പതിനാല് വർഷങ്ങൾക്കുശേഷമാണ് ഇസ്ഹാഖ് (അ) ജനിച്ചത്. ഇസ്ഹാഖിന്റെ മകനാണ് യഹ്ഖൂബ് (അ). യഹ്ഖൂബ് (അ) തന്റെ മക്കളോട് പറഞ്ഞിരുന്നതും മുസ്ലിംകളായി ജീവിക്കണമെന്നായിരുന്നു. രണ്ട് പ്രവാചകന്മാരുടെയും വസ്വിയത്ത് വിശുദ്ധ ഖുർആൻ എടുത്തു പറയുന്നത് കാണുക..
"മുസ്ലിംകളായി ജീവിക്കണമെന്ന് ഇബ്രാഹീം തന്റെ മക്കളോട് വസ്വിയത്ത് ചെയ്തു. യഹ്ഖൂബും തന്റെ മക്കളോട് (വസ്വിയത്ത്) ചെയ്തു. എന്റെ മക്കളെ തീർച്ചയായും അല്ലാഹുﷻ നിങ്ങൾക്ക് മതത്തെ തിരഞ്ഞെടുത്തു തന്നിരിക്കുന്നു. അതുകൊണ്ട് മുസ്ലിംകളായിക്കൊണ്ടല്ലാതെ നിങ്ങൾ മരണപ്പെടരുത്." (2:132)
മരണാസന്നമായ സമയത്ത് യഹ്ഖൂബ് (അ) തന്റെ മക്കളോട് ചോദിച്ചു. എനിക്ക് ശേഷം നിങ്ങൾ എന്തിനെയാണ് ആരാധിക്കുക? അവർ ഒട്ടും വൈകാതെ ദൃഢസ്വരത്തിൽ മറുപടി നൽകി. ഞങ്ങൾ നിങ്ങളുടെ നാഥനായ റബ്ബിനെ ആരാധിക്കും. നിങ്ങളുടെ പിതാമഹന്മാരായ ഇബ്രാഹീം, ഇസ്മാഈൽ, ഇസ്ഹാഖ് എന്നിവർ ആരാധിച്ച അല്ലാഹുﷻ നെ ഞങ്ങൾ ആരാധിക്കും. ഞങ്ങൾ മുസ്ലിംകളായി തന്നെ ജീവിക്കും. മക്കളുടെ മറുപടി ആ പിതാവിനെ സന്തോഷിപ്പിച്ചു. മനസ്സമാധാനത്തോടെ മരണം വരിക്കാനും കഴിഞ്ഞു...